കണ്ണൂർ: ''ഉപ്പു തിന്നവർ ആരായാലും വെള്ളം കുടിക്കും. അത് പ്രകൃതിനിയമമാണ്''- ബിജെപിയെ പ്രതിരോധത്തിലാക്കിയ കൊടകര കുഴൽപ്പണ കേസിൽ ചോദ്യം ഉന്നയിച്ച മാധ്യമ പ്രവർത്തകരോട് മുൻ സംസ്ഥാന പ്രസിഡന്റും ദേശീയ സമിതി അംഗവുമായ സികെ പത്മനാഭന്റെ പ്രതികരണം ഇങ്ങനെ:

പരിസ്ഥിതി മാത്രമല്ല, രാഷ്ട്രീയവും മലീമസമായിരിക്കുകയാണെന്നും പരിസ്ഥിതി ദിനത്തിൽ അദ്ദേഹം പറഞ്ഞു. ഉപ്പു തിന്നവർ ആരാണോ അവർ വെള്ളം കുടിക്കും. അത് പ്രകൃതിനിയമമാണ്. ഈ പരിസ്ഥിതി ദിനത്തിൽ തനിക്ക അത് മാത്രമാണ് പറയാനുള്ളതെന്നും സികെ പത്മനാഭൻ പറഞ്ഞു. അതിനിടെഅന്വേഷണ സംഘം ബിജെപി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ സെക്രട്ടറിയെ ചോദ്യം ചെയ്ത് വരികയാണ്. സുരേന്ദ്രന്റെ ഡ്രൈവറേയും ചോദ്യം ചെയ്യുന്നുണ്ടെന്നാണ് വിവരം.

അതേസമയം കുഴൽപ്പണ വിവാദം കൊഴുക്കുമ്പോൾ ബിജെപിയിൽ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെതിരെ നീക്കം ശക്തമാണ്. കുഴൽപ്പണവും കള്ളപ്പണവും രാജ്യത്തി!!െന്റ സമ്പദ്‌വ്യവസ്ഥ തകർക്കുമെന്ന് ആവർത്തിച്ച് പറയുന്ന പാർട്ടിയിലെ ഉത്തരവാദപ്പെട്ടവർ ദുരൂഹ ഇടപാട് നടത്തി നാണംകെടുത്തിയെന്നാണ് പാർട്ടിക്കുള്ളിലെ വിമർശനം.

കൊടകര കുഴൽപ്പണ സംഭവത്തിൽ ബിജെപിക്ക് ബന്ധമുണ്ടെന്നതും സി.കെ. ജാനുവിന് 10 ലക്ഷം നൽകാമെന്ന സുരേന്ദ്ര!!െന്റ സംഭാഷണവും പൊറുക്കാനാകാത്ത തെറ്റാണെന്ന് ആർ.എസ്.എസും വിലയിരുത്തുന്നു. ഡിജിറ്റലായി മാത്രമാണ് തെരഞ്ഞെടുപ്പിൽ പണം കൈമാറിയതെന്ന കൊടകര സംഭവത്തിൽ സുരേന്ദ്ര!!െന്റ പ്രതികരണം തെറ്റാണെന്ന് തെളിയിക്കുന്നതാണ് പുറത്തുവന്ന ഫോൺ സംഭാഷണം. പ്രമുഖ നേതാക്കളാരും പ്രസിഡന്റിനെ പിന്തുണച്ചിട്ടില്ല.

400 കോടി രൂപയാണ് കേന്ദ്രനേതൃത്വം നിയമസഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തേക്ക് അയച്ചതെന്ന് സംസ്ഥാന ഭാരവാഹികൾതന്നെ സമ്മതിക്കുന്നുണ്ട്. ഇതിൽ 156 കോടി മാത്രമാണ് ചെലവഴിച്ചതെന്ന് കേന്ദ്രനേതൃത്വത്തെ ചില മുതിർന്ന നേതാക്കൾ അറിയിച്ചിട്ടുണ്ട്. ബാക്കി തുകയുടെ കണക്ക് വേണമെന്ന് സംഘ്പരിവാറിലെ മറ്റ് സംഘടനകളും ആവശ്യപ്പെടുന്നുണ്ട്. 35 എ പ്ലസ് മണ്ഡലങ്ങൾക്ക് ആറു കോടി വീതമാണ് കേന്ദ്രനേതൃത്വം വകയിരുത്തിയത്.

കെ. സുരേന്ദ്രന്റെ പക്ഷത്തുള്ള സ്ഥാനാർത്ഥികൾക്ക് ഈ തുക നൽകിയിരുന്നു. സുരേന്ദ്രനുമായി അഭിപ്രായ വ്യത്യാസമുള്ള, സഹഭാരവാഹികളായ സ്ഥാനാർത്ഥികൾക്ക് 2.20 കോടി രൂപ മാത്രമാണ് നൽകിയത്. ബി വിഭാഗം മണ്ഡലങ്ങളിൽ സ്വന്തക്കാർക്ക് ഒന്നരക്കോടിയും എതിർ ഗ്രൂപ്പുകാർക്ക് ഒരു കോടിയും നൽകിയെന്നും വിരുദ്ധപക്ഷം പറയുന്നു. 10 മണ്ഡലങ്ങളിൽ 50 ലക്ഷം വീതവും ബാക്കിയുള്ള ഇടങ്ങളിൽ 25 ലക്ഷം വീതവും നൽകിയെന്നാണ് രഹസ്യ കണക്ക്. എന്നാൽ, തെരഞ്ഞെടുപ്പിൽ പരമാവധി 30 ലക്ഷം രൂപ മാത്രമേ ചെലവഴിക്കാൻ പാടുള്ളൂ.

തെരഞ്ഞെടുപ്പിൽ സാമ്പത്തികകാര്യങ്ങൾ നടത്താൻ പ്രത്യേക സമിതി രൂപവത്കരിക്കാതെ പണം കൈകാര്യം ചെയ്തത് സുരേന്ദ്രനും സംഘടന ജനറൽ സെക്രട്ടറി എം. ഗണേശനും കേന്ദ്രമന്ത്രി വി. മുരളീധരനുമായിരുന്നുവെന്ന് എതിർപക്ഷം ആരോപിക്കുന്നു. ചില നേതാക്കൾ കർണാടകയിലും മഹാരാഷ്ട്രയിലും തെരഞ്ഞെടുപ്പിനുശേഷം കോടികൾ നിക്ഷേപിച്ചതായി ആക്ഷേപമുണ്ട്.