മാനന്തവാടി: പൊതു പ്രവർത്തന രംഗത്ത് നിന്നും തുടച്ചുമാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണ് കൊടകര കുഴൽപ്പണക്കേസുമായി ബന്ധമുണ്ടെന്നും വോട്ടുതിരിമറി നടത്തിയെന്നും ആരോപിച്ച് ജനാധിപത്യ രാഷ്ട്രീയ പാർട്ടി ജനറൽസെക്രട്ടറി പ്രകാശൻ മൊറാഴ പ്രസ്താവന നടത്തിയിരിക്കുന്നതെന്ന് സി.കെ ജാനു. ബിജെപിയുമായി ചേർന്ന് വോട്ട് തിരിമറിയോ ഒരുവിധ സാമ്പത്തിക ഇടപാടുകളോ നടത്തിയിട്ടില്ല. ഇതൊക്കെ കെട്ടിച്ചമച്ച ആരോപണങ്ങളാണ്. കൊടകര കുഴൽപ്പണം കേസുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ തനിക്കറിയില്ലെന്നും ജാനു മറുനാടനോട് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് സുൽത്താൻ ബത്തേരി മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥിയും ജെ.ആർ.പി സംസ്ഥാന അധ്യക്ഷയുമായ സി.കെ. ജാനുവിനെതിരെ പാർട്ടി സെക്രട്ടറി ആരോപണമുന്നയിച്ചെത്തിയത്. 25 ലക്ഷം രൂപയുടെ തെരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേട് നടത്തിയെന്നും പ്രകാശൻ മൊറാഴ ആരോപിച്ചിരുന്നു. ഇതിന്റെ ഭാഗമായി മറുനാടനോട് പ്രതികരിക്കുകയായിരുന്നു അവർ.

അടിസ്ഥാന രഹിതമായ ആരോപണങ്ങളെ ശക്തമായി നേരിടും. സാധ്യമായ നിയമ പോരാട്ടം നടത്തി നീതി തേടും. അനാവശ്യ പ്രസ്താവന നടത്തി അപമാനിച്ചതിന് വയനാട് പൊലീസ് മേധാവിക്ക് പരാതി നൽകാനുള്ള ഒരുക്കത്തിലാണ്. പാർട്ടി അധ്യക്ഷയായ എന്നെ പോലും അറിയിക്കാതെ ഒരു വിഭാഗത്തെ കൂട്ടുപിടിച്ച് പ്രകാശൻ കളിക്കുകയാണ്. പ്രകാശൻ മൊറാഴ പാർട്ടിയുടെ ജനറൽ സെക്രട്ടറി അല്ല, വെറും അംഗം മാത്രമാണ്. പാർട്ടിയുടെ സംസ്ഥാന സമിതി യോഗം കൂടിയിട്ടില്ല. പ്രസിഡന്റായ എന്നെ പാർട്ടിയിലെ ഒരു സാധാരണ അംഗം എങ്ങനെയാണ് പുറത്താക്കുക. ജാനു ചോദിക്കുന്നു. കൊടകര കുഴൽപ്പണമിടപാടിൽ യാതൊരു ബന്ധവുമില്ലാത്ത എന്നെ അനാവശ്യമായി വലിച്ചിഴക്കുന്നത് ആരുടെയോ സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടിയാണ്. മനഃപൂർവ്വം മാനം കെടുത്തി പൊതു പ്രവർത്തന രംഗത്ത് നിന്നും മാറ്റി നിർത്താനുള്ള ശ്രമമാണ്. എന്നാൽ അങ്ങനെയൊന്നും പേടിച്ച് രാഷ്ട്രീയ പ്രവർത്തനം നിർത്തില്ല എന്നും ജാനു പറഞ്ഞു.

ജാനുവിനെ ജനാധിപത്യ രാഷ്ട്രീയ പാർട്ടി (ജെ.ആർ.പി) സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയതായും ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തതായും സംസ്ഥാന സെക്രട്ടറി പ്രകാശൻ മോറാഴ അറിയിക്കുകയായിരുന്നു. ഇതിനെതിരെയാണ് ഇപ്പോൾ സി.കെ. ജാനു രംഗത്തെത്തിയിരിക്കുന്നത്. 15,198 വോട്ടുകളാണ് ഇത്തവണ ജാനുവിന് ലഭിച്ചത്. 2016നെ അപേക്ഷിച്ച് 12,722 വോട്ടുകൾ കുറഞ്ഞു. ബിജെപി നേതാക്കളുമായി ചേർന്ന് ജാനു വോട്ടുകച്ചവടവും സാമ്പത്തിക തിരിമറിയും നടത്തിയെന്ന ആരോപണമാണ് ജെ.ആർ.പി സംസ്ഥാന നേതാക്കൾ ഉന്നയിക്കുന്നത്. ഗോത്രമഹാസഭ വിട്ടാണ് ജാനു ജെ.ആർ.പി രൂപവത്കരിച്ചത്.

ജാനുവിനെതിരായ പരാതിയിൽ അന്വേഷണം നടത്താൻ പാർട്ടി കമ്മീഷനെ നിയോഗിച്ചിരുന്നു. കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പുറത്താക്കൽ തീരുമാനമന്ന് ജനാധിപത്യ രാഷ്ട്രീയ പാർട്ടി സംസ്ഥാന സെക്രട്ടറി പ്രകാശൻ മൊറാഴ അറിയിച്ചു. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പാണ് എൻ.ഡി.എ ഘടകകക്ഷിയായ ജനാധിപത്യ രാഷ്ട്രീയ പാർട്ടി കടുത്ത ആരോപണങ്ങളുമായി രംഗത്തെത്തിയത്. തെരഞ്ഞെടുപ്പ് ഫണ്ടിൽ തിരിമറി നടന്നു എന്നതാണ് പ്രധാന ആരോപണം ഉന്നയിച്ചിരുന്നത്.

ബത്തേരിയിൽ ബിജെപി നേതാക്കൾ പ്രചാരണത്തിൽ സഹകരിച്ചില്ല. പ്രചാരണത്തിനെത്തിയ അമിത് ഷായെ പോലും മണ്ഡലത്തിലെ സാഹചര്യങ്ങൾ ധരിപ്പിച്ചില്ല. മണ്ഡലത്തിൽ സി.കെ ജാനുവിന് വോട്ടുകുറയുമെന്നും പാർട്ടി പറഞ്ഞിരുന്നു. ജില്ലാ നേതൃത്വത്തിന്റെ നടപടി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സെക്രട്ടറി പ്രകാശൻ മൊറാഴ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന് പരാതി നൽകുകയും ചെയ്തു. പരാതി തന്റെ അറിവോടെയല്ലെന്ന് സി.കെ ജാനു അന്നു പ്രതികരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ സി.കെ ജാനുവിനെ പുറത്താക്കിയതായി പാർട്ടി നേതാക്കൾ പ്രഖ്യാപിച്ചിരിക്കുന്നത്.