ന്യുഡൽഹി: വനിതാ ജഡ്ജിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചുവെന്ന പരാതിയിൽ ടാക്സി ഡ്രൈവർ അറസ്റ്റിൽ. ഡൽഹിയിലാണ് സംഭവം. കർകർദൂമ കോടതിയിലെ ജഡ്ജിയെ ആണ് തിങ്കളാഴ്ച തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.

കോടതിയിലേക്ക് കൊണ്ടുപോകുന്നതിനു പകരം ജഡ്ജിയെ വഴിമാറ്റി ഹപൂർ എൻ.എച്ച-24 വഴി കൊണ്ടുപോകാനാണ് ഡ്രൈവർ ശ്രമിച്ചത്. ജഡ്ജിയുടെ പരാതിയിലാണ് പൊലീസ് ഇയാളെ പിടികൂടിയത്.

റൂട്ട് മാറിയാണ് വാഹനം പോകുന്നതെന്ന് മനസ്സിലായതോടെ ജഡ്ജിതന്നെ വിവരം പൊലീസിനെയും സഹപ്രവർത്തകരെയും അറിയിക്കുകയായിരുന്നു. കുറച്ചുദൂരം സഞ്ചരിച്ച ശേഷം ഡ്രൈവർ കാർ യു-ടേൺ എടുത്ത് ഡൽഹിയിലേക്ക് തിരിച്ചു. ഗസ്സിയാപുർ ടോൾ പ്ലാസയിൽ വച്ച് പൊലീസ് കാർ പിടികൂടുകയായിരുന്നു.

ഒരു സ്വകാര്യ ടാക്സി കമ്പനിയുമായി ചേർന്ന് പ്രവർത്തിക്കുന്നയാളാണ് ഡ്രൈവർ. കമ്പനിയുടെ പങ്കും പരിശോധിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.