- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച സി എം രവീന്ദ്രനെ ഇന്ന് ഡിസ്ചാർജ് ചെയ്യും; ഒരാഴ്ച വിശ്രമത്തിന് നിർദേശിച്ച് മെഡിക്കൽ ബോർഡ്; അസുഖം ഭേദമാകുമ്പോൾ രവീന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് പ്രതീക്ഷയെന്ന് എ വിജയരാഘവൻ; രവീന്ദ്രൻ ആശുപത്രിയിൽ വിശ്രമിക്കട്ടെ, ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിപ്പിച്ചു തെളിവു ശേഖരിക്കാൻ ഇഡിയുടെ നീക്കവും
തിരുവനന്തപുരം: കൊവിഡാനന്തര ചികിത്സയുടെ പേരിൽ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ഇന്ന് ഡിസ്ചാർജ് ചെയ്യും. മെഡിക്കൽ ബോർഡാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്. അതേസമയം രവീന്ദ്രൻ കോവിഡ് അനന്തര ചികിത്സ വീട്ടിൽ തുടരണം എന്നുമാണ് ബോർഡ് നിർദേശിച്ചിരിക്കുന്നത്. രവീന്ദ്രന് ഒരാഴ്ച വിശ്രമം വേണമെന്നാണ് മെഡിക്കൽ ബോർഡ് നിർദ്ദേശിച്ചിരിക്കുന്നത്.
ഒരാഴ്ച്ചത്തെ വിശ്രമത്തിന് ശേഷം രവീന്ദ്രനെ ചോദ്യം ചെയ്യാനാണ് എൻഫോഴ്സ്മെന്റ് ഒരുങ്ങുന്നത്. അസുഖം മാറിയ ശേഷം രവീന്ദ്രൻ ഇഡിക്ക് മുന്നിൽ ഹാജരാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനും പ്രതികരിച്ചു. സ്വർണക്കടത്ത് കേസിലും ഇതുമായി ബന്ധപ്പെട്ട ബിനാമി, കള്ളപ്പണ ഇടപാടുകളുള്ള മറ്റ് കേസുകളിലും ചോദ്യം ചെയ്യാൻ ഇ.ഡി രവീന്ദ്രന് നോട്ടീസ് നൽകിയിരുന്നു.
നവംബർ 6ന് ആയിരുന്നു ആദ്യം നോട്ടീസ് നൽകിയത്. എന്നാൽ കോവിഡ് ബാധിച്ച് ഇതിനു തലേനാൾ രവീന്ദ്രൻ ആശുപത്രിയിൽ അഡ്മിറ്റായി. തുടർന്ന് രോഗമുക്തി നേടി ക്വാറന്റൈനിലായിരുന്നപ്പോൾ വീണ്ടും നോട്ടീസ് നൽകി. പക്ഷെ ശ്വാസ തടസമുണ്ടെന്ന് കാട്ടി രവീന്ദ്രൻ വീണ്ടും മെഡിക്കൽ കോളേജിൽ അഡ്മിറ്റായി. തുടർന്ന് നവംബർ 10ന് മൂന്നാമത് ഹാജരാകാൻ നോട്ടീസ് നൽകിയെങ്കിലും മൂന്നാമതും കോവിഡ് അസ്വസ്ഥതകളെ തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സ തേടി.
എന്നാൽ നോട്ടീസ് ലഭിക്കുമ്പോഴെല്ലാം രവീന്ദ്രൻ ചികിത്സ തേടുന്നതിൽ അസ്വാഭാവികതയുണ്ടെന്ന് ഇ.ഡി സംശയിക്കുന്നു. മുൻപ് ശിവശങ്കർ ആയുർവേദ ചികിത്സയിലായിരിക്കെ അറസ്റ്റ് ചെയ്യുന്നത് നാല് ദിവസം ഹൈക്കോടതി തടഞ്ഞപ്പോൾ ഉടൻ ഡിസ്ചാർജായത് ഇ.ഡി സംശയ കാരണമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. തലവേദനയും ശരീരവേദനയും കാരണം ആശുപത്രിയിൽ മൂന്നാമതും ചികിത്സ തേടിയ ബുധനാഴ്ച ചോദ്യം ചെയ്യലിന് സാവകാശം തേടി രവീന്ദ്രൻ ഇ.ഡിക്ക് കത്ത് നൽകിയിരുന്നു.
അതേസമയം സി എം രവീന്ദ്രന് വേണ്ടി കാത്തിരിക്കാൻ ഇഡി തീരുമാനിച്ചിരിക്കുന്നത്. രവീന്ദ്രനെ ചോദ്യം ചെയ്യാൻ മുന്നിൽ കിട്ടുന്നതിന് മുൻപേ കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥർ ഈ സമയം വിനിയോഗിക്കുക. ആദ്യഘട്ടത്തിൽ ചോദ്യം ചെയ്യാൻ നോട്ടീസ് ലഭിച്ച രവീന്ദ്രൻ കോവിഡ് ബാധിതനെന്ന് ചൂണ്ടിക്കാട്ടിയാണ് ചോദ്യം ചെയ്യലിന് എത്താതിരുന്നത്. ചോദ്യം ചെയ്യലിന് വിളിക്കുമ്പോൾ ആശുപത്രിയിൽ അഭയം തേടുന്ന അടവ് നയം ഇഡിക്ക് ചിരപരിചിതമാണ്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറും ഇതേ അടവാണ് പ്രയോഗിച്ചത്. എന്നാൽ ഇതിനെ പ്രതിരോധിക്കുവാൻ ഇഡി വർഷങ്ങളായി പയറ്റുന്ന തന്ത്രമുണ്ട്. ചികിത്സിക്കുന്ന ഡോക്ടർമാരോട് റിപ്പോർട്ട് ആവശ്യപ്പെടുകയാണ് ഇതിന്റെ ആദ്യ ഘട്ടം.
ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്ലെങ്കിൽ ആശുപത്രിയിൽ നിന്ന് കസ്റ്റഡിയിലെടുക്കാനും അവിടെ വച്ച് മൊഴിയെടുക്കാനും ആവും. വ്യാജ രോഗത്തിന്റെ പേരിൽ ചികിത്സനൽകിയാൽ ഡോക്ടർമാരും കേസിൽ പെടും. ഇതിനാൽ തന്നെ ഇഡിക്കെതിരെ കളവ് ചമയ്ക്കുവാൻ ഡോക്ടർമാർ സാഹസപ്പെടാറില്ല. അതുകൊണ്ട് കൂടിയാണ് ഇപ്പോൾ രവീന്ദ്രനെ ഡിസ്ചാർജ്ജ് ചെയ്തിരിക്കുന്നത്. എന്നാൽ രവീന്ദ്രനെ സംബന്ധിച്ചിടത്തോളം കാത്തിരിക്കാമെന്ന നിലപാടിലേക്ക് ഇഡി പോകുമ്പോൾ അദ്ദേഹത്തിനെതിരെ തെളിവുശേഖരണവും രഹസ്യാന്വേഷണവും സമാന്തരമായി നടക്കുന്നു. ആരോഗ്യ ശ്രീമാനായി ഇഡി നീട്ടുന്ന കസേരയിൽ ഒരുനാൾ ഇരിക്കുമ്പോൾ രവീന്ദ്രൻ കൂടുതൽ വിയർക്കേണ്ടിവരും എന്ന് അർത്ഥം.
മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനിലൂടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ലക്ഷ്യം വെക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് തന്നെയാണ്. എൻഫോഴ്സ്മെന്റ് അന്വേഷണത്തിൽ നിന്നും ഒളിച്ചു കളിക്കുന്ന സിഎം രവീന്ദ്രനെ കുരുക്കാൻ തന്നെയാണ് ഇഡിയുടെ തുടർന്നുള്ള നീക്കങ്ങൾ. നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രൻ പൂർണ ആരോഗ്യം കൈവരിച്ച ശേഷം ചോദ്യം ചെയ്യാമെന്ന നിലപാടിലേക്ക് ഇഡി മാറിയതിന് പിന്നിലും വിവരം കൂടുതൽ ശേഖരിക്കാം എന്ന ഉദ്ദേശ്യമാണ്. പ്രതികളുടെയും സാക്ഷികളുടെയും ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട തെളിവുശേഖരണവും രഹസ്യാന്വേഷണവും സമാന്തരമായി നടക്കുന്നുണ്ട്. രവീന്ദ്രന്റെ ചില ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം 6, 27, ഈമാസം 10 എന്നീ തീയതികളിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ രവീന്ദ്രന് ഇഡി നോട്ടിസ് നൽകിയിരുന്നു. കോവിഡ് ബാധയും അനുബന്ധ അസ്വസ്ഥതകളും ചൂണ്ടിക്കാട്ടുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിച്ച രവീന്ദ്രൻ 3 തവണയും ഹാജരായില്ല. രോഗാവസ്ഥയിൽ രവീന്ദ്രന്റെ മൊഴിയെടുക്കേണ്ട സാഹചര്യം നിലവിലില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ എം.ശിവശങ്കറിനെതിരെ സമയബന്ധിതമായി അന്തിമ റിപ്പോർട്ട് സമർപ്പിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ചോദ്യം ചെയ്യലിനു ശേഷം ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ രവീന്ദ്രനെ പ്രതി ചേർക്കേണ്ടിവന്നാൽ അനുബന്ധ റിപ്പോർട്ട് സമർപ്പിച്ചാൽ മതിയെന്നാണ് ഇഡിക്കു ലഭിച്ച നിയമോപദേശം. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ രവീന്ദ്രൻ കേസിലെ സാക്ഷിയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ