- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
പാക്കിസ്ഥാനിൽ അസിയയെ തൂക്കികൊല്ലണം എന്നലറിക്കൊണ്ട് കൊലവിളി മുഴക്കുന്ന ഈ ജനക്കൂട്ടത്തെ നോക്കൂ; അക്ഷരാഭ്യാസമില്ലാത്തവർ മുതൽ ഗവേഷണബിരുദധാരികൾ വരെ അവർക്കിടയിലുണ്ടാവും; ഈ ജനക്കൂട്ടം ആർത്തിരമ്പാൻ കാരണം അവരുടെ മസ്തിഷ്‌ക്കത്തെ കീഴടക്കിയ മതവൈറസുകളാണ്; അസിയ പിടഞ്ഞു ചാകുന്നത് അവർക്ക് കൺകുളിർക്കെ കാണണം; വിശ്വാസികളാണവർ, 'പാവം ഭക്തർ', 'നിഷ്‌കളങ്കരായ' വിശ്വാസികൾ; സി രവിചന്ദ്രൻ എഴുതുന്നു; തടവറയല്ലേ സുഖപ്രദം!
തടവറയല്ലേ സുഖപ്രദം! (1) അയൽക്കാരികളായ മുസ്ലിം സ്ത്രീകളുമായുള്ള വാക്കുതർക്കത്തിനിടെ ഇസ്ലാംവിരുദ്ധപരാമർശങ്ങൾ നടത്തി എന്ന ആരോപണത്തെ തുടർന്ന് 2010 ൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അഞ്ചു മക്കളുടെ മാതാവായ അസിയാ ബീബി(47) എന്ന ക്രൈസ്തവ വനിതയെ ശിക്ഷിക്കാൻ പര്യാപ്തമായ തെളിവുകളില്ലാത്തതിനാൽ പാക്കിസ്ഥാൻ സുപ്രീംകോടതി 2018 ഒക്ടോബർ 31 ന് വെറുതെ വട്ടിരുന്നു. എന്നാൽ അസിയയെ പരസ്യമായി തൂക്കികൊല്ലണം എന്നാവശ്യപ്പെട്ട് ഇപ്പോൾ പാക്കിസ്ഥാനിലെമ്പാടും വ്യാപകമായ അക്രമസമരങ്ങളും പ്രതിഷേധങ്ങളും നടക്കുകയാണ്. തെഹ്രിക്-ഇ-ലബെക്ക് എന്ന പേരുള്ള മതനിന്ദാകുറ്റക്കാരെ ശിക്ഷിക്കുന്നതിൽ സവിശേഷ താല്പര്യം കാണിക്കുന്ന മതസംഘടനയാണ് അരാജകത്വം അഴിച്ചുവിടുന്നതിൽ മുമ്പന്തിയിലുള്ളതെങ്കിലും പാക്കിസ്ഥാനിലെ മുസ്ലിംപൊതുമനസ്സിന്റെ കാര്യവും ഭിന്നമല്ല. സുപ്രീംകോടതി വിധിക്ക് അനുകൂലമായി നിലകൊള്ളുന്ന ഒരു ന്യൂനപക്ഷം അവിടെയുണ്ടെങ്കിലും ആർക്കും നാവ് പൊന്തുന്നില്ല. വിധി പറഞ്ഞ സുപ്രീംകോടതി ചീഫ് ജസ്റ്റീസിനും പ്രധാനമന്ത്രി ഇമ്രാൻഖാനും എതിരെയാണ് പ്രക്ഷോഭകരു
തടവറയല്ലേ സുഖപ്രദം!
(1) അയൽക്കാരികളായ മുസ്ലിം സ്ത്രീകളുമായുള്ള വാക്കുതർക്കത്തിനിടെ ഇസ്ലാംവിരുദ്ധപരാമർശങ്ങൾ നടത്തി എന്ന ആരോപണത്തെ തുടർന്ന് 2010 ൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അഞ്ചു മക്കളുടെ മാതാവായ അസിയാ ബീബി(47) എന്ന ക്രൈസ്തവ വനിതയെ ശിക്ഷിക്കാൻ പര്യാപ്തമായ തെളിവുകളില്ലാത്തതിനാൽ പാക്കിസ്ഥാൻ സുപ്രീംകോടതി 2018 ഒക്ടോബർ 31 ന് വെറുതെ വട്ടിരുന്നു. എന്നാൽ അസിയയെ പരസ്യമായി തൂക്കികൊല്ലണം എന്നാവശ്യപ്പെട്ട് ഇപ്പോൾ പാക്കിസ്ഥാനിലെമ്പാടും വ്യാപകമായ അക്രമസമരങ്ങളും പ്രതിഷേധങ്ങളും നടക്കുകയാണ്. തെഹ്രിക്-ഇ-ലബെക്ക് എന്ന പേരുള്ള മതനിന്ദാകുറ്റക്കാരെ ശിക്ഷിക്കുന്നതിൽ സവിശേഷ താല്പര്യം കാണിക്കുന്ന മതസംഘടനയാണ് അരാജകത്വം അഴിച്ചുവിടുന്നതിൽ മുമ്പന്തിയിലുള്ളതെങ്കിലും പാക്കിസ്ഥാനിലെ മുസ്ലിംപൊതുമനസ്സിന്റെ കാര്യവും ഭിന്നമല്ല.
സുപ്രീംകോടതി വിധിക്ക് അനുകൂലമായി നിലകൊള്ളുന്ന ഒരു ന്യൂനപക്ഷം അവിടെയുണ്ടെങ്കിലും ആർക്കും നാവ് പൊന്തുന്നില്ല. വിധി പറഞ്ഞ സുപ്രീംകോടതി ചീഫ് ജസ്റ്റീസിനും പ്രധാനമന്ത്രി ഇമ്രാൻഖാനും എതിരെയാണ് പ്രക്ഷോഭകരുടെ രോഷം മുഴുവൻ. കുറ്റാരോപണത്തിന്റെ പേരിൽ കഴിഞ്ഞ എട്ടുവർഷം തടവിലായിരുന്ന ഒരു സാധുസ്ത്രീയുടെ ജീവന് വേണ്ടിയാണ് രാജ്യം മുഴുവൻ മുറവിളി കൂട്ടുന്നത്. തന്നെ ഒരിക്കലും മോചിപ്പിക്കരുതേ എന്നാവും വിദേശത്ത് പോയി ഭർത്താവും, കുടുംബുമൊത്ത് ജീവിക്കാൻ കൊതിച്ച അസിയ ഇപ്പോൾ ആഗ്രഹിക്കുന്നത്. രാജ്യംവിടാൻ അസിയയെ അനുവദിക്കരുത് എന്നാണ് മതവെറിയരുടെ പ്രധാന ആവശ്യം. ഒരുപക്ഷെ ജീവിതത്തിലൊരിക്കലും തടവറയെ അവർ ഇത്രമേൽ സ്‌നേഹിച്ചിട്ടുണ്ടാവില്ല. മോചനം ദുഃഖമാണ് അസിയ, തടവറയല്ലേ സുഖപ്രദം!
(2) വിധിയെഴുതിയിട്ടും മതവെറിയരെ ഭയന്ന് അത് മൂന്നാഴ്ച വൈകിപ്പിച്ച മൂന്ന് സുപ്രീംകോടതി ന്യായാധിപരുടെ ജീവനും അപകടത്തിലാണ്. 2011 ജനുവരിയിൽ അസിയയ്ക്ക് പ്രസിഡന്റ് മാപ്പ് നൽകണമെന്നും മതനിന്ദാനിയമം (Blasphemy Law) കാലോചിതമായി പരിഷ്‌ക്കരിക്കണമെന്നും ആവശ്യപ്പെട്ട പഞ്ചാബ് ഗവർണ്ണർ തൻസീർ മുഹമ്മദിനെ സ്വന്തം അംഗരംക്ഷകൻ മുംതസ് ഖാദ്രി വെടിവെച്ചുകൊന്നു. 2016 മാർച്ചിൽ തൂക്കിലേറ്റപ്പെട്ട ഖാദ്രിയുടെ ശവസംസ്‌ക്കാര ഘോഷയാത്രയിൽ കണ്ണീരുംകയ്യുമായി പതിനായിരങ്ങളാണ് പങ്കെടുത്തത്. തുടർന്ന് ഏതാനും ആഴചകൾക്കുള്ളിൽ ലാഹോറിലെ ഒരു ക്രിസ്ത്യൻ പള്ളിയിൽ മനുഷ്യബോംബ് പൊട്ടിത്തെറിച്ചപ്പോൾ കൊല്ലപ്പെട്ടത് എഴുപത് പേരാണ്.
തൊട്ടടുത്ത മാസം മതനിന്ദാ നിയമം പരിഷ്‌ക്കരിക്കണം എന്ന ആവശ്യം ഉന്നയിച്ച പാക്കിസ്ഥാനിലെ ന്യൂനപക്ഷകാര്യമന്ത്രിയും ക്രിസ്തുമതവിശ്വാസിയുമായ ഷബാസ് ബാട്ടി ഇസ്ലാമാബാദിൽ വെച്ച് കൊല്ലപ്പെട്ടു. മതനിന്ദകർക്ക് മരണം എന്ന മുദ്രാവാക്യവുമായി തെരുവു നിറയ്ക്കുന്ന വിശ്വാസികളെ എങ്ങനെ നേരിടണം എന്നറിയാതെ കഴിഞ്ഞ ജൂലൈയിൽ മതനിന്ദാകുറ്റത്തെ ശക്തമായി ന്യായീകരിച്ച് അധികാരത്തിലെത്തിയ ഇമ്രാൻ ഖാൻ അന്ധാളിച്ചു നിൽക്കുന്നു. മതവെറിയർക്ക് ഗണ്യമായ സ്വാധീനമുള്ള പൊലീസും പാക്കിസ്ഥാൻ ആർമിയും വ്യക്തമായ തീരുമാനമെടുക്കാതെ തുള്ളിക്കളിക്കുന്നു. ശരിക്കും മതങ്ങൾ വിഭാവനം ചെയ്യുന്ന നരകമായി പാക്കിസ്ഥാൻ.
(3) അസിയയെ തൂക്കികൊല്ലണം എന്നലറികൊണ്ട് കൊലവിളി മുഴക്കുന്ന ഈ ജനക്കൂട്ടത്തെ നോക്കൂ. അക്ഷരാഭ്യാസമില്ലാത്തവർ മുതൽ ഗവേഷണബിരുദധാരികൾവരെ അവർക്കിടയിലുണ്ടാവും. യുദ്ധവിരുദ്ധപ്രവർത്തകർ, പ്രകൃതിസ്‌നേഹികൾ, കലാകാരന്മാർ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ, കച്ചവടക്കാർ....ഒക്കെ അവർക്കിടയിലുണ്ട്. മനുഷ്യമനസ്സിന്റെ സഹജമായ നന്മയെല്ലാം നഷ്ടപെട്ട് കൊലയാളികളെ പോലെ ഈ ജനക്കൂട്ടം ആർത്തിരമ്പാൻ കാരണം അവരുടെ മസ്തിഷ്‌ക്കത്തെ കീഴടക്കിയ മതവൈറസുകളാണ്. പലജനം, ഒരു രോഗം! അസിയ പിടഞ്ഞു ചാകുന്നത് അവർക്ക് കൺകുളിർക്കെ കാണണം, ആ വാർത്ത കാതുകുളിർക്കെ കേൾക്കണം. അങ്ങനെ ചോര കാണുമ്പോൾ പ്രീതിപ്പെടുന്ന ഗോത്രദൈവത്തിന്റെ പ്രീതി സമ്പാദിക്കണം. വിശ്വാസികളാണവർ. എല്ലാവരും പൊന്നേ പോറ്റി എന്നൊക്കെ വിളിച്ച് താലോലിക്കുന്ന വിശ്വാസികൾ... 'പാവം ഭക്തർ'... 'നിഷ്‌കളങ്കരായ' വിശ്വാസികൾ....
(4) പാക്കിസ്ഥാനിൽ മതനിന്ദ ആരോപിച്ച് കൊല്ലുക എന്നത് അമ്പരപ്പിക്കുംവിധം എളുപ്പമാണ്. അനിഷ്ടം തോന്നുന്ന ആരുടെയും ജീവനെടുക്കാം. മുഹമ്മദിനെയോ ഖുർ-ആൻ എന്ന പുസ്തകത്തെയോ അവഹേളിച്ചു എന്നൊരു കഥയുണ്ടാക്കുക. പോട്ട മോഡലിൽ ഒന്നു രണ്ട് സാക്ഷ്യങ്ങൾ...ശേഷം കാര്യം ആൾക്കൂട്ടം നോക്കിക്കൊള്ളും. കുറ്റാരോപിതരുടെ ഭാഗം വാദിക്കാൻ വക്കീലുണ്ടാവില്ല, അഥവാ ഉണ്ടായാൽ അവരുടെ വിധിയും ഭിന്നമാകില്ല. വിധി പറയേണ്ട ന്യായാധിപന്മാർ ജീവനുംകൊണ്ട് പലായനം ചെയ്യും.
മതനിന്ദ നടത്തിയെന്ന് ആരോപിക്കപ്പെട്ടവരെ കൊല്ലാൻ കൽപ്പിക്കാത്ത വിധി പ്രഖ്യാപിക്കുന്നവന് ശമ്പളം മരണമായെന്നുവരാം. വിധി എതിരായെങ്കിൽ നിയമം കയ്യിലെടുക്കും. ദിവസങ്ങളോളം ഗതാഗതം സ്തംഭിപ്പിക്കും, വാഹനങ്ങൾ കത്തിക്കും, വസ്തുവകകൾ കൊള്ളയടിക്കും..എതിരെ ഒരക്ഷരം ശബ്ദിക്കാനാവാതെ ഭരണകൂടം സ്വന്തം തൊണ്ടയ്ക്ക് കുത്തിപ്പിടിക്കും. ഇതൊക്കെ അങ്ങ് പാക്കിസ്ഥാനിലല്ലേ എന്ന് സമാധാനിക്കാൻ വരട്ടെ. ബംഗ്ലാദേശിൽ ഇരുപതോളംപേരാണ് കഴിഞ്ഞ നാലഞ്ചുവർഷങ്ങൾക്കുള്ളിൽ മതവെറിയരുടെ കൊലക്കത്തിക്ക് ഇരയായത്. കൈവെട്ട് രാജ്യമായി ഇന്ത്യ മാറിയിട്ട് കാലമേറെയായില്ല. ഇവിടെ ഉറങ്ങിക്കിടക്കുന്നത് തന്നെയാണ് പാക്കിസ്ഥാനിലും ബംഗ്ലാദേശിലും പ്രകടമാകുന്നത്. മതത്തിന് 'തനിക്കൊണം' കാണിക്കാൻ പറ്റാത്ത രീതിയിലുള്ള ചില പരിമിതികൾ ഈ രാജ്യത്തുള്ളതാണ് പലർക്കും ഇതൊക്കെ കഥകളായി തോന്നാൻ കാരണം.
(5) അവിഭക്ത ഇന്ത്യയിൽ സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പണ്ഡിറ്റ് എം.എ ചാമുപതി രചിച്ച 58 പേജുള്ള ഉറുദു പുസ്തകമാണ് റസൂൽ രംഗീല. 1927 ൽ മഹാശെ രാജ്പാൽ ഈ പുസ്തകം പ്രസിദ്ധീകരിച്ചു. ഇതിൽ മുഹമ്മദിനെതിരെയുള്ള പരാമർശം ഉണ്ടെന്ന വാദമുയർത്തി ഐ.പി.സി 153-എ പ്രകാരം പ്രസാധകനെ ശിക്ഷിക്കണമെന്ന മുറവിളി ഉയർന്നു. 153-എ രണ്ട് മത വിഭാഗങ്ങൾക്കിടയിൽ സ്പർദ്ധയുണ്ടാക്കുന്നതിനെതിരെയുള്ള വകുപ്പാണ്. ആവശ്യം നടപ്പിലാക്കികിട്ടാനായി മുസ്ലിം പൊതുസമൂഹം അക്രമത്തിലേക്ക് തിരിഞ്ഞു. രണ്ട് വിഭാഗങ്ങൾക്കിടയിൽ സംഘർഷം ഉണ്ടാക്കുന്നവർക്കെതിരെയുള്ള ശിക്ഷാനിയമം പ്രസ്തുത വിഷയത്തിൽ അസാധുവായതിനാൽ മഹാശെ രാജ്പാലിനെ ലാഹോർ ഹൈക്കോടതി വെറുതെവിട്ടു. മുസ്ലിം പൊതുസമൂഹത്തിന് വിധി സ്വീകാര്യമായില്ല. പ്രത്യക്ഷവും പരോക്ഷവുമായ കൊലവിളികൾ ഉയർന്നു. രാജ്പാലിനെ കൊല്ലാൻ വേണ്ടത്ര വിഷം നിയമത്തിന് ഇല്ലെങ്കിൽ അത് സാധ്യമാക്കുന്ന നിയമം ഉണ്ടാക്കണം എന്നായി. അങ്ങനെയാണ് ബ്രീട്ടീഷ് ഭരണകൂടം 295 എ എന്ന മതനിന്ദാകുറ്റം 1927 ൽ കൊണ്ടുവരുന്നത്.
(6) മുഹമ്മദലി ജിന്നയെപ്പോലുള്ളവർ ഈ വകുപ്പ് മതവിമർശനം നടത്തുന്നവർക്കെതിരെയും ചരിത്രകാരന്മാർക്കെതിരെയും ഉപയോഗിക്കപ്പെടുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. പക്ഷെ ഈ വകുപ്പ് പ്രകാരവും മഹാശെ രാജ്പാൽ ശിക്ഷാർഹനല്ലെന്ന് ലാഹോർ ഹൈക്കോടതി 1929 ഏപ്രിൽ 6 ന് വിധി പ്രസ്താവിച്ചു. എന്നാൽ, മുഹമ്മദിനെ വിമർശിച്ച ഗ്രന്ഥം പ്രസിദ്ധീകരിച്ച പ്രസാധകനെ കുത്തികൊന്ന് ഇലം ദിൻ എന്ന പത്തൊമ്പത് വയസ്സുകാരൻ 'മതവിധി' നടപ്പിലാക്കി. ലാഹോർ കോടതി കൊലയാളിക്ക് വധശിക്ഷ വിധിച്ചു. 'സാരേജഹാം സെ അച്ചാ'യുടെ കർത്തവായ കവി മുഹമ്മദ് ഇക്‌ബാലിന്റെ നിർദ്ദേശപ്രകാരം മുഹമ്മദലി ജിന്ന തന്നെ കൊലയാളിക്ക് വേണ്ടി അപ്പീൽ ഹർജിയുമായി കോടതിയിൽ ഹാജരായി. പക്ഷെ അപ്പീൽ തള്ളപ്പെട്ടു.
1929 ഒക്ടോബർ 31 ന് ഇലം ദീനെ തൂക്കിലേറ്റി. കൊലയാളിയുടെ ശവസംസ്‌ക്കാര ചടങ്ങിൽ കവി മുഹമ്മദ് ഇക്‌ബാലിനെ പോലുള്ളവർ അയാളുടെ ബലിദാനത്തെ വാഴ്‌ത്തിപ്പാടി. സമാനമായ ആവേശം കാണിച്ച മറ്റൊരു കവി ദീൻ മുഹമ്മദ് തസീർ ആയിരുന്നു. ഇദ്ദേഹത്തിന്റെ മകനാണ് 2011 ൽ അസിയയ്ക്ക് നീതി കിട്ടണമെന്ന് വാദിച്ചതിന്റെ പേരിൽ മുംതാസ് ഖ്വാദ്രി എന്ന അംഗരക്ഷകന്റെ വെടിയേറ്റു കൊല്ലപ്പെട്ട മുൻ പഞ്ചാബ് ഗവർണ്ണർ സൽമാൻ തസീർ! ഈ വിഷയത്തിൽ അന്ന് എം.കെ ഗാന്ധിയെപ്പോലുള്ളവർ സ്വീകരിച്ച അഴുകൊഴമ്പൻ സമീപനം ഇസ്ലാമോഫോബിയയുടെ ചരിത്രത്തിൽ സുവർണ്ണലിപികളിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അംബേദ്ക്കറിനെപ്പോലുള്ളവർ ഗാന്ധിയെ ഈ ഭീരുത്വത്തെ നിശിതമായി വിമർശിച്ചിട്ടുണ്ട്.
(7) ഇന്ന് അസിയ ബീബി ഏതോ അജ്ഞാതകേന്ദ്രത്തിൽ തടവിലാണ്. അതെവിടെയാണ് എന്നു കണ്ടുപിടിക്കപ്പെടുന്നതുവരെയേ അവർക്കായുസുള്ളൂ എന്ന പ്രചരണം മതവെറിയർ നടത്തുന്നുണ്ട്. തങ്ങളെ എങ്ങനെയെങ്കിലും രക്ഷിക്കണം എന്ന് അസിയയുടെ ഭർത്താവ് അമേരിക്കൻ പ്രസിഡന്റിനോടും യു.കെ പ്രധാനമന്ത്രിയോടും അഭ്യത്ഥിച്ചിട്ടുണ്ട്.
പ്രക്ഷോഭകാരികൾ ഇന്ത്യയുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നതെന്ന ആരോപണവുമായി പാക്കിസ്ഥാൻ ആഭ്യന്തര മന്ത്രി അഹ്‌സാൻ ഇക്‌ബാൽ രംഗത്തുവന്നതാണ് രസകരമായ മറ്റൊരു കാര്യം. വാഹനങ്ങളുടെ വശങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന കോൺവെക്‌സ് മിററുകളിൽ എഴുതിവെച്ചിരിക്കുന്നത് കണ്ടിട്ടില്ലേ- 'Objects in mirror are closer than they appear.' അയൽപക്കത്ത് കാണുന്ന പല കാഴ്ചകളും നാം വിചാരിക്കുന്നതിലും അരികെയാണെന്ന് തിരിച്ചറിയണം; സമാനരോഗങ്ങൾ എവിടെയും ഏറെക്കുറെ സമാനമായ രോഗലക്ഷണങ്ങൾ ഉണ്ടാക്കുമെന്നും (തുടരും)
( പ്രശസ്ത എഴുത്തുകാരനും സ്വതന്ത്ര ചിന്തകനും പ്രഭാഷകനമായ സി രവിചന്ദ്രൻ ഫേസ്‌ബുക്കിൽ കുറിച്ചത്)