പട്ടാമ്പി: പട്ടാമ്പി മണ്ഡലത്തിലെ സിറ്റിങ് എംഎൽഎയും യുഡിഎഫ് സ്ഥാനാർത്ഥിയുമായ കോൺഗ്രസിലെ സി പി മുഹമ്മദ് വോട്ടർക്ക് പണം കൊടുത്തു സ്വാധീനിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്. സോഷ്യൽ മീഡിയയിലൂടെ ഇടതു പ്രവർത്തകർ പുറത്തുവിട്ട വീഡിയോ സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും ഫേസ്‌ബുക്കിലൂടെ പുറത്തുവിട്ടു.

പട്ടാമ്പി വിളയൂരിലെ ഒരു വീട്ടിൽ വോട്ട് ചോദിക്കാനെത്തിയാണ് സി പി മുഹമ്മദ് ഗൃഹനാഥയ്ക്കു കൈയിൽ എന്തോ വച്ചു നൽകുന്നത്. വീട്ടിൽ സുഖമില്ലാതെ കഴിയുന്നയാളുടെ കാര്യം പറഞ്ഞപ്പോൾ അതെല്ലാം ശരിയാക്കാമെന്ന മറുപടി നൽകുന്നതും വീഡിയോയിൽ വ്യക്തമാണ്. സംഭവത്തെക്കുറിച്ചു വിശദമായി അന്വേഷിച്ചു നടപടിയെടുക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പിൽ യുഡിഎഫ് വൻതോതിൽ അധികാര ദുർവിനിയോഗം നടത്തുകയാണ്. വോട്ടർമാരെ പണം കൊടുത്ത് സ്വാധീനിക്കാനുള്ള ശ്രമവും സംസ്ഥാന വ്യാപകമായി യുഡിഎഫ് നേതൃത്വത്തിൽ നടക്കുന്നുവെന്നും പിണറായി ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു. കൈപ്പത്തി ചിഹ്നം പതിച്ച അഞ്ഞൂറ് രൂപാ നോട്ടുകൾ കാസർകോട് ജില്ലയിൽ കണ്ടെത്തിയതാണ്. പരാജയ ഭീതിയിൽ കണക്കില്ലാതെ പണം ഒഴുക്കുകയാണ് യുഡിഎഫ്.

ഈ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് നിയമ നടപടി സ്വീകരിക്കാൻ തെരഞ്ഞെടുപ്പു കമ്മിഷൻ തയാറാകണം. വോട്ടർമാർക്ക് പണം നല്കി സ്വാധീനിക്കുന്ന സ്ഥാനാർത്ഥി അയോഗ്യനാണ്. പണം കൊടുത്ത് വോട്ടു വാങ്ങാനുള്ള കുത്സിത നീക്കങ്ങൾ തടയാൻ കര്ശന നടപടി വേണം. ഇത്തരം തെറ്റായ പ്രവണതകൾ ജനങ്ങള്ക്കും നിയമത്തിനും മുന്നില് കൊണ്ടുവരാൻ എൽ ഡി എഫ് പ്രവർത്തകർ അതീവ ജാഗ്രത പാലിക്കണം എന്നും പിണറായി ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു.

വോട്ടർമാർക്ക് പണം നൽകി സ്വാധീനിക്കുന്നത് ഗുരുതരമായ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നിരിക്കേ പ്രസ്തുത വീഡിയോയുടെ പേരിൽ യുഡിഎഫ് നേതൃത്വം അങ്കലാപ്പിലാണ്. വോട്ടർമാർക്ക് പണം നൽകുന്ന രംഗം കോൺഗ്രസ് പ്രവർത്തകർ തന്നെയാണ് പുറത്തിറക്കിയതെന്നാണ് റിപ്പോർട്ടുകൾ. എംഎൽഎക്കൊപ്പം വോട്ടു ചോദിച്ച ആരോ ആണ് സിപി മുഹമ്മദ് പണം നൽകുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുന്നതും. ദൃശ്യങ്ങൾ പുറത്തുവന്നതോടെ എംഎൽഎ ജനാധിപത്യത്തെ അട്ടിമറിക്കുകയാണെന്ന ആരോപണവും കൂടുതൽ സിപിഐ(എം) നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.

എന്നാൽ, പണം കൊടുത്ത് വോട്ടു വാങ്ങേണ്ട ഗതികേട് തനിക്കില്ലെന്ന് സിപി മുഹമ്മദ് പ്രതികരിച്ചു. ഈ ആരോപണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. കാൻസർ രോഗിയുടെ വീടാണത്. മുഖ്യമന്ത്രിയിൽ നിന്നും സഹായം ആ കുടുംബത്തിന് കൊടുത്തിട്ടുണ്ടെന്നും സിപി മുഹമ്മദ് പറഞ്ഞു.

പട്ടാമ്പിയിൽ മൂന്നാമൂഴം തേടിയാണ് സി പി മുഹമ്മദ് ഇക്കുറി മത്സരരംഗത്തിറങ്ങിയത്. 2006, 2011 തെരഞ്ഞെടുപ്പുകളിൽ സി പി മുഹമ്മദാണ് പട്ടാമ്പിയിൽ ജയിച്ചത്. ഇക്കുറി ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ വിദ്യാർത്ഥി നേതാവ് മുഹമ്മദ് മുഹ്‌സിനാണ് പട്ടാമ്പിയിലെ എൽഡിഎഫിലെ സ്ഥാനാർത്ഥി. മുഹമ്മദ് മുഹ്‌സിന് വലിയ പിന്തുണയാണ് മണ്ഡലത്തിൽ ലഭിക്കുന്നത്. ഇത്തവണ മണ്ഡലത്തിൽ അട്ടിമറിയുണ്ടാകുമെന്നാണ് പൊതുവിൽ വിലയിരുത്തൽ. ഇതിനിടെയാണ് യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രതിരോധത്തിലാക്കി പണം നൽകുന്ന വീഡിയോയും പുറത്തുവന്നത്.