തിരുവനന്തപുരം: ഒരേസമയം സോഷ്യലിസം പ്രസംഗിക്കുകയും അതേസമയം കടുത്ത തൊഴിലാളി വിരുദ്ധ സമീപനം സ്വീകരിക്കുകയും ചെയ്തുപോന്ന മാതൃഭൂമി മാനേജിങ് എഡിറ്റർ എം പി വീരേന്ദ്രകുമാറിന്റെ അഹങ്കാരത്തിന് കനത്ത തിരിച്ചടി നൽകി മാദ്ധ്യമപ്രവർത്തകർ. കേരളാ പത്രപ്രവർത്തക യൂണിയനിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മാതൃഭൂമി വിരുദ്ധ വികാരം ആഞ്ഞടിച്ചപ്പോൾ അകാരണമായി മാതൃഭൂമിയിൽ നിന്നും പുറത്താക്കപ്പെട്ട മാദ്ധ്യമപ്രവർത്തകൻ സി നാരായണൻ മൃഗീയ ഭൂരിപക്ഷത്തിൽ വിജയിച്ചു. കെയുഡബ്ല്യുജെയും ജനറൽ സെക്രട്ടറിയായാണ് നാരായണൻ വിജയിച്ചത്. ദേശാഭിമാനി-മാദ്ധ്യമം പാനലിൽ വിജയിച്ച് സി നാരായണന് ആയിരത്തോളം വോട്ടുകൾ ലഭിച്ചപ്പോൾ നിലവിലെ ജനറൽ സെക്രട്ടറിയായിരുന്ന എൻ പത്മനാഭൻ പരാജയപ്പെട്ടു. അറുനൂറോളം വോട്ടുകൾ മാത്രമാണ് പത്മനാഭന് ലഭിച്ചത്.

യൂണിയൻ പ്രസിഡന്റായി മാദ്ധ്യമം ദിനപത്രത്തിലെ പി എ ഗഫൂറും വിജയിച്ചു. തെരഞ്ഞെടുപ്പിൽ ദേശാഭിമാനി പാനൽ വൻ വിജയമാണ് നേടിയത്. യൂണിയൻ സംസ്ഥാന ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ട് മിക്കവരും ദേശാഭിമാനി പാനലിൽ വിജയിച്ചവരാണ്. നേരത്തെ സി നാരായണൻ വിജയിക്കുമെന്ന ഘട്ടത്തിൽ മാതൃഭൂമിയിലെ മാദ്ധ്യമപ്രവർത്തകർക്ക് വോട്ടു ചെയ്യുന്നതിന് വീരേന്ദ്രകുമാർ വിലക്കേർപ്പെടുത്തിയിരുന്നു. ഇത് കൂടാതെ നാരായണനെ തോൽപ്പിക്കാൻ വേണ്ടിയുള്ള ശ്രമങ്ങളും പത്രമുതലാളി നടത്തിയിരുന്നു. എന്നാൽ ഈ എതിർപ്പ് അവഗണിച്ചും പത്രത്തിലെ പത്തിലേറെ പേർ വോട്ടു ചെയ്തിരുന്നു. ഇപ്പോഴത്തെ വിജയത്തോടെ പത്രപ്രവർത്തകരുടെ ആത്മവീര്യം ഉയർത്താൻ സാധിച്ചെന്നാണ് പൊതുവിലയിരുത്തൽ.

മാതൃഭൂമി മാനേജ്‌മെന്റിന്റെ നെറികേടുകളെ ചോദ്യം ചെയ്തതിന് പുറത്താക്കപ്പെട്ട ചീഫ് റിപ്പോർട്ടർ സി നാരായണൻ ജനറൽ സെക്രട്ടറി പോസ്റ്റിലേക്കാണ് മത്സരിച്ചത്. മാതൃഭൂമി ജീവനക്കാരെ വോട്ട് ചെയ്യൻ അനുവദിച്ചാൽ അവർ നാരായണന് വോട്ട് ചെയ്യുമോ എന്നായിരുന്നു വീരന്റെയും മാനേജ്‌മെന്റിന്റെയും ഭയം. ഇത് കാരണമായിരുന്നു ജീവനക്കാരെ വോട്ട് ചെയ്യന്നതിൽ നിന്ന് വിലക്കിയത്. നാരായണൻ വിജയിക്കണമെന്ന് ഭൂരിഭാഗം മാതൃഭൂമി ജീവനക്കാരും ആഗ്രഹിച്ചിരുന്നെങ്കിലും പേടി കാരണം അവരാരും വോട്ട് ചെയ്യൻ എത്തിയരുന്നുല്ല. പക്ഷെ ഇടത് സംഘടനയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന മാദ്ധ്യമ പ്രവർത്തകൻ ഉൾപ്പെടെ അഞ്ചു പേർ കോഴിക്കോട്ട് വോട്ട് രേഖപ്പെടുത്തി മാനേജ്‌മെന്റ് നയങ്ങളോട് പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു.

തെരഞ്ഞെടുപ്പിൽ ദേശാഭിമാനി, മാദ്ധ്യമം എന്നീ പത്രങ്ങൾ ചേർന്നാണ് പാനൽ തയ്യറാക്കി മത്സരിച്ചത്. മീഡിയാ വൺ, സിറാജ്, സുപ്രഭാതം,മംഗളം, മെട്രോ വാർത്ത, തേജസ് ഉൾപ്പെടെയുള്ള മാദ്ധ്യമങ്ങളുടെ പിന്തുണയും ഈ പാനലിനായിരുന്നു. കെയുഡബ്ല്യൂജെയുടെ ജനറൽ സെക്രട്ടറിയായിരുന്നു എൻ പത്മനാഭന്റെ നേതൃത്വത്തിലേക്ക് നാരായണനെ പുറത്താക്കിയതിനെതിരെ മാതൃഭൂമിയിലേക്ക് മാർച്ച് സംഘടിപ്പിച്ചിരുന്നു. എന്നാൽ ഈ വിഷയത്തിൽ പത്മനാഭന്റെ ഇടപടെലുകളിൽ സംശയം ഉന്നയിച്ചാണ് നാരായണൻ മത്സരത്തിന് ഇറങ്ങിയത്.

സി നാരായണന്റെ കാര്യത്തിൽ പത്രപ്രവർത്തക യൂണിയൻ ഇരട്ടത്താപ്പ് നയം സ്വീകരിച്ചുവെന്ന ആക്ഷേപം നേരത്തെ ഉയർന്നിരുന്നു. ഈ വികാരാമാണ് എൻ പത്മനാഭന് തിരിച്ചടിയായത്. മജീദിയ വേജ്‌ബോർഡ് ശുപാർശ അനുസരിച്ച് ശമ്പളം നല്കണമെന്ന് ആവശ്യപ്പെട്ടു മാതൃഭൂമിയിൽ സമരം നടത്തിയതിനും പിന്നീട് നിസാരമായ എന്തോ അച്ചടക്കലംഘനത്തിന്റെ പേരിലുമാണ്് നാരായണനെ പുറത്താക്കിയത്. ഇവിടെ പത്മനാഭന്റെ നേതൃത്വത്തിൽ ഒത്തുകളിച്ചുവെന്നാണ് ആരോപണം.

അമൃതാ ടിവി, ടിവി ന്യൂ, ഇന്ത്യാവിഷൻ, ജീവൻ ടിവി എന്നി സ്ഥാപനങ്ങളിലെ പ്രശ്‌നം ഉടൻ പരിഹരിക്കാമെന്ന് പറഞ്ഞ് മാദ്ധ്യമ പ്രവർത്തകരെ വഞ്ചിച്ചെന്ന ആക്ഷേപവും ഉയർന്നിരുന്നു. ഇതെല്ലാമാണ് പത്മനാഭവ് വീണ്ടും ജനറൽ സെക്രട്ടറി കസേരയിൽ എത്തുന്നതിന് തടസമായി നിന്നത്.