- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൗരത്വ നിയമഭേദഗതി കേസ്: മുസ്ലിം ഇതര അഭയാർഥികൾക്ക് പൗരത്വം നൽകാൻ മുമ്പും വിജ്ഞാപനം ഇറക്കിയിട്ടുണ്ട്; മുസ്ലിം ലീഗിന്റെ ഹർജി തള്ളണമെന്ന് കേന്ദ്ര സർക്കാർ, സുപ്രീംകോടതിയിൽ സത്യവാംങ്മൂലം സമർപ്പിച്ചു; കേസ് ചൊവ്വാഴ്ച പരിഗണിക്കും
ന്യൂഡൽഹി: മുസ്ലിം ഇതര അഭയാർഥികൾക്ക് പൗരത്വം നൽകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്ത് ഇറക്കിയ വിജ്ഞാപനത്തിന് എതിരെ മുസ്ലിം ലീഗ് നൽകിയ അപേക്ഷ തള്ളണമെന്ന് കേന്ദ്ര സർക്കാർ. പൗരത്വ നിയമഭേദഗതിയുമായി ഈ വിജ്ഞാപനത്തിന് യാതൊരു ബന്ധവും ഇല്ലെന്നും ലീഗിന്റെ ഹർജി തള്ളണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ സത്യവാംങ്മൂലം നൽകി.കേസ് നാളെ പരിഗണിക്കും.
മെയ് 28 ലെ പൗരത്വ വിജ്ഞാപനം ചോദ്യം ചെയ്ത് മുസ്ലിം ലീഗ് നൽകിയ ഹർജി നിയപരമായി നിലനിൽക്കില്ല. മുമ്പ് അഞ്ച് തവണ സമാനമായ വിജ്ഞാപനം ഇറക്കിയിട്ടുണ്ടെന്നും വ്യക്തമാക്കിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തത്.
പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ളാദേശ് ഉൾപ്പടെ ആറ് രാഷ്ട്രങ്ങളിൽ നിന്ന് ഇന്ത്യയിലെത്തി അഭയാർത്ഥികളായി കഴിയുന്ന മുസ്ലിം ഒഴികെയുള്ള വിഭാഗങ്ങളിൽ നിന്ന് പൗരത്വ രജിസ്ട്രേഷന് അപേക്ഷ ക്ഷണിച്ച് മെയ് 28ന് കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കിയിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെ സമാനസ്വഭാവമുള്ള വിജ്ഞാപനം ഇറക്കിയത് ചോദ്യം ചെയ്താണ് മുസ്ലിം ലീഗ് ഹർജി നൽകിയത്.
1955 ലെ പൗരത്വ നിമയപ്രകാരമുള്ളതാണ് മെയ് 28ലെ വിജ്ഞാപനം. ഇതനുസരച്ച് ഒരാൾക്ക് പൗരത്വം നൽകാനുള്ള അവകാശം സർക്കാരിനുണ്ട്. ഹിന്ദു, സിഖ്, ബുദ്ധ, ജയിൻ, പാഴ്സി, ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് പൗരത്വത്തിന് അപേക്ഷിക്കാം എന്നായിരുന്നു. മെയ് 28ലെ ഈ വിജ്ഞാപനവും പൗരത്വ ഭേദഗതി നിയമവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും കേന്ദ്ര സർക്കാർ വാദിക്കുന്നു. ഭരണഘടനയുടെ പതിനാലാം അനുച്ഛേദത്തിന്റെ ലംഘനം അല്ല വിജ്ഞാപനം. നിയമപരമായി ഇന്ത്യയിൽ എത്തിയവർക്കും ഇന്ത്യൻ വിസ ഉള്ളവർക്കും മാത്രമേ പൗരത്വം ലഭിക്കുകയുള്ളു എന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
പൗരത്വത്തിനുള്ള അപേക്ഷകളിൽ തീരുമാനം എടുക്കാനുള്ള അധികാരം ജില്ലാ കളക്ടർമാർക്ക് നൽകലാണ് പുതിയ വിജ്ഞാപനത്തിന്റെ ലക്ഷ്യം. അധികാര വികേന്ദ്രികരണത്തിലൂടെ അപേക്ഷകളിൽ വേഗത്തിൽ തീരുമാനം എടുക്കാൻ കഴിയും. പൗരത്വം നൽകുന്നതിന് നിലവിലുള്ള ഏതെങ്കിലും നിയമം ഭേദഗതി ചെയ്യുന്നത് അല്ല വിജ്ഞാപനം. എല്ലാ മത വിഭാഗങ്ങളിൽ പെട്ട വിദേശിയർക്കും ഇന്ത്യയിൽ പൗരത്വത്തിന് അപേക്ഷിക്കാം. ആ അപേക്ഷകൾ എല്ലാം കേന്ദ്ര സർക്കാർ നിയമപരമായി പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കും എന്നും കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഗുജറാത്ത്, രാജസ്ഥാൻ, ചത്തീസ്ഗഡ്, ഹരിയാണ, പഞ്ചാബ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ 13 ജില്ലകളിൽ അഭയാർഥികളായി താമസിക്കുന്നവർക്കാണ് പൗരത്വത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അപേക്ഷ ക്ഷണിച്ചത്. ഹിന്ദു , സിഖ്, ക്രിസ്ത്യൻ, ജൈന, ബുദ്ധ, പാഴ്സി വിഭാഗത്തിൽപ്പെട്ട അഭയാർത്ഥികൾക്ക് അപേക്ഷിക്കാം എന്നാണ് മെയ് 29 ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്ത് ഇറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ മുസ്ലിം മത വിഭാഗത്തിൽ പെട്ടവരെ ഒഴിവാക്കി പൗരത്വം നൽകുന്നത് ഭരണഘടനാ വിരുദ്ധം ആണെന്ന് ചൂണ്ടിക്കാട്ടി ആണ് അഭിഭാഷകൻ ഹാരിസ് ബീരാൻ മുഖേന ലീഗ് സുപ്രീം കോടതിയിൽ അപേക്ഷ നൽകിയത്.
ന്യൂസ് ഡെസ്ക്