- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീകളുടെ വിവാഹപ്രായം 18ൽ നിന്ന് 21ലേക്ക് ഉയർത്തി; ശിപാർശ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു; പാർലമെന്റിന്റെ നടപ്പു സമ്മേളനത്തിൽ നിയമഭേദഗതി കൊണ്ടുവന്നേക്കും; 2006ലെ ശൈശവ വിവാഹ നിരോധന നിയമത്തിൽ സർക്കാർ ഭേദഗതി കൊണ്ടു വരും;ഹിന്ദുമാരേജ് ആക്ടിലും ഭേദഗതി വരുത്തും
ന്യൂഡൽഹി: രാജ്യത്തെ വിവാഹ പ്രായത്തിൽ നിർണായക തീരുമാനവുമായി കേന്ദ്രസർക്കാർ. സ്ത്രീകളുടെ വിവാഹ പ്രായം 18 വയസിൽ നിന്ന് 21 വയസായി ഉയർത്താനുള്ള നിർദ്ദേശം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. 2020 ലെ സ്വാതന്ത്ര്യദിനത്തിലാണ് വിവാഹ പ്രായം ഉയർത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപനം നടത്തിയത്. പാർലമെന്റിന്റെ നടപ്പുസമ്മേളനത്തിൽ നിയമഭേദഗതി കൊണ്ടുവന്നേക്കും.
സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യം, പോഷകാഹാരം മെച്ചപ്പെടുത്തൽ തുടങ്ങിയവ സംബന്ധിച്ച കാര്യങ്ങൾ പഠിക്കാൻ വേണ്ടി രൂപീകരിച്ച കേന്ദ്ര ടാസ്ക് ഫോഴ്സ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭാ യോഗ തീരുമാനം ഉണ്ടായിരിക്കുന്നത്. നിലവിൽ സ്ത്രീകളുടെ വിവാഹപ്രായം 18ഉം പുരുഷന്മാരുടെ വിവാഹ പ്രായം 21 ആണ്. വിവാഹ പ്രായം ഉയർത്തുന്നത് സംബന്ധിച്ച പ്രമേയം മന്ത്രിസഭ അംഗീകരിച്ചതിനെ തുടർന്ന് 2006ലെ ശൈശവ വിവാഹ നിരോധന നിയമത്തിൽ സർക്കാർ ഭേദഗതി കൊണ്ടു വരുമെന്നും പ്രത്യേക വിവാഹ നിയമത്തിലും 1955ലെ ഹിന്ദു വിവാഹ നിയമം പോലുള്ള വ്യക്തി നിയമങ്ങളും കൊണ്ടു വരുമെന്നും അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
'ഞങ്ങളുടെ ശുപാർശയ്ക്ക് പിന്നിൽ ന്യായവാദം ഒരിക്കലും ജനസംഖ്യാ നിയന്ത്രണമല്ലെന്ന് വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നാഷണൽ ഫാമിലി ഹെൽത്ത് സർവേ പുറത്തുവിട്ട സമീപകാല കണക്ക്, മൊത്തം പ്രത്യുത്പാദന നിരക്ക് കുറയുകയാണെന്നും ജനസംഖ്യ നിയന്ത്രണത്തിലാണെന്നും കാണിക്കുന്നു. ഇതിന്റെ പിന്നിലെ (ശുപാർശയുടെ) ഉദ്ദേശം സ്ത്രീ ശാക്തീകരണമാണ്.'' ജയാ ജെയ്റ്റിലി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
നാഷണൽ ഫാമിലി ഹെൽത്ത് സർവേ പ്രകാരമുള്ള കണക്കനുസരിച്ച്, മൊത്തം പ്രത്യുത്പാദന നിരക്ക് 2.1 എന്നതിൽ നിന്നും ഇന്ത്യ ആദ്യമായി 2.0 എന്ന നിരക്ക് കൈവരിച്ചു, ഇത് വരും വർഷങ്ങളിൽ ജനസംഖ്യാ വിസ്ഫോടനത്തിന് സാധ്യതയില്ലെന്ന് സൂചിപ്പിക്കുന്നതാണ്. ശൈശവ വിവാഹങ്ങൾ 2015-16 ൽ 27 ശതമാനം ആയിരുന്നതിൽ നിന്ന് 2019-21 ൽ 23 ശതമാനമായി കുറഞ്ഞുവെന്നും കണക്കുകൾ വെളിപ്പെടുത്തുന്നു. ''വിദഗ്ധരുമായി വിപുലമായ കൂടിയാലോചനകൾക്ക് ശേഷം, യുവാക്കളുമായും, തീരുമാനം നേരിട്ട് ബാധിക്കുന്നവരയായതിനാൽ പ്രത്യേകിച്ച് യുവതികളുമായും കൂടിയാലോചിച്ച ശേഷമാണ് ടാസ്ക് ഫോഴ്സ് ശുപാർശ നൽകിയത്,'' സമതാ പാർട്ടിയുടെ മുൻ അധ്യക്ഷയായ ജെയ്റ്റ്ലി പറഞ്ഞു.
''ഞങ്ങൾക്ക് 16 സർവ്വകലാശാലകളിൽ നിന്ന് ഫീഡ്ബാക്ക് ലഭിച്ചിട്ടുണ്ട്, കൂടാതെ, യുവജനങ്ങളിലേക്ക്, പ്രത്യേകിച്ച് ഗ്രാമങ്ങളിലേക്ക്, പാർശ്വവൽക്കരിക്കപ്പെട്ട കമ്മ്യൂണിറ്റികളിലേക്ക് എത്തിച്ചേരാൻ ഇടയുള്ള 15-ലധികം എൻജിഒകൾളിൽ നിന്നും വിവിധ മതങ്ങളിലും നഗരങ്ങളിലും ഗ്രാമങ്ങളിൽ നിന്നുമുള്ള ഫീഡ്ബാക്കുകളും ഒരേപോലെയാണ് സ്വീകരിച്ചത്,'' അവർ പറഞ്ഞു. ''പ്രായപൂർത്തിയായവരിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ച ഫീഡ്ബാക്ക് വിവാഹപ്രായം 22-23 വയസ്സായിരിക്കണം എന്നതാണ്. ചില കോണുകളിൽ നിന്ന് എതിർപ്പുകൾ ഉണ്ടായിട്ടുണ്ട്, പക്ഷേ ടാർഗെറ്റ് ഗ്രൂപ്പിന്റെ നിർദേശമാണ് കൂടുതൽ പ്രധാനമെന്ന് ഞങ്ങൾക്ക് തോന്നി,'' അവർ പറഞ്ഞു.
വനിതാ ശിശുവികസന മന്ത്രാലയം 2020 ജൂണിൽ രൂപീകരിച്ച ടാസ്ക് ഫോഴ്സിൽ നിതി ആയോഗിലെ ഡോ വി കെ പോൾ, ഡബ്ല്യുസിഡി, ആരോഗ്യ, വിദ്യാഭ്യാസ മന്ത്രാലയങ്ങൾ, നിയമനിർമ്മാണ വകുപ്പ് സെക്രട്ടറിമാർ എന്നിവരും ഉൾപ്പെടുന്നു. തീരുമാനത്തിന്റെ സാമൂഹിക സ്വീകാര്യത പ്രോത്സാഹിപ്പിക്കുന്നതിന് സമഗ്രമായ ഒരു പൊതു ബോധവൽക്കരണ ക്യാമ്പയിൻ നടത്തണമെന്നും ടാസ്ക് ഫോഴ്സ് ശുപാർശ ചെയ്തിട്ടുണ്ട്. ദൂരെയുള്ള പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വാഹനസൗകര്യം ഉൾപ്പെടുത്തണം, പെൺകുട്ടികൾക്ക് സ്കൂളുകളിലും സർവകലാശാലകളിലേക്കും പ്രവേശനം ഉറപ്പാക്കണമെന്നും ശുപാർശ ചെയ്തു.
സ്കൂൾ പാഠ്യപദ്ധതിയിൽ ലൈംഗികവിദ്യാഭ്യാസം കൊണ്ടുവരാനും സമിതി ശുപാർശ ചെയ്തിട്ടുണ്ട്. പോളിടെക്നിക്കുകളിൽ പെൺകുട്ടികൾക്ക് പരിശീലനം, വൈദഗ്ധ്യം, ബിസിനസ്സ് പരിശീലനം, എന്നിവ നൽകുന്നത് വിവാഹപ്രായം വർധിപ്പിക്കുന്നതിനുള്ള മാർഗമായി ശുപാർശ ചെയ്തിട്ടുണ്ട്. 'പെൺകുട്ടികൾക്ക് തങ്ങൾ സാമ്പത്തികമായി സ്വതന്ത്രരാണെന്ന് കാണിക്കാൻ കഴിയുമെങ്കിൽ, അവരെ വിവാഹം കഴിപ്പിക്കുന്നതിന് മുമ്പ് മാതാപിതാക്കൾക്ക് രണ്ടുതവണ ആലോചിക്കേണ്ടി വരും,'' വൃത്തങ്ങൾ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ