തിരുവനന്തപുരം: ജോലിക്കിടെ അപകടമുണ്ടായി ചികിത്സയിലിരിക്കെ മരണമടഞ്ഞ ഫയർ ആൻഡ് റെസ്‌ക്യു സർവ്വീസസ് വകുപ്പിലെ ഹോം ഗാർഡ് കെ മനോഹരന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

നിയമനം

സർവ്വശിക്ഷ കേരള സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടറായി ഡോക്ടർ സുപ്രിയ എ. ആറിനെ പുനർനിയമന വ്യവസ്ഥയിൽ നിയമിക്കാൻ തീരുമാനം. സെന്റർ ഫോർ അഡൽറ്റ് കണ്ടിന്യൂയിങ്ങ് എഡ്യുക്കേഷൻ എക്സ്റ്റൻഷൻ ( കേരള സർവ്വകലാശാല)ൽ നിന്നും ഡയറക്ടറായി വിരമിച്ച വ്യക്തിയാണ് ഡോ സുപ്രിയ.

പെൻഷൻപ്രായം ഉയർത്തി

ഇൻഷുറൻസ് മെഡിക്കൽ സർവ്വീസസ് വകുപ്പിലെ ഡന്റൽ സർജന്മാരുടെ വിരമിക്കൽ പ്രായം 56 വയസിൽ നിന്നും 60 വയസായി ഉയർത്താൻ തീരുമാനിച്ചു. ആരോഗ്യ വകുപ്പിലെയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെയും എംബിബിഎസ് ബിരുദധാരികളായ ഡോക്ടർമാരുടെയും ബിഡിഎസ് യോഗ്യതയുള്ള ഡോക്ടർമാരുടെയും വിരമിക്കൽ പ്രായം തുല്യമായതിനാൽ ഇൻഷുറൻസ് മെഡിക്കൽ സർവ്വീസസിലെ ഡന്റൽ സർജന്മാരുടെ പെൻഷൻ പ്രായം ഇൻഷുറൻസ് മെഡിക്കൽ ഓഫീസർമാരുടേതിന് തുല്യമാക്കി ഉയർത്തണമെന്ന അപേക്ഷയിലാണ് തീരുമാനം.

കോഴിക്കോട് മർക്കസ് നോളജ് സിറ്റി ക്യാംപസിൽ നാച്ചുറോപ്പതി ആൻഡ് യോഗ മെഡിക്കൽ കോളേജ് ആരംഭിക്കുന്നതിന് നിരാക്ഷേപ പത്രം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.