- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ പ്രതിരോധത്തിലാകുന്ന ഘട്ടത്തിലെല്ലാം മാവോയിസ്റ്റുകളെ കൊലപ്പെടുത്തുന്നു; സർക്കാരിനെതിരെ വൈത്തിരിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് സി പി ജലീലിന്റെ സഹോദരൻ
കൽപ്പറ്റ: വയനാട്ടിൽ പൊലീസ് ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് കൊല്ലപ്പെട്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ പൊലീസിനും സർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി വൈത്തിരിയിൽ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സി.പി ജലീലിന്റെ സഹോദരനുമായ സി.പി റഷീദ്.
തന്റെ സഹോദരന്റെ കൊലപാതകത്തിന് സമാനമായ ഒരു സംഭവം തന്നെയാണ് ഇപ്പോഴും ഉണ്ടായിരിക്കുന്നതെന്നും രാഷ്ട്രീയമായ പ്രതിസന്ധിയുണ്ടാകുന്ന ഘട്ടത്തിൽ മാവോയിസ്റ്റുകളെ വളഞ്ഞിട്ട് ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്ന തന്ത്രമാണ് സർക്കാർ ആവിഷ്ക്കരിക്കുന്നതെന്നും സി.പി റഷീദ് പറഞ്ഞു.
'മാവോയിസ്റ്റായ ഒരാൾ കൊല്ലപ്പെട്ടു എന്ന് പറയുന്നു. അയാളുടെ പേര് പോലും ഇപ്പോൾ വെളിപ്പെടുത്തിയിട്ടില്ല. ഇത് എന്റെ അനുജൻ സി.പി ജലീലിന്റെ കൊലപാതകത്തിന് സമാനമായ സംഭവമാണ്. അന്ന് രാത്രി മുഴുവൻ വെടിവെപ്പുണ്ടായി. പകലും വെടിവെപ്പുണ്ടായി. പിന്നീട് എത്രയോ മണിക്കൂർ കഴിഞ്ഞാണ് ആൾ ആരാണ് എന്ന് പോലും പറഞ്ഞത്. അനാഥ മൃതദേഹമായി അവിടെ മണിക്കൂറുകളോളം മൃതദേഹം കിടന്നു.
ഒടുവിൽ ഫോറൻസിക് റിപ്പോർട്ട് വന്നപ്പോൾ എന്താണ് ഉണ്ടായത്. സി.പി ജലീൽ വെടിയുതിർത്തിട്ടില്ല എന്നാണ് റിപ്പോർട്ടിൽ വ്യക്തമായത്. എഫ്.ഐ.ആറിൽ വന്നത് മാവോയിസ്റ്റുകൾ നേരിട്ട് വെടിയുതിർത്തെന്നും സുരക്ഷ മുൻനിർത്തി വെടിവെക്കേണ്ടി വന്നു എന്നുമാണ്. എന്നാൽ മാവോയിസ്റ്റുകൾ വെടിയുതിർത്തില്ലെന്നും അവർ തോക്ക് ഉപയോഗിച്ചില്ലെന്നും ഫോറൻസിക് റിപ്പോർട്ട് വന്നില്ലേ. കേരള സർക്കാർ ഇപ്പോൾ ചെയ്യുന്നത് പൊളിറ്റിക്കലായ ഒരു ക്രൈസിസ് ഉണ്ടാകുമ്പോൾ മാവോയിസ്റ്റുകളെ വളഞ്ഞിട്ട് ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്ന തന്ത്രം ആവിഷ്ക്കരിക്കുകയാണ്.
വാളയാർ സംഭവം അതിരൂക്ഷമായി കത്തി നിന്നപ്പോഴാണ് മഞ്ചിക്കണ്ടിയിൽ വെടിവെപ്പ് ഉണ്ടാകുന്നത്. ഇപ്പോൾ ശിവശങ്കറും കോടിയേരിയുടെ മകനും തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് നാണംകെട്ട് നിൽക്കുമ്പോൾ സിപിഐ.എം ഈ തരത്തിലുള്ള ഭീകരവാദ പ്രവർത്തനങ്ങൾ ഇവിടെ ശക്തിപ്പെടുന്നു എന്ന് കാണിക്കാനുള്ള നാടകം കളിക്കുകയാണ്. ഞങ്ങൾ എന്തും ചെയ്യും നിങ്ങളാരാ ചോദിക്കാൻ എന്ന് കേരളത്തിലെ ജനാധിപത്യ സമൂഹത്തെ വെല്ലുവിളിക്കുകയാണ് സർക്കാർ. അതിന്റെ രക്തസാക്ഷിയാണ് പടിഞ്ഞാറയിൽ ഉണ്ടായിരിക്കുന്നത് എന്ന് തിരിച്ചറിയണമെന്നും ജലീൽ പറഞ്ഞു.