ഓർഡിനൻസുകളിൽ ഗവർണർ ഒപ്പുവയ്ക്കാത്തത് അസാധാരണ സാഹചര്യമെന്ന് മുഖ്യമന്ത്രി; പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാൻ മന്ത്രാസഭായോഗത്തിന്റെ ശുപാർശ; നിയമനിർമ്മാണത്തിനായി 10 ദിവസത്തേക്ക് സഭ വിളിച്ചുചേർക്കും; ഓർഡിനൻസുകളിൽ ഒപ്പിടേണ്ട അടിയന്തര സാഹചര്യമില്ലെന്നും തന്നെ ആരും നിയന്ത്രിക്കുന്നില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി ഉൾപ്പെടെ കാലാവധി കഴിയുന്ന 11 ഓർഡിനൻസുകൾ പുതുക്കിയിറക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിസമ്മതിച്ചതോടെ അവ അസാധുവായിരുന്നു. ഇതോടെ, ഗവർണറും സർക്കാരുമായുള്ള ഏറ്റുമുട്ടൽ പുതിയ വഴിത്തിരിവിലെത്തി നി്ൽക്കുകയാണ്.
ഓർഡിനൻസുകൾ അസാധുവാകുന്നത് പരിഹരിക്കാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാൻ ശുപാർശ. നിയമനിർമ്മാണത്തിനായി 10 ദിവസത്തേക്ക് നിയമസഭ വിളിച്ചുചേർക്കാനാണ് ഇന്നു ചേർന്ന സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചത്. ഇതു സംബന്ധിച്ച മന്ത്രിസഭായോഗത്തിന്റെ ശുപാർശ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കൈമാറും.
ഈ മാസം 22 മുതൽ സെപ്റ്റംബർ രണ്ടു വരെ നിയമസഭ വിളിച്ചു ചേർക്കാനാണ് തീരുമാനം. ഗവർണർ ഓർഡിനൻസുകളിൽ ഒപ്പിടാത്തത് അസാധാരണ സാഹചര്യമെന്ന് മുഖ്യമന്ത്രി മന്ത്രിസഭായോഗത്തിൽ പറഞ്ഞു. ലോകായുക്ത നിയമഭേദഗതി അടക്കം 11 ഓർഡിനൻസുകളാണ് ഗവർണർ ഒപ്പിടാതിരുന്നതിനെത്തുടർന്ന് അസാധുവായത്.
പ്രധാനപ്പെട്ട നിയമങ്ങളെല്ലാം തന്നെ ബില്ലുകളായി അവതരിപ്പിച്ച് നിയമസഭ പാസ്സാക്കി ഗവർണറുടെ അനുമതിക്കായി സമർപ്പിക്കാനാണ് സർക്കാരിന്റെ തീരുമാനം. സഭ പാസ്സാക്കി അയക്കുന്നത് ഗവർണർക്ക് ഒപ്പിടേണ്ടി വരും. മാത്രമല്ല ഇപ്പോൾ ഗവർണറുടെ അനുമതി തേടി സമർപ്പിച്ച പല ഓർഡിനൻസുകളും പല തവണ പുതുക്കിയതാണ്. അതിൽ ഗവർണർ വിശദീകരണം തേടുകയും ചെയ്തിരുന്നു.
അതേസമയം, ഓർഡിനൻസുകളിൽ ഒപ്പിടേണ്ട അടിയന്തര സാഹചര്യമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'എല്ലാവർക്കും അവരവരുടേതായ അഭിപ്രായങ്ങളുണ്ട്. അതിന്റെകൂടെ പോകാൻ താൽപ്പര്യമില്ല. നമ്മൾ ഒരു ജനാധിപത്യവ്യവസ്ഥിതിയിലാണ് ജീവിക്കുന്നത്. ഞാൻ എന്റെ ജോലിചെയ്യുകയാണ്. എന്നെ ആരും നിയന്ത്രിക്കുന്നില്ല. ഞാൻ എന്റെ തീരുമാനങ്ങളും ബോധമുള്ള കാര്യങ്ങളുമാണ് നടപ്പിലാക്കുന്നത്. അവർക്ക് എന്നെ വിമർശിക്കാം, നിരസിക്കാം. ചെയ്യാൻ പറ്റുന്നതെന്തും ചെയ്യാം', ഗവർണർ പറഞ്ഞു.
അതേസമയം, ഉന്നതവിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട റിപ്പോർട്ട് കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഞാൻ കാണാത്ത ഒരു റിപ്പോർട്ടിനെക്കുറിച്ച് ഒന്നും പറയാനില്ലെന്ന് ആരിഫ് മുഹമ്മദ് ഖാൻ മാധ്യമങ്ങളോട് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ