- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവിതാംകൂർ ദേവസ്വത്തിലെ അഴിമതികൾ കണ്ടെത്തിയ വിജിലൻസ് എസ് പി; ജില്ലാ ജ്ഡജിയും കുമ്മനവും തിരുവിതാംകൂർ രാജകുടുംബത്തിന്റെ നിർദ്ദേശം അംഗീകരിച്ചത് നിർണ്ണായകമായി; മുൻ എസ് പിയെ നിയമിക്കുന്നത് നിലവറയിലെ സ്വത്ത് സംരക്ഷിക്കുന്നതിനുള്ള കൂട്ടായ തീരുമാനം; ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തെ നയിക്കാൻ സിപി ഗോപകുമാർ എത്തുമ്പോൾ
തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ പുതിയ സിഇഒയായി മുൻ എസ് പി സിപി ഗോപകുമാറിനെ നിയമിച്ചു. 62 പേരെ അഭിമുഖം നടത്തിയാണ് നിയമനം. ഇതിൽ ഐഎഎസുകാരും ഐപിഎസുകാരും ബിസിനസ്സുകാരും ഉൾപ്പെട്ടിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പ്രവർത്തന മികവാണ് ഇവരെ പിന്തള്ളി സിഇഒയാകാൻ ഗോപകുമാറിന് കരുത്തായത്.
തിരുവിതാംകൂർ ദേവസ്വംബോർഡിലെ മുൻ വിജിലൻസ് എസ്പിയാണ് ഗോപകുമാർ. ഈ കാലഘട്ടത്തിലാണ് പലവിധ അഴിമതികൾ കണ്ടെത്തിയത്. എസ് പി ഗോപകുമാറും സിഐ പ്രശാന്തും ചേർന്ന് നടത്തിയ നീക്കമാണ് അഴിമതിയിൽ നിന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിനെ രക്ഷിച്ചത്. ഇത് മുഖവിലയ്ക്കെടുത്താണ് ഗോപകുമാറിനെ സിഇഒയാക്കാനുള്ള തീരുമാനം. മംഗളം പത്രത്തിൽ ജയചന്ദ്രനാണ് (എസ് നാരായണൻ) ഈ നിയമന വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തിരുവിതാംകൂർ രാജകുടുംബത്തിന്റെ നിലപാടാണ് ഗോപകുമാറിന് തുണയായത്.
മുൻ മന്ത്രി വി എസ് ശിവകുമാറിന്റെ അനുജനും തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറിയായിരുന്ന വി എസ് ജയകുമാർ അടക്കമുള്ളവർ സിഇയാകാൻ രംഗത്തുണ്ടായിരുന്നു. ഒരു ഘട്ടത്തിൽ മുതിർന്ന ഐഎഎസ് ഓഫീസർ കെ ജയകുമാറിനെ സിഇഒയാക്കുന്നതും പരിഗണനയിലുണ്ടായിരുന്നു. എന്നാൽ അദ്ദേഹം പിന്മാറി. ഇതോടെയാണ് സിഇഒയെ നിയമിക്കാനുള്ള നടപടി തുടങ്ങിയത്. 62 പേർ അപേക്ഷ അയച്ചു. ഇതിൽ നിന്നാണ് മുൻ എസ് പിയെ സിഇഒയായി നിയമിക്കുന്നത്.
അഴിമതിക്കെതിരെ ക്ഷേത്രങ്ങളിൽ ഇടപെടൽ നടത്തി. ഗോപകുമാറിന് തുണയായി ജില്ലാ ജഡ്ജിയുടെ മനസ്സും മാറി. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നടത്തിപ്പ് കാര്യങ്ങളിൽ രാജകുടുംബത്തിന് അവകാശമുണ്ടെന്ന വാദം സുപ്രീം കോടതി അംഗീകരിച്ചതാണ് അതിനിർണ്ണായകമായത്.
ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും മിസോറം മുൻ ഗവർണറുമായ കുമ്മനം രാജശേഖരനെയും പത്മനാഭ സ്വാമി ക്ഷേത്ര ഭരണസമിതിയിലെ കേന്ദ്ര സർക്കാർ പ്രതിനിധിയായി നിയമിച്ചിരുന്നു. തിരുവനന്തപുരം ജില്ലാ ജഡ്ജി അധ്യക്ഷനായ അഞ്ചംഗ ഭരണസമിതിയിൽ കേന്ദ്രസർക്കാർ പ്രതിനിധിക്ക് പുറമേ ട്രസ്റ്റി നോമിനി, മുഖ്യതന്ത്രി, സംസ്ഥാന സർക്കാർ നോമിനി എന്നിവരും അംഗങ്ങളാണ്. അതുകൊണ്ട് തന്നെ രാജകുടുംബത്തിന് തീരുമാനങ്ങളിൽ നിർണ്ണായക സ്വാധീനമുണ്ട്. കുമ്മനവും ഗോപകുമാറിനെ നിയമിക്കാനുള്ള രാജകുടുംബത്തിന്റെ തീരുമാനത്തെ അനുകൂലിച്ചു.
ക്ഷേത്രഭരണത്തിൽ രാജകുടുംബത്തിന് അവകാശമില്ലെന്ന കേരള ഹൈക്കോടതി വിധി തെറ്റാണെന്ന് ചൂണ്ടിക്കാട്ടി രാജകുടുംബം നൽകിയ അപ്പീൽ സുപ്രീം കോടതി അംഗീകരിച്ചത്. തിരുവിതാംകൂറിലെ അവസാനത്തെ രാജാവിന് ശേഷമുള്ള ഭരണാധികാരി സംസ്ഥാന സർക്കാരാണെന്നും ക്ഷേത്രം രാജാവിന്റെ അനന്തരാവകാശിക്ക് കൈമാറാൻ വ്യവസ്ഥയില്ലാത്തതിനാൽ അത് സർക്കാരിൽ നിക്ഷിപ്തമാകുമെന്നുമാണ് 2011 ജനുവരിയിൽ ഹൈക്കോടതി പുറപ്പെടുവിച്ച വിധിയിൽ വ്യക്തമാക്കിയിരുന്നത്. ക്ഷേത്രത്തിലെ വിവിധ നിലവറകളിൽ ഉള്ള അമൂല്യനിധികളുടെ കണക്ക് എടുക്കാനും ജസ്റ്റിസുമാരായ സി.എൻ.രാമചന്ദ്രനും കെ.സുരേന്ദ്ര മോഹനും അടങ്ങുന്ന ഹൈക്കോടതി ബെഞ്ച് നിർദ്ദേശിച്ചിരുന്നു.
ക്ഷേത്രഭരണത്തിൽ രാജകുടുംബത്തിന് അവകാശമില്ലെന്ന കേരള ഹൈക്കോടതി വിധി തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവിതാംകൂർ രാജകുടുംബം സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തത്. ക്ഷേത്രത്തിന്റെ സ്വത്തിൽ ഒരു അവകാശവും തിരുവിതാംകൂർ രാജകുടുംബം ഉന്നയിക്കുന്നില്ല. എന്നാൽ പ്രത്യേകതകളുള്ള ക്ഷേത്രമാണ്. ക്ഷേത്രത്തിന്റെ ആസ്തിയും സ്വത്തും പ്രതിഷ്ഠക്ക് (വിഗ്രഹത്തിന്) അവകാശപ്പെട്ടതാണ്. അത് നോക്കിനടത്താനുള്ള ഭരണപരമായ അവകാശമാണ് രാജകുടുംബം കോടതിയിൽ ആവശ്യപ്പെട്ടത്.
പത്മനാഭസ്വാമി ക്ഷേത്രം സ്വകാര്യ ക്ഷേത്രമാണ് എന്ന നിലപാടാണ് രാജകുടുംബം കേരള ഹൈക്കോടതിയിൽ സ്വീകരിച്ചിരുന്നത്. എന്നാൽ സുപ്രീം കോടതിയിൽ അപ്പീൽ നൽകുമ്പോൾ രാജകുടുംബം ഈ നിലപാട് തിരുത്തി. പൊതുക്ഷേത്രം ആണെന്ന നിലപാടിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് സുപ്രീം കോടതി രാജകുടുംബത്തിന്റെ ഹർജികൾ കേൾക്കാൻ തീരുമാനിച്ചത്.
മറുനാടന് മലയാളി ബ്യൂറോ