- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അട്ടപ്പാടി മധു കൊലക്കേസ്: ഹൈക്കോടതി മുതിർന്ന അഭിഭാഷകൻ സി രാജേന്ദ്രൻ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ; നിയമനം, മധുവിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ച്; ഈ മാസം 18 ന് കോടതി കേസ് പരിഗണിക്കും
പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ സി രാജേന്ദ്രനെ നിയമിച്ച് ആഭ്യന്തര വകുപ്പ്. പാലക്കാട് നിന്നുള്ള രാജേഷ് എം മേനോൻ അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടറാകും. മധുവിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് നിയമനം.
കേസ് ഈ മാസം 18 ന് ഒറ്റപ്പാലം എസ് സി/ എസ് ടി കോടതി പരിഗണിക്കും. നാലുവർഷമായിട്ടും മധുകേസിൽ വിചാരണ നടപടികൾ പൂർത്തിയാവാത്തതിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ ഹൈക്കോടതി ഇടപെട്ടാണ് കേസ് പരിഗണിക്കുന്നത് നേരത്തെയാക്കിയത്.
രണ്ട് കൊല്ലം മുമ്പ് സർക്കാർ ചുമതലയേൽപ്പിച്ച പബ്ലിക് പ്രോസിക്യൂട്ടർ വി ടി രഘുനാഥ് ആരോഗ്യ കാരണം ചൂണ്ടിക്കാട്ടി ഒഴിയാൻ സന്നദ്ധത അറിയിച്ചതോടെയാണ് സമൂഹ മനസാക്ഷിയെ ഞെട്ടിച്ച മധു കൊലക്കേസ് വിചാരണ പ്രതിസന്ധിയിലായത്. മധു കേസിൽ പബ്ലിക് പ്രോസിക്യൂട്ടർ എവിടെയെന്ന് കോടതി ആരാഞ്ഞപ്പോഴാണ് വിവരം മാധ്യമങ്ങളിലടക്കം ചർച്ചയായത്. മണ്ണാർക്കാട് കോടതിയിൽ മധുവിന് വേണ്ടി ആരും ഹാജരാകാതിരുന്നതോടെയാണ് കോടതിക്ക് ചോദ്യം ഉന്നയിച്ചത്. കേസിലെ രണ്ടാമത്തെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു രഘുനാഥ്.
രാജ്യം മുഴുവൻ നൊമ്പരമായി മാറിയ മധു കേസിൽ ഒരാൾ പോലും വാദി ഭാഗത്തനായി ഹാജരാകാത്ത സാഹചര്യമുണ്ടായത്. കേസിന്റെ തുടക്കം മുതൽ സർക്കാർ അലംഭാവം കാണിക്കുന്നതായി ആരോപണം ഉയർന്നിരുന്നു. സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ വർഷങ്ങൾ എടുത്തു. ആദ്യം നിയമിച്ച പ്രോസിക്യൂട്ടറും കേസിൽ നിന്ന് ഒഴിഞ്ഞിരുന്നു.
ഇതോടെ വിചാരണ നടപടികൾ അനന്തമായി വൈകുന്ന സാഹചര്യമാണുണ്ടായിട്ടുള്ളത്. 2018 ഫെബ്രുവരി 22 നാണ് അട്ടപ്പാടിയിൽ ആൾക്കൂട്ടമർദ്ദനത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ടത്. നാലു വർഷമായിട്ടും കേസിന്റെ വിചാരണ നടപടികൾ വൈകുന്നതിൽ മധുവിന്റെ കുടുബം കടുത്ത അതൃപ്തിയിലാണ്.
കേസിൽ കുറ്റപത്രം സമർപ്പിച്ച് വർഷങ്ങളായെങ്കിലും വിസ്താരം തുടങ്ങുന്നതിന് മുൻപുള്ള നടപടി ക്രമങ്ങൾ പൂർത്തിയായിട്ടില്ല. പ്രതികൾക്ക് ഡിജിറ്റൽ തെളിവുകളുടെ പകർപ്പ് കൈമാറൽ, കുറ്റപത്രം വായിച്ചു കേൾപ്പിക്കൽ തുടങ്ങിയ നടപടികളാണ് വൈകുന്നത്. ഇത് പൂർത്തിയായാലേ വിചാരണ ആരംഭിക്കൂ.
ആൾക്കൂട്ട വിചാരണയെയും ക്രൂര മർദനത്തെയും തുടർന്നാണ് മധു മരിച്ചത്. കടയിൽ നിന്ന് ഭക്ഷണമെടുത്തെന്ന് ആരോപിച്ച് വ്യാപാരികളും അവരുടെ സുഹൃത്തുക്കളും ഡ്രൈവർമാരുമായ മറ്റു പ്രതികളും ചേർന്ന് മധുവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഒന്നാം പ്രതി ഹുസൈൻ, മൂന്നാം പ്രതി ഷംഷുദ്ദീൻ, പതിനാറാം പ്രതി മുനീർ എന്നിവരാണ് മധുവിനെ മർദ്ദിച്ചതെന്നാണ് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്.
കൊലപാതകം, പട്ടിക ജാതി പട്ടിക വർഗ്ഗ പീഡനം ഉൾപ്പടെയുള്ള വകുപ്പുകൾ പ്രതികൾക്കെതിരെയും ചുമത്തിയിട്ടുണ്ട്. മധുവിനെ പിടികൂടിയ അജമുടി ഭാഗത്ത് വച്ച് മർദനത്തിന് നേതൃത്വം നൽകിയത് ആറു പ്രതികളാണ്. അതിൽ സിഐടിയു നേതാവും ടാക്‌സി ഡ്രൈവറുമായ മൂന്നാം പ്രതി ഷംഷുദ്ദീൻ വടികൊണ്ട് അടിച്ചതിനാൽ മധുവിന്റെ ഇടതു ഭാഗത്തെ വാരിയെല്ല് പൊട്ടി. പതിനാറാം പ്രതി മുനീർ കാൽമുട്ടുകൊണ്ട് നടുവിന് ഇടിച്ചു. ഉച്ചയ്ക്ക് ഒന്നരയോടെ മുക്കാലിയിലെത്തിയ ഒന്നാം പ്രതി ഹുസൈന്റെ ചവിട്ടേറ്റ് വീണ മധുവിന്റെ തല ക്ഷേത്ര ഭണ്ഡാരച്ചുവരിലിടിച്ച് പരിക്കേറ്റെന്നും കുറ്റപത്രം പറയുന്നു. മധുവിന്റെ ശരീരത്തിലേറ്റ പതിനഞ്ചിലേറെ പരിക്കുകളാണ് മരണത്തിലേക്ക് നയിച്ചതെന്നായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.
മറുനാടന് മലയാളി ബ്യൂറോ