ജയിക്കുമ്പോൾ തോൽക്കുന്ന പോരാട്ടം

(1) ശബരിമലയിലെ സ്ത്രീവിഷയം സംബന്ധിച്ച് കാര്യമായി പ്രതികരിക്കാത്തത് സംബന്ധിച്ച ചോദ്യത്തിനു വിശദീകരണം നൽകിയിട്ടുള്ളതാണ്. കാര്യങ്ങൾ ഒരിക്കൽകൂടി സംഗ്രഹിക്കാം: മുമ്പ് സൂചിപ്പിച്ചിട്ടുള്ളതുപോലെ ഇക്കാര്യത്തിൽ ചർച്ചയ്‌ക്കോ പ്രചാരണം നടത്താനോ താല്പര്യമില്ല. ശബരിമലയിലെ യുവതീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയെ പൂർണ്ണമായും പിന്തുണയ്ക്കുന്നു. പക്ഷെ അത് നടപ്പിലാകുന്നത് പുരോഗമനമായോ നവോത്ഥാനമായോ കാണുന്നില്ല. കേരളസമൂഹത്തിന്, വിശേഷിച്ച് സ്ത്രീകൾക്ക് പത്തുപൈസയുടെ ഗുണമില്ലാത്ത സംഘർഷമാണ് ഇപ്പോൾ ഇതു സംബന്ധിച്ച് കേരളത്തിൽ നടക്കുന്നത്. ഇതിൽ ഏത് ഭാഗം വിജയിച്ചാലും കൂടുതൽ ഇരുണ്ട കേരളമായിരിക്കും ഫലം. ഇവിടെ 'നവോത്ഥാനം' എന്ന് പറഞ്ഞുവെച്ചു നീട്ടുന്നത് കള്ളനോട്ടാണ്.

(2) കഴിഞ്ഞ ഒന്നുരണ്ടു മാസമായി ഈ വിഷയം സംസാരിക്കാൻ നിരവധി ക്ഷണങ്ങളുണ്ടായിട്ടുണ്ട്. സമയം-താല്പര്യം രണ്ടും കുറവായിരുന്നു. esSENSE ഉം ഈ വിഷയം സംസാരിക്കാൻ അഭ്യർത്ഥിച്ചിരുന്നു. എന്തായാലും ഡിസംബർ 9 ന് ഉച്ചയ്ക്ക് രണ്ടു മണി മുതൽ കൊട്ടാരക്കരയ്ക്കടുത്ത് അടൂരിൽ ഒരു പബ്ലിക് മീറ്റിംഗിൽ ഇതു സംബന്ധിച്ച് സംസാരിക്കുന്നുണ്ട്. ബാലസംഘത്തിന്റെ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചാണ് അവതരണം. വിഷയം: 'ജയിക്കുമ്പോൾ തോൽക്കുന്ന പോരാട്ടം'. ശബരിമല സ്ത്രീപ്രവേശം സംബന്ധിച്ച വിഷയത്തെ ഇന്ത്യൻ ഭരണഘടന, ആചാരം, കോടതിവിധികൾ, ശാസ്ത്രീയമനോവൃത്തി.. തുടങ്ങിയവയുടെ പശ്ചാത്തലത്തിൽ അവലോകനം ചെയ്യാനുള്ള ശ്രമമാണ് ഈ അവതരണം.

3) ഭരണഘടനയുടെ അപ്രമാദിത്വം, പൗരവകാശങ്ങളുടെ സംസ്ഥാപനം എന്നിവയാണ് ശബരിമല സംബന്ധിച്ച സുപ്രീംകോടതി വിധിയെ പിന്തുണയ്ക്കുന്നതിന്റെ മുഖ്യ കാരണം. ഈ വിധി നടപ്പിലാക്കാൻ സാധിച്ചില്ലെങ്കിൽ ഭാവിയിൽ ഏകീകൃത സിവിൽകോഡ് ഉൾപ്പടെയുള്ള പല പൗരാവകാശങ്ങളും ലിംഗനീതി നിയമങ്ങളും നടപ്പാക്കാൻ സ്റ്റേറ്റിന് കഴിയാതെ വരും, കോടതിവിധികളെ ആൾക്കൂട്ടത്തെ ഇറക്കി അക്രമത്തിലൂടെ നിഷ്പ്രഭമാക്കാം എന്ന അവസ്ഥ വരും. ജനാധിപത്യം പുലരാൻ അത് തടസ്സമായി മാറും. സ്ത്രീകളുടെ ആർത്തവം അശുദ്ധിയും അയിത്തവുമാണെന്ന അപരിഷ്‌കൃതമായ പാരമ്പര്യബോധം സമൂഹത്തിൽ ശക്തിപെടും....

(4) അതേസമയം ഈ പോരാട്ടം വിജയിച്ചാൽ, യുവതികൾ മലകയറിയാൽ, അതുകൊണ്ട് ഈ സമൂഹത്തിനോ സ്ത്രീകൾക്കോ ഗുണമില്ലെന്ന് മാത്രമല്ല അന്ധവിശ്വാസങ്ങളുടെ ഇരുട്ട് വർദ്ധിക്കുകയും അന്ധവിശ്വാസങ്ങൾ അനുഷ്ഠിക്കാനുള്ള അവസരസമത്വത്തിന് വേണ്ടി മാത്രം പോരാടുന്ന സമൂഹമായി നാം മാറുകയും ചെയ്യും. ലിംഗസമത്വം നടപ്പിലാക്കേണ്ട മറ്റനവധി അവശ്യ മേഖലകൾ ബാക്കി നിൽക്കെ അന്ധവിശ്വാസങ്ങൾ അനുഷ്ഠിക്കാനുള്ള കാര്യത്തിൽ മാത്രം ഉശിരൻ സമരം നടത്തുന്നതിൽ കഥയില്ല. ഈ സമരം വിജയിച്ചാൽ നവോത്ഥാനപരമായി നാം ഏറെ പിന്നോട്ടുപോകും, പരാജയപ്പെടും. സ്ത്രീകൾ മല കയറും. അമ്പത് ശതമാനം പേർ അനുഷ്ഠിച്ചിരുന്ന അന്ധവിശ്വാസം നൂറ് ശതമാനം അനുഷ്ഠിക്കുന്നതിലെ പുരോഗമനമേ അവിടെയുള്ളൂ. സ്ത്രീകൾക്ക് വേണ്ടി ബിവറേജസ് ഒരു പ്രത്യേക ക്യൂ തുറക്കുന്നതുപോലയേ ഉള്ളൂ ഇത്. ഇതാണ് വിജയിക്കുമ്പോൾ തോൽക്കുന്ന പോരാട്ടം എന്നു പറയുന്നതിലൂടെ അർത്ഥമാക്കുന്നത്.

(5) ഇനി തോറ്റാൽ അത് മതശക്തികളെ കൂടുതൽ ശക്തിപെടുത്തും, രാഷ്ട്രീയം കൂടുതൽ മതവൽക്കരിക്കപ്പെടും. വർദ്ധിച്ച അന്ധവിശ്വാസ സംരക്ഷണത്തിലാണ് അത്തരമൊരു തോൽവി അവസാനിക്കുക. അതോടെ സമസ്തമേഖലകളിലും മതാധിപത്യം വർദ്ധിക്കും, കോടതിവിധികൾക്ക് പുല്ലുവിലയാവും, പൗരാവകാശങ്ങളും ഭരണഘടനപരമായ അവകാശങ്ങളും ലംഘിക്കപ്പെടും. മതത്തിനും വിശ്വാസത്തിനും മുകളിൽ ഒന്നിനും പറക്കാനാവില്ലെന്ന അവസ്ഥവരും. അതാണ് താരതമ്യേന വലിയ അപകടം. കോടതിവിധി നടപ്പിലാക്കിയാലും മഹാഭൂരിപക്ഷം വരുന്ന അന്ധവിശ്വാസികളായ സ്ത്രീകൾക്ക് അപ്പോഴും പോകാതിരിക്കാം. പക്ഷെ ഈ ഭൂരിപക്ഷം വളരെ പെട്ടെന്ന് ന്യൂനപക്ഷമായി മാറുമെന്നത് വേറെകാര്യം. അപ്പോൾ തോറ്റാലും തോൽക്കും, ജയിച്ചാലും തോൽക്കും! രണ്ടും ഫലത്തിൽ കേരളത്തിന് ഗുണകരമല്ല. ആ നിലയിൽ, സമൂഹം മുഴുവൻ ഇത്ര വലിയ പരിഗണന കൊടുക്കേണ്ട വിഷയമായി ഇതിനെ കാണാനാവില്ല.

(6) സ്ത്രീകൾ പോകാതിരിക്കുന്നതുകൊണ്ട് ശബരിമല എന്ന അന്ധവിശ്വാസം ദുർബലപ്പെടുമോ എന്നൊരു ചോദ്യമുണ്ട്. അതെ എന്നാണ് ഉത്തരം. ആചരിക്കാത്ത അന്ധവിശ്വാസങ്ങൾ അടിച്ചമർത്തിയ അനുരാഗം പോലെയാണെന്ന് വാദിക്കാം. കാരണം പ്രകടിത രൂപമില്ലെങ്കിലും അതില്ലാതാകുന്നില്ല. പക്ഷെ മതം, മതപരത(religiosity) എന്നീ കാര്യങ്ങൾ പരിഗണിക്കുമ്പോൾ അനുഷ്ഠാനം, അനുഷ്ഠാനത്തിലെ പങ്കാളിത്തം, അതിന്റെ സാമ്പത്തികവശം....എന്നിവയൊക്കെ കൂടുതൽ പേരെ അന്ധവിശ്വാസികളാക്കാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. അനുഷ്ഠാനവശം ശക്തിപ്പെടുന്നത് അനുകരണഭ്രമം വർദ്ധിപ്പിക്കും. കാണുന്നവരും കേൾക്കുന്നവരുംകൂടി 'ആചാരികള്' ആയിമാറും. ലഘുരൂപത്തിൽ തുടങ്ങുന്ന പല മതസംരഭങ്ങളും മഹാസംഭവങ്ങളായി വളരുന്നത് അങ്ങനെയാണ്. ശബരിമലയും മെക്കയുമൊക്കെ മികച്ച ദൃഷ്ടാന്തങ്ങളാണ്.

അന്ധവിശ്വാസം കുറച്ചുപേരേ ആചരിക്കുന്നുള്ളൂ എങ്കിൽ അത് സഹായകരമാണ്. സാമ്പത്തികവും സാംസ്കാരികവും ഭരണപരവുമായ പലയിനം പ്രഭാവങ്ങൾ അതുണ്ടാക്കും. ഉദാഹരണമായി ആറ്റുകാൽ പൊങ്കാല 20 വർഷത്തിന് മുമ്പ് കുറച്ച് പേരെ ആചരിച്ചിരുന്നുള്ളൂ. പക്ഷെ ഇന്ന് അതേ അന്ധവിശ്വാസം കൂടുതൽപേർ ആചരിക്കുമ്പോൾ സമൂഹത്തിൽ അത് നിറയ്ക്കുന്ന ഇരുട്ട് വർദ്ധിക്കുകയാണ്. കുറച്ചുപേർ ചെയ്ത്, പിന്നെയും കുറഞ്ഞ്, എല്ലാവരും മറന്ന അന്ധവിശ്വാസങ്ങളാണ് ഈ സമൂഹത്തിൽ ഇത്രയും വെളിച്ചംകൊണ്ടുവന്നത്. അന്ധവിശ്വാസവും ആചാരവും ദൈവത്തെപ്പോലെയാണ്. മനുഷ്യൻ പിന്തുണച്ചാലേ അവ ജീവിക്കൂ. പിന്തുണ കുറഞ്ഞാൽ നിലനിൽപ്പ് ദുർബലപ്പെടും.

(6) സ്ത്രീകൾക്കായാലും പുരുഷന്മാർക്കായാലും 'ശരിക്കും നേട്ടമുണ്ടാകുന്ന' അവസരസമത്വത്തിന് കൂടുതൽ പരിഗണന നൽകേണ്ടത്. സ്ത്രീകളെ ശരിക്കും തുണയ്ക്കുന്ന(in real terms) സാമൂഹിക-നിയമ പരിഷ്‌ക്കാരങ്ങൾക്ക് വേണ്ടിയാണ് സ്ത്രീപക്ഷവാദികളും ജനാധിപത്യവാദികളും പോരാടേണ്ടത്. ഋണാത്മകമായ നേട്ടങ്ങൾ (negative gains) സമ്മാനിക്കുന്ന പരിഷ്‌കാരങ്ങൾ പ്രയോജനരഹിതമാണ്. ഉദാഹരണമായി, ശബരിമല വിഷയത്തിൽ കാണിക്കുന്നതിന് സമാനമായ വാശിയും പോരാട്ടവീര്യവും ഏകീകൃത സിവിൽ കോഡിന്റെ കാര്യത്തിൽ കാണിച്ചാൽ അതുകൊണ്ട് സ്ത്രീകൾക്ക്, വിശേഷിച്ചും മുസ്ലിം സ്ത്രീകൾക്ക് ശരിക്കും നേട്ടമുണ്ട്. ആ നേട്ടം ഭാവനാപരമോ വിഭ്രാന്തിയോ(delusional) അല്ല. യഥാർത്ഥ തലത്തിലുള്ള നേട്ടമാണത്.

(7) കടുവാ സംരക്ഷിത പ്രദേശമായ ശബരിമലയിൽ സ്ത്രീപുരുഷന്മാരും ട്രാൻസ് ജെൻഡറുകളും തീർത്ഥാടകരായി പോകാതിരിക്കുമ്പോഴാണ് ശരിയായ നവോത്ഥാനം പുലരുക. ബ്രാഹ്മണശിവന് പകരം ഈഴവ ശിവനെ പ്രതിഷ്ഠിക്കുന്നതോ പുരുഷന്മാർക്കൊപ്പം സ്ത്രീകളും അന്ധവിശ്വാസം അനുഷ്ഠിക്കുന്നതോ ഒരിഞ്ച് മുന്നോട്ട് നയിക്കില്ലെന്ന് കഴിഞ്ഞ നൂറ് വർഷത്തെ കേരളചരിത്രം നമ്മെ പഠിപ്പിക്കുന്നു. തൊട്ടുതേപ്പിലൊന്നും കാര്യമില്ല. ഡസ്‌ക് ടോപ്പിലെ ഐക്കണുകൾ മാറ്റിയതുകൊണ്ടായില്ല. ഹാർഡ് ഡിസ്‌കിലെ പ്രോഗ്രാം നീക്കംചെയ്യപ്പെടണം. നവോത്ഥാനത്തിന്റെ സൗരഭ്യം പടരുന്നത് അപ്പോൾ മാത്രമായിരിക്കും. മറിച്ചായാൽ അയർലൻഡിലും ഓസ്‌ട്രേലിയയിലും സോമാലിയയിലുമൊക്കെ മലയാളി ജപിച്ചു മുറവിളി കൂട്ടും. നൂറ് വർഷത്തിന് ശേഷവും ഇമ്മാതിരി കാലുഷ്യങ്ങൾ ആവർത്തിക്കപ്പെടും. ചികിത്സിക്കാതെ മാറ്റിവെക്കപ്പെടുന്ന രോഗങ്ങളെല്ലാം ആത്യന്തികമായി രോഗിക്ക് നേരെ തിരിയുമെന്നോർക്കുക. കപട ചികിത്സകൾ പുറമെ ആകർഷകമാണ്, ഫലം എക്കാലത്തും നിരാശാജനകവും.

 ( പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനും സ്വതന്ത്ര ചിന്തകനുമായ സി രവിചന്ദ്രൻ ഫേസ്‌ബുക്കിൽ കുറിച്ചത്)