- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2019ലെ പൗരത്വ നിയമത്തിന് ചട്ടങ്ങൾ ആയില്ല; 1955, 2009 തുടങ്ങിയ വർഷങ്ങളിൽ പാസാക്കിയ പൗരത്വ നിയമങ്ങളുടെ ചട്ടങ്ങളിൽ ഉൾപ്പെടുത്തി നയം നടപ്പാക്കി കേന്ദ്ര സർക്കാർ; ഇത് പിൻവാതിലിലൂടെ പൗരത്വം നൽകാനുള്ള ശ്രമമെന്നും വിർശനം; മതാടിസ്ഥാനത്തിൽ, 3 രാജ്യങ്ങളിൽ നിന്നുള്ള മുസ്ലിംകൾക്കൊഴികെ പൗരത്വം നൽകുന്നത് ഇങ്ങനെ
ന്യൂഡൽഹി: 1955 ലെ പൗരത്വ നിയമത്തിൽ വ്യവസ്ഥയില്ലാത്തപ്പോൾതന്നെ മതാടിസ്ഥാനത്തിൽ, 3 രാജ്യങ്ങളിൽ നിന്നുള്ള മുസ്ലിംകൾക്കൊഴികെ പൗരത്വം നൽകാൻ സർക്കാർ നടപടികൾ തുടങ്ങുമ്പോൾ വിവാദങ്ങളും പതിയെ തലപൊക്കും. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് അഭയാർത്ഥികളായി എത്തിയ ഗുജറാത്ത്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ 13 ജില്ലകളിൽ താമസിക്കുന്നവരിൽ മുസ്ലിംകൾ അല്ലാത്തവർക്ക് പൗരത്വം നൽകുന്നതിന് കഴിഞ്ഞ ദിവസമാണ് സർക്കാർ നടപടി തുടങ്ങിയത്. ഇവരിൽ നിന്ന് പൗരത്വ അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. 2019ൽ രാജ്യത്തൊട്ടാകെ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാൻ കേന്ദ്രം ശ്രമിച്ചെങ്കിലും വ്യാപക പ്രതിഷേധങ്ങളെ തുടർന്ന് തുടർ നടപടികൾ നിറുത്തിവച്ചിരിക്കുകയാണ്.
നിയമവുമായി ബന്ധപ്പെട്ട ചട്ടങ്ങളും തയാറാക്കിയിട്ടില്ല. എന്നാൽ 1955, 2009 തുടങ്ങിയ വർഷങ്ങളിൽ പാസാക്കിയ പൗരത്വ നിയമങ്ങളുടെ ചട്ടങ്ങളിൽ ഉൾപ്പെടുത്തിയാണ് നിലവിൽ പൗരത്വത്തിനുള്ള അപേക്ഷ സർക്കാർ ക്ഷണിച്ചിരിക്കുന്നത്. 2019 ൽ പൗരത്വ നിയമം ഭേദഗതി ചെയ്യുന്നതിനു മുൻപേ ചട്ടങ്ങളിലൂടെ നയം നടപ്പാക്കി എന്നതാണ് വസ്തുത. വ്യാപക പ്രതിഷേധങ്ങൾക്കിടയാക്കിയ 2019ലെ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ നടപടിക്കെതിരെ സിപിഐ എം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി അടക്കം രംഗത്ത് വന്നു കഴിഞ്ഞു. പിൻവാതിലിലൂടെ പൗരത്വ നിയമം നടപ്പാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നാണ് ആരോപണം.
അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നു വന്നിട്ടുള്ള ഹിന്ദു, ബുദ്ധ, പാഴ്സി, ക്രൈസ്തവ, ജൈന, സിഖ് മതക്കാർക്കു പൗരത്വം നൽകാൻ ഗുജറാത്ത്, ഛത്തീസ്ഗഡ്, രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലായി 13 ജില്ലകളിൽ കലക്ടർമാർക്കും ഈ സംസ്ഥാനങ്ങളിലെ ബാക്കി ജില്ലകളിൽ ആഭ്യന്തര വകുപ്പ് െസക്രട്ടറിമാർക്കും അധികാരം നൽകുന്നതാണു പുതിയ വിജ്ഞാപനം. പൗരത്വം കേന്ദ്ര വിഷയമാണെങ്കിലും 1955 ലെ നിയമത്തിലെ 16-ാം വകുപ്പനുസരിച്ചു സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥർക്ക് പൗരത്വ അപേക്ഷയിൽ തീരുമാനമെടുക്കാൻ അധികാരം നൽകാം. അതനുസരിച്ചാണ് കഴിഞ്ഞ ദിവസത്തെ വിജ്ഞാപനം. അതായത് പൗരത്വ നിയമത്തിന് ചട്ടങ്ങൾ തയ്യാറാക്കാതെ തന്നെ നിലവിലെ നിയമത്തിന്റെ സാധ്യത ഉപയോഗപ്പെടുത്തി കേന്ദ്ര സർക്കാർ അവരുടെ പ്രഖ്യാപിത നയം നടപ്പാക്കുകയാണ്.
2016 ലും 2018 ലും ഇതേപോലെ ഏതാനും സംസ്ഥാനങ്ങളിലെ കലക്ടർമാർക്കും ആഭ്യന്തര വകുപ്പ് സെക്രട്ടറിമാർക്കും അധികാരം നൽകിയിരുന്നു. 3 രാജ്യങ്ങളിൽനിന്നുള്ള 6 മതക്കാരുടെ അപേക്ഷ സംബന്ധിച്ചു മാത്രമായിരുന്നു അന്നത്തെയും തീരുമാനം. 1955 ലെ നിയമത്തിന്റെ അടിസ്ഥാനത്തിൽ, 2009 ലുണ്ടാക്കിയ ചട്ടങ്ങൾ പ്രകാരമാണ് അപേക്ഷ ക്ഷണിച്ചത്. 2009 ലെ ചട്ടങ്ങളിൽ 3 രാജ്യങ്ങളും 6 മതങ്ങളും പരാമർശിച്ചിരുന്നില്ല. 2018 ൽ ഈ ചട്ടങ്ങൾ 2 തവണ ഭേദഗതി െചയ്തു. 2018 ഒക്ടോബർ 18ന് വിജ്ഞാപനം ചെയ്ത ഭേഭഗതിയിൽ, പൗരത്വ അപേക്ഷയിൽ ഏതു മതത്തിൽ നിന്നുള്ളയാൾ എന്ന ചോദ്യം ഉൾപ്പെടുത്തി. 2018 ഡിസംബർ മൂന്നിനു വിജ്ഞാപനം ചെയ്ത ഭേദഗതിയിൽ, 3 രാജ്യങ്ങളിൽനിന്നുള്ള 6 മതങ്ങളിൽ ഏതിലെങ്കിലും ഉൾപ്പെടുന്നോ എന്ന ചോദ്യം ഉൾപ്പെടുത്തി.
2019 ഡിസംബറിൽ പാർലമെന്റ് പാസാക്കിയ പൗരത്വ നിയമ ഭേദഗതിയാണു (സിഎഎ) മതാടിസ്ഥാനത്തിൽ പൗരത്വം അനുവദിക്കുന്നവെന്ന േപരിൽ വിവാദമായത്. 3 രാജ്യങ്ങളിൽനിന്ന് 2014 ഡിസംബർ 31വരെ, മതപീഡനം കാരണം ഇന്ത്യയിലേക്കു വന്നിട്ടുള്ള 6 മതങ്ങളിൽ ഏതിലെങ്കിലും ഉൾപ്പെടുന്നവർക്ക് പൗരത്വം അനുവദിക്കുന്നതു സംബന്ധിച്ചാണ് ഈ ഭേദഗതി നിയമത്തിലെ പ്രധാന വ്യവസ്ഥകൾ. 11 വർഷമെങ്കിലുമായി ഇന്ത്യയിൽ താമസിക്കുന്ന അഭയാർഥികൾ എന്നതിലെ സമയപരിധി 5 വർഷമായി കുറച്ചു. 2019 ൽ പാസാക്കിയ ഭേദഗതികൾ കഴിഞ്ഞ വർഷം ജനുവരി 10ന് പ്രാബല്യത്തിൽ വന്നെങ്കിലും ഈ ഭേദഗതികളുടെ അടിസ്ഥാനത്തിൽ ചട്ടങ്ങളുണ്ടാക്കിയിട്ടില്ല.
കോവിഡ് പ്രതിസന്ധിക്കുശേഷം ചട്ടങ്ങൾ സംബന്ധിച്ച നടപടികളെന്നാണ് ആഭ്യന്തര മന്ത്രി വ്യക്തമാക്കിയിട്ടുള്ളത്. മതാടിസ്ഥാനത്തിൽ പൗരത്വം അനുവദിക്കാൻ 1955 ലെ നിയമത്തിൽ വ്യവസ്ഥയില്ലായിരുന്നു, 2019 ഡിസംബറിൽ വ്യവസ്ഥകളുൾപ്പെടുത്തി. അതിനു മുൻപു തന്നെ ചട്ടങ്ങളിൽ മാറ്റങ്ങൾ വരുത്തി. ഈ സാഹചര്യത്തിലാണ് പുതിയ വിജ്ഞാപനം.
മറുനാടന് മലയാളി ബ്യൂറോ