കൊൽക്കത്ത: രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുമെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്ത് കോവിഡ് വ്യാപനം അവസാനിച്ചാലുടൻ നിയമം നടപ്പിലാക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനം എന്നും അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാളിലെ സിലിഗുരുവിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് ഈ നിയമം നടപ്പിലാക്കില്ലെന്ന വ്യാജ വാർത്ത പ്രചരിപ്പിക്കുന്നത് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബംഗാളിൽ നടന്ന പൊതു പരിപാടിയിലാണ് കേന്ദ്രത്തിന്റെ അജണ്ടയിൽ നിയമം നടപ്പിലാക്കുന്നത് നിലനിൽക്കുന്നുവെന്ന് അമിത് ഷാ തുറന്നു പറഞ്ഞത്.

'രാജ്യത്ത് പൗരത്വ നിയമം നടപ്പിലാക്കില്ലെന്ന് തൃണമൂൽ കോൺഗ്രസ് പാർട്ടി പ്രചരിപ്പിക്കുകയാണ്. ഇത് തെറ്റാണ്. കോവിഡ് കാലം കഴിഞ്ഞാൽ ഉടൻ തന്നെ നിയമം പ്രാബല്യത്തിൽ വരും'- അമിത് ഷാ പറഞ്ഞു. സിഎഎ ഒരു യാഥാർഥ്യമാണെന്നും അത് നടപ്പിലാക്കാതിരിക്കാൻ തൃണമൂൽ കോൺഗ്രസിന് ഒന്നും ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം മമത ബാനർജിയോട് പറഞ്ഞു.

പൗരത്വ ഭേദഗതി നിയമം യാഥാർത്ഥ്യമാണ്. അത് രാജ്യത്ത് ഉടൻ നടപ്പിലാക്കും. രാഷ്ട്രീയ കലാപം, അഴിമതി, രാജ്യദ്രോഹം എന്നിവയ്ക്കെതിരെയാണ് ബിജെപി പോരാടുന്നത്. ബംഗാളിലെ സ്വേച്ഛാധിപത്യഭരണം ഇല്ലാതാക്കിക്കൊണ്ട് സംസ്ഥാനത്ത് ജനാധിപത്യത്തിന്റെ വെളിച്ചമെത്തിക്കാൻ കേന്ദ്ര സർക്കാർ പ്രയത്നിക്കും. മൂന്ന് സീറ്റിൽ മാത്രം ഒതുങ്ങിയിരുന്ന ബിജെപിയെ 77 സീറ്റുകൾ എന്ന വൻ വിജയത്തിലേക്ക് എത്തിച്ച ജനങ്ങൾക്ക് നന്ദി അറിയിക്കുന്നതായും അമിത് ഷാ പറഞ്ഞു.

മൂന്നാം തവണയും മുഖ്യമന്ത്രിയായി അധികാരത്തിൽ ഏറുമ്പോൾ നല്ല മാറ്റങ്ങൾ നാം എല്ലാവരും പ്രതീക്ഷിക്കും. എന്നാൽ ജനങ്ങളെ പ്രതീക്ഷ മുഴുവൻ ഇല്ലാതാക്കിക്കൊണ്ടാണ് മമത വീണ്ടും രാഷ്ട്രീയ കലാപങ്ങൾക്ക് തുടക്കം കുറിക്കുന്നത്. ഇത് എന്നെന്നേക്കുമായി അവസാനിപ്പിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.

അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെ തിരിച്ചടിച്ച് മമത ബാനർജി രംഗത്തെത്തി. 'എന്തുകൊണ്ടാണ് ഈ ബിൽ പാർലമെന്റിൽ അവതരിപ്പിക്കാത്തത്? 2024ൽ ഭരണത്തിൽ എത്താൻ പോകുന്നില്ലെന്ന് ബിജെപിക്ക് നന്നായി അറിയാം. രാജ്യത്തെ ഒരു പൗരാവകാശത്തിന് നേരെയും ഒരു കടന്നുകയറ്റവും അനുവദിക്കാൻ കഴിയില്ല. ഐക്യമാണ് രാജ്യത്തിന്റെ ശക്തി. ഇപ്പോൾ അമിത് ഷാ ഒരു വർഷത്തിന് ശേഷം ബംഗാളിലേക്ക് വന്നിരിക്കുന്നു. ഓരോ തവണ വരുമ്പോഴും വിടുവായത്തം പറയുകയെന്നത് അമിത് ഷായുടെ ശീലമാണ്'- മമത തിരിച്ചടിച്ചു.

നിയമം നടപ്പിലാക്കുന്നതിനെതിരെ 2019 അവസാനവും 2020 ആദ്യവും വലിയ പ്രതിഷേധങ്ങളുണ്ടായിരുന്നു. എന്നാൽ കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ഡൗണും പ്രഖ്യാപിച്ചതോടെ പ്രതിഷേധങ്ങൾ അടങ്ങുകയും പിന്നീട് നിയമം നടപ്പിലാക്കുന്നതിൽ നിന്ന് കേന്ദ്രം പിന്നോട്ട് പോകുകയും ചെയ്തിരുന്നു.