കണ്ണൂർ: ശോഭാ സുരേന്ദ്രനു പിന്നാലെ, നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സര രംഗത്ത് ഉണ്ടാകില്ലെന്ന് വ്യക്തമാക്കി ബിജെപിയുടെ മുൻ സംസ്ഥാന അധ്യക്ഷനും മുതിർന്ന നേതാവുമായ സി.കെ.പത്മനാഭൻ. പാർട്ടിക്ക് വേണ്ടി നിരവധി തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ടെന്നും യുവാക്കൾക്ക് അവസരം ലഭിക്കാൻ വേണ്ടിയാണ് മാറിനിൽക്കുന്നതെന്നുമാണ് സി.കെ പത്മനാഭൻ പ്രതികരിച്ചത്.

ശോഭയ്ക്കുള്ളതു പാർട്ടിയോടുള്ള പരിഭവമാണെങ്കിൽ, മത്സരിക്കാൻ പുതിയ ആളുകൾ വരട്ടെയെന്ന നിലപാടാണു സികെപിയുടെ തീരുമാനത്തിന് പിന്നിൽ. പാർട്ടിയുടെ കോർ കമ്മിറ്റി യോഗത്തിൽ ഇക്കാര്യം അദ്ദേഹം അറിയിച്ചു.

'നിരവധി തെരഞ്ഞെടുപ്പുകളിൽ പാർട്ടിക്കു വേണ്ടി ഞാൻ മത്സരിച്ചിട്ടുണ്ട്. എപ്പോഴും മത്സരിച്ചുകൊണ്ടിരിക്കണം എന്നില്ലല്ലോ. ഇനി യുവാക്കൾ വരട്ടെ. പുതിയതായി പാർട്ടിയിലെത്തിയവരൊക്കെ മത്സരിക്കട്ടെ. ഇക്കാര്യം പാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. തീരുമാനം വ്യക്തിപരമാണ്'. സികെപി പറയുന്നു.

ലോക്‌സഭയിലേക്കും നിയമസഭയിലേക്കുമായി ഒൻപതു തിരഞ്ഞെടുപ്പുകളിൽ ബിജെപിക്കു വേണ്ടി മത്സരിച്ചിട്ടുണ്ട് സി.കെ.പത്മനാഭൻ. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ (2019) കണ്ണൂരിലാണ് ഏറ്റവുമൊടുവിൽ മത്സരിച്ചത്.
സംസ്ഥാന പ്രസിഡന്റായിരിക്കേ 2001ൽ മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. 2016ൽ കുന്നമംഗലത്തു മത്സരിച്ചപ്പോഴും മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. വീണ്ടും കുന്നമംഗലത്തു മത്സരിക്കണമെന്ന ആവശ്യം പ്രവർത്തകർ ഉന്നയിക്കുന്നതിനിടെയാണ് ഇത്തവണ മത്സരിക്കാനില്ലെന്ന പ്രഖ്യാപനം.

എല്ലാവർക്കും സ്വീകാര്യനായ ഒ.രാജഗോപാലിനെ തിരഞ്ഞെടുപ്പു രംഗത്തുനിന്നു മാറ്റിനിർത്തരുതെന്ന അഭ്യർത്ഥനയും സി.കെ.പത്മനാഭൻ മുന്നോട്ടുവയ്ക്കുന്നു. വ്യക്തികൾ സ്ഥാനത്തിനു വേണ്ടി നേതൃത്വത്തിനെതിരെ നടത്തുന്ന വിമർശനം പാർട്ടിക്കു ഗുണകരമല്ലെന്നു ശോഭാ സുരേന്ദ്രനെ പേരെടുത്തു പറയാതെ സികെപി കുറ്റപ്പെടുത്തുന്നു.

കേരളത്തിൽ ആദ്യമായി ബിജെപിക്ക് വേണ്ടി അക്കൗണ്ട് തുറന്നത് ഒ.രാജഗോപാലാണ്. അദ്ദേഹം ഈ തെരഞ്ഞെടുപ്പു രംഗത്തും പാർട്ടിക്ക് അനിവാര്യനാണ്. മത്സരിക്കാനില്ലെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. പാർട്ടി പറഞ്ഞാൽ മത്സരിക്കും. ഈ പ്രായത്തിലും ചുറുചുറുക്കോടെ പ്രവർത്തിക്കുന്നയാളാണ്. അദ്ദേഹത്തിനുള്ള സ്വീകാര്യത എല്ലാ തലങ്ങളിലുമുള്ളതാണ്. അതു പ്രയോജനപ്പെടുത്തണ'മെന്നും സി.കെ പത്മനാഭൻ പറഞ്ഞു.

എല്ലാക്കാലത്തും താൻ പാർട്ടിയിൽ വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ടെന്നും മുതിർന്ന നേതാക്കളെ പരിഗണിക്കുന്നില്ലെന്ന വിമർശനവും അടുത്തിടെ ഉന്നയിച്ചിരുന്നെന്നും പാർട്ടിയുടെ നന്മയ്ക്ക് വേണ്ടിയാണ് അത്തരം വിമർശനങ്ങൾ എന്നും പത്മനാഭൻ പറഞ്ഞു.

വിമർശിച്ചതിന്റെ പേരിൽ എന്നോട് ആർക്കും വിദ്വേഷമുണ്ടായിട്ടില്ല. എന്നാൽ വ്യക്തികൾ സ്ഥാനങ്ങൾ ലഭിക്കാത്തതിന്റെ പേരിൽ നടത്തുന്ന വിമർശനം പോസിറ്റീവായി കാണാൻ കഴിയില്ല. അതു പാർട്ടിക്കു ഗുണകരമല്ല. അടുത്തിടെയുണ്ടായ വിവാദം അങ്ങനെയൊന്നാണ്.

എന്നാൽ മാധ്യമങ്ങൾ ചർച്ച ചെയ്തതല്ലാതെ പാർട്ടിയുടെ ഒരു വേദിയിലും അതൊരു ചർച്ചയേ ആയിട്ടില്ലെന്നതാണു കൗതുകകരം. ഒരുപാടു ചുമതലകൾ ഏറ്റെടുത്തു മുന്നോട്ടുപോകുന്നതിനിടയിൽ മറ്റു വിഷയങ്ങളിലേക്കു പോകാൻ ഇപ്പോൾ പാർട്ടിക്കു സമയമില്ല, സി.കെ പത്മനാഭൻ പറഞ്ഞു.

കെ.സുരേന്ദ്രന്റെ നേതൃത്വത്തിൽ പാർട്ടി നന്നായി ശക്തിപ്പെട്ടു പോകുന്നുണ്ട്. കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണ അതിൽ വലിയൊരു ഘടകമാണ്. മാറ്റം ആഗ്രഹിക്കുന്ന ജനങ്ങളുടെ പിന്തുണ ഇപ്പോൾ ധാരാളമായി ബിജെപിക്കു ലഭിക്കുന്നു.

മുൻപൊക്കെ കേരളത്തിൽ ബിജെപിയുമായി പല ആളുകളും ബന്ധപ്പെടുന്നത് രഹസ്യമായിരുന്നു. മതന്യൂനപക്ഷങ്ങൾക്കു രാഷ്ട്രീയ സ്വാധീനമുള്ള കേരളത്തിൽ, ബിജെപിയുമായുള്ള സൗഹൃദത്തിലൂടെ അവരെ പിണക്കാൻ ആരും ആഗ്രഹിച്ചിരുന്നില്ല. ഇപ്പോൾ സ്ഥിതി മാറി. ആഭിമുഖ്യമുള്ളവരെല്ലാം തന്നെ ബിജെപി ബന്ധം പരസ്യമാക്കുന്നുവെന്നു മാത്രമല്ല, അതിലുള്ള അഭിമാനം പങ്കുവയ്ക്കുകയും ചെയ്യുന്നു. അതു മലയാളികളുടെ മനഃശാസ്ത്രത്തിലുണ്ടായ മാറ്റം കൂടിയാണെന്നും പത്മനാഭൻ അഭിമുഖത്തിൽ പറഞ്ഞു.

തുടർച്ചയായി രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ഇന്ന് ബിജെപി. പുതിയതായി പാർട്ടിയിലേക്കു വരുന്നവരുടെ ആകർഷണീയത അതു കൂടിയാണ്. പ്രത്യയശാസ്ത്രപരമായി അവർ എത്രമാത്രം ബിജെപിയെ മനസ്സിലാക്കുന്നു എന്നറിയില്ല. ഈ മാറ്റം ഗുണകരമാണോയെന്നു കാലം തെളിയിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.