- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ശബരിമല കേസുകൾ പിൻവലിച്ചതും 82 കായികതാരങ്ങൾക്ക് ജോലിയും ശമ്പള പരിഷ്കരണവും അടക്കം മന്ത്രിസഭ ബുധനാഴ്ച എടുത്തത് സുപ്രധാന തീരുമാനങ്ങൾ; പൂർണരൂപം ഇങ്ങനെ
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനം, പൗരത്വഭേദഗതി നിയമം എന്നീ പ്രശ്‌നങ്ങളിൽ സംസ്ഥാനത്ത് നടന്ന പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട ഗുരുതരമായ ക്രിമിനൽ സ്വഭാവമില്ലാത്ത എല്ലാ കേസുകളും പിൻവലിക്കുന്നതിന് മന്ത്രിസഭ തീരുമാനിച്ചു.
82 കായികതാരങ്ങൾക്ക് ജോലി
മുപ്പത്തഞ്ചാമത് ദേശീയ ഗെയിംസിൽ കേരളത്തെ പ്രതിനിധാനം ചെയ്ത് ടീം ഇനങ്ങളിൽ വെള്ളി, വെങ്കല മെഡലുകൾ നേടിയ 82 കായികതാരങ്ങളെ കായിക യുവജന കാര്യ ഡയറക്ടറേറ്റിൽ സൂപ്പർന്യൂമററി തസ്തികകൾ സൃഷ്ടിച്ച് നിയമിക്കാൻ തീരുമാനിച്ചു.
വർഗീസിന്റെ സഹോദരങ്ങൾക്ക് നഷ്ടപരിഹാരം
തിരുനെല്ലി കാട്ടിൽ പൊലീസ് വെടിയേറ്റു മരിച്ച വർഗീസിന്റെ സഹോദരങ്ങളായ മറിയക്കുട്ടി, അന്നമ്മ, എ.തോമസ്, എ.ജോസഫ് എന്നിവർക്ക് സെക്രട്ടറിതല സമിതി ശുപാർശ ചെയ്ത 50 ലക്ഷം രൂപ നഷ്ടപരിഹാരമായി അനുവദിക്കാൻ തീരുമാനിച്ചു. 1970 ഫെബ്രുവരി 18-നാണ് വർഗീസ് കൊല്ലപ്പെട്ടത്.
വർഗീസിനെ പൊലീസ് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞതിനെ തുടർന്ന് ബന്ധുക്കൾ നഷ്ടപരിഹാരത്തിന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. സർക്കാരിന് ഇത് സംബന്ധിച്ച് നിവേദനം നൽകാനായിരുന്നു ഹൈക്കോടതി നിർദേശിച്ചത്. തുടർന്ന് സഹോദരങ്ങൾ നൽകിയ നിവേദനം പരിശോധിച്ചാണ് നഷ്ടപരിഹാരം നിശ്ചയിച്ചത്.
ഐടി, ഐടി അനുബന്ധ തൊഴിലാളികൾക്ക് ക്ഷേമ പദ്ധതി
ഐടി, ഐടി അനുബന്ധ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ക്ഷേമത്തിന് പ്രത്യേക പദ്ധതി രൂപീകരിക്കാൻ തീരുമാനിച്ചു. ഇതിന്റെ നടത്തിപ്പ് കേരള ഷോപ്പ്‌സ് ആൻഡ് കമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമബോർഡിനായിരിക്കും. പെൻഷൻ, കുടുംബപെൻഷൻ, പ്രസവാനുകൂല്യം, വിവാഹാനുകൂല്യം, ചികിത്സാസഹായം, വിദ്യാഭ്യാസ സഹായം, മരണാനന്തര ആനുകൂല്യം എന്നിവയാണ് ഈ പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുള്ളത്.
പത്ത് ജീവനക്കാരിൽ താഴെയുള്ള ഐടി സംരംഭകരെയും ഈ പദ്ധതിയിൽ ഉൾപ്പെടുത്തും. സംസ്ഥാനത്ത് രണ്ട് ലക്ഷത്തിലേറെ ഐടി അനുബന്ധ ജീവനക്കാർ ഉണ്ടെന്നാണ് കണക്കാക്കുന്നത്. ജീവക്കാരും കുടുംബാംഗങ്ങളും ക്ഷേമനിധിയുടെ പരിധിയിൽ വരും. 18-നും 55-നും ഇടയ്ക്ക് പ്രായമുള്ളവർക്കാണ് അംഗത്വത്തിന് അർഹത.
മാറ്റിവെച്ച ശമ്പളം ഏപ്രിൽ മുതൽ തിരിച്ചു നൽകും
കോവിഡ് മൂലമുള്ള രുക്ഷമായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ മാറ്റിവെച്ച സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം 2021 ഏപ്രിൽ മുതൽ അഞ്ചുതവണകളായി തിരിച്ചുനൽകാൻ തീരുമാനിച്ചു. അഞ്ചുതവണകളായി മാറ്റിവെച്ച ശമ്പളം പ്രൊവിഡന്റ് ഫണ്ടിൽ ലയിപ്പിക്കാനും ജൂൺ മുതൽ പിൻവലിക്കുന്നതിന് അനുവാദം നൽകാനുമായിരുന്നു നേരത്തെ തീരുമാനിച്ചത്.
പങ്കാളിത്ത പെൻഷൻകാരുടെ കാര്യത്തിൽ അധിക എൻ.പി.എസ് വിഹിതം പിടിക്കാതെ മാറ്റിവെച്ച ശമ്പളം തിരിച്ചുനൽകും. മാറ്റിവെച്ച ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകാൻ താല്പര്യമുള്ള ജീവനക്കാർക്ക് അതിനുള്ള ക്രമീകരണം ഏർപ്പെടുത്തും.
ശമ്പളം പരിഷ്‌കരിക്കും
സംസ്ഥാനത്തെ സർവകലാശാലകളിലെ അനധ്യാപക ജീവനക്കാരുടെ ശമ്പളം സംസ്ഥാന ജീവനക്കാരുടെതുപോലെ പരിഷ്‌കരിക്കാൻ തീരുമാനിച്ചു. പുതുക്കിയ ശമ്പളവും അലവൻസുകളും 2021 ഏപ്രിൽ ഒന്നു മുതൽ വിതരണം ചെയ്യും.
ഹൈക്കോടതി ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കാൻ തീരുമാനിച്ചു
ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്റ്റ്‌സിലെ സബോർഡിനേറ്റ് സർവീസ് ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കാൻ തീരുമാനിച്ചു.
കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫയർ സൊസൈറ്റിയിലെ സ്ഥിരം ജീവനക്കാർക്ക് ശമ്പളം പരിഷ്‌കരിക്കാൻ തീരുമാനിച്ചു.
തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിലെ ജീവനക്കാർക്ക് ശമ്പളപരിഷ്‌കരണം നടപ്പാക്കാൻ തീരുമാനിച്ചു.
കേരള സ്റ്റേറ്റ് കയർ കോർപ്പറേഷനിലെ ജീവനക്കാർക്ക് ശമ്പളപരിഷ്‌കരണം അനുവദിക്കാൻ തീരുമാനിച്ചു.
കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ വികസന കോർപ്പറേഷനിലെ ജീവനക്കാർക്ക് ശമ്പളപരിഷ്‌കരണം നടപ്പാക്കാൻ തീരുമാനിച്ചു.
മലബാർ സിമന്റ്‌സ് ലിമിറ്റഡിലെ മാനേജീരിയൽ തസ്തികയിലുള്ള ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കാൻ തീരുമാനിച്ചു.
സംസ്ഥാന ശാസ്ത്ര പരിസ്ഥിതി കൗൺസിലിലേയും അതിനു കീഴിലുള്ള ഗവേഷണ സ്ഥാപനങ്ങളിലേയും സി.എസ്‌ഐ.ആർ നിരക്കിൽ ശമ്പളം ലഭിക്കുന്ന ജീവനക്കാർക്ക് ഏഴാം കേന്ദ്ര ശമ്പള പരിഷ്‌കരണം അനുവദിക്കാൻ തത്വത്തിൽ തീരുമാനിച്ചു.
ദീർഘകാല കരാർ
കെ.എസ്.ഡി.പിയിലെ വർക്ക്‌മെൻ കാറ്റഗറി ജീവനക്കാരുടെ ദീർഘകാല കരാർ നടപ്പാക്കാൻ അനുമതി നൽകി.
ഓട്ടോകാസ്റ്റ് ലിമിറ്റഡിലെ തൊഴിലാളികളുടെ ദീർഘകാല കരാർ 2014 മുതൽ അഞ്ചു വർഷത്തേക്ക് നടപ്പാക്കാൻ തീരുമാനിച്ചു.
നോഡൽ ഏജൻസി
ശബരിമല വിമാനത്താവളത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നോഡൽ ഏജൻസിയായി കിൻഫ്രയെ ചുമതലപ്പെടുത്തും.
തസ്തികകൾ
കെ.എ.പി ആറാം ബറ്റാലിയൻ
കോഴിക്കോട് ജില്ലയിൽ കെ.എ.പി ആറാം ബറ്റാലിയൻ എന്ന പേരിൽ പുതിയ ആംഡ് പൊലീസ് ബറ്റാലിയൻ രൂപീകരിക്കാൻ തീരുമാനിച്ചു. ആരംഭഘട്ടത്തിൽ 100 പൊലീസ് കോൺസ്റ്റബിൾ മാരെ (25 വനിതകൾ) ഉൾപ്പെടുത്തി ബറ്റാലിയൻ രൂപീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനു വേണ്ടി 100 പൊലീസ് കോൺസ്റ്റബിളിന്റെതടക്കം 113 തസ്തികകൾ സൃഷ്ടിക്കും.
പൊലീസ് സേനയിൽ ഇപ്പോൾ 11 ആംഡ് പൊലീസ് ബറ്റാലിയനുകളാണ് പ്രവർത്തിക്കുന്നത്. ഇതിൽ 8 എണ്ണം ക്രമസമാധാനപാലനവുമായി ബന്ധപ്പെട്ടവയാണ്. കെ.എ.പി. അഞ്ചാം ബറ്റാലിയൻ രൂപീകൃതമായത് 35 വർഷം മുമ്പാണ് അതിനുശേഷം ക്രമസമാധാനപാലന സാഹചര്യം ഏറെ മാറി. നഗരവൽക്കരണവും ആസൂത്രിത കുറ്റകൃത്യങ്ങളും തീവ്രവാദ ഭീഷണിയും ക്രമസമാധാനപാലന രംഗത്ത് പൊലീസിന്റെ വെല്ലുവിളി വർധിപ്പിച്ചു. ഇതെല്ലാം കണക്കിലെടുത്താണ് സേനയ്ക്ക് പുതിയൊരു ബറ്റാലിയൻ രൂപീകരിക്കാൻ തീരുമാനിച്ചത്.
ഹൈക്കോടതി എസ്റ്റാബ്ലിഷ്‌മെന്റിലേക്ക് കമ്പ്യൂട്ടർ അസിസ്റ്റന്റിന്റെ അഞ്ച് സ്ഥിരം തസ്തികകൾ അനുവദിക്കാൻ തീരുമാനിച്ചു.
സംസ്ഥാനത്തെ എയ്ഡഡ് മേഖലയിലുള്ള 11 ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിൽ 33 സ്ഥിരം തസ്തിക ഉൾപ്പെടെ 44 തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു.
കാസർകോട് ജില്ലയിലെ പരപ്പയിൽ ഒരു ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസും ഒരു ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസും ആരംഭിക്കുന്നതിനും 8 സ്ഥിരം തസിത്കകൾ അടക്കം 12 തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു.
കേരള രാജ്ഭവനിൽ വിവിധ വിഭാഗങ്ങളിലായി 14 തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു.
പീരുമേട് താലൂക്കാശുപത്രിയിൽ അനസ്‌തേഷ്യ വിഭാഗത്തിൽ ഒരു ജൂനിയൽ കൺസൾട്ടന്റ് തസ്തിക സൃഷ്ടിക്കാൻ തീരുമാനിച്ചു.
ഗ്രാമന്യായലയങ്ങളിലും ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതികളിലുമായി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറുടെ (ഗ്രേഡ് രണ്ട്) 12 തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു. റാന്നി, മലമ്പുഴ, നെടുങ്കണ്ടം, കട്ടപ്പന, വൈക്കം, തൃശ്ശൂർ ജില്ലയിലെ മതിലകം, തിരുവനന്തപുരം ജില്ലയിലെ വെള്ളനാട്, കോഴിക്കോട് ജില്ലയിലെ കുന്നുമ്മൽ, കൊടുവള്ളി, ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി എന്നീ ഗ്രാമന്യായാലയങ്ങളിലും കൽപ്പറ്റ ജെഎഫ്എംസി, ആലപ്പുഴ ജെഎഫ്‌സിഎം.സി-2 എന്നീ കോടതികളിലുമാണ് തസ്തിക സൃഷ്ടിക്കുന്നത്.
കേരള സ്റ്റേറ്റ് ലൈവ്‌സ്റ്റോക്ക് ഡവലപ്‌മെന്റ് ബോർഡ് ലിമിറ്റഡിൽ നിർത്തലാക്കിയ 14 തസ്തികകൾക്ക് പകരമായി 4 തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു.
കേരള കെട്ടിടനിർമ്മാണ തൊഴിലാളി ക്ഷേമബോർഡിന്റെ മലപ്പുറം ജില്ലാ ഓഫീസിൽ ഒരു അഡീഷണൽ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസറുടെ തസ്തിക സൃഷ്ടിക്കാൻ തീരുമാനിച്ചു.
തിരുവനന്തപുരം പൂജപ്പുര ചിന്നമ്മ മെമോറിയൽ ഗേൾസ് ഹയർ സെക്കന്ററി സ്‌കൂളിനു വേണ്ടി 6 തസ്തികകൾ സൃഷ്ടിക്കാനും ഒരു തസ്തിക അപ്‌ഗ്രേഡ് ചെയ്യാനും തീരുമാനിച്ചു.
തൃക്കാക്കര കാർഡിനാൽ ഹയർസെക്കന്ററി സ്‌കൂൾ, വളാഞ്ചേരി ഹയർസെക്കന്ററി സ്‌കൂൾ, കടയ്ക്കാവൂർ ശ്രീ സേതുപാർവ്വതി ഹയർസെക്കന്ററി സ്‌കൂൾ എന്നീ മൂന്നു എയ്ഡഡ് വിദ്യാലയങ്ങൾക്കു വേണ്ടി 21 തസ്തികകൾ സൃഷ്ടിക്കാനും 4 തസ്തികകൾ അപ്‌ഗ്രേഡ് ചെയ്യാനും തീരുമാനിച്ചു.
കണ്ണൂർ ആറളം ഗവൺമെന്റ് ഹയർസെക്കന്ററി സ്‌കൂളിൽ ഒരു പ്രിൻസിപ്പൽ തസ്തിക സൃഷ്ടിക്കാൻ തീരുമാനിച്ചു.
കേരള അഗ്രോമെഷിനറി കോർപ്പറേഷൻ ലിമിറ്റഡ് കണ്ണൂർ വലിയ വെളിച്ചം യൂണിറ്റിലേക്ക് 38 സ്ഥിരം തസ്തികകൾ അടക്കം 45 തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു.
പി.എസ്.സി മുഖേന നിയമിതരായെങ്കിലും പഞ്ചായത്ത് വകുപ്പിലെ സൂപ്പർന്യൂമററി തസ്തികകളിൽ ജോലി ചെയ്യുന്ന 23 എൽ.ഡി. ടൈപ്പിസ്റ്റുമാരുടെ നിയമനം അവർ സർവീസിൽ പ്രവേശിച്ച തീയതി മുതൽ ക്രമപ്പെടുത്താൻ തീരുമാനിച്ചു.
പൊലീസ് ഫുട്‌ബോൾ അക്കാദമി
മലബാർ സ്‌പെഷ്യൽ പൊലീസിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എം.എസ്‌പി കാമ്പസിൽ കേരള പൊലീസ് ഫുട്‌ബോൾ അക്കാദമി രൂപീകരിക്കാൻ തീരുമാനിച്ചു. അക്കാദമിയുടെ ഡയറക്ടറായി പ്രശ്‌സത ഫുട്‌ബോൾ താരവും കേരള പൊലീസിലെ ഉദ്യോഗസ്ഥനുമായ ഐ.എം. വിജയനെ നേരത്തെ നിയമിച്ചിരുന്നു.
അഞ്ചു മുതൽ പത്തു വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികളിൽ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പരിശീലനം നൽകാനാണ് ആദ്യഘട്ടത്തിൽ ഉദ്ദേശിക്കുന്നത്. 25 വിദ്യാർത്ഥികൾ വീതമുള്ള രണ്ടു ബാച്ചുകളെയാണ് തെരഞ്ഞെടുക്കുക. ഇവർക്ക് എം.എസ്‌പി സ്‌കൂളിൽ പ്രവേശനം നൽകും. താമസവും ഭക്ഷണവും സൗജന്യമായിരിക്കും. പൊലീസ് വകുപ്പിലുള്ള അന്തർദേശീയ കായികതാരങ്ങളെ പരിശീലകരായി നിയമിക്കും.
ആദ്യ ബാച്ചിന്റെ പരിശീലനം മെയ് ഒന്നിന് ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. സെലക്ഷൻ ട്രയൽസിലൂടെയാണ് കുട്ടികളെ തെരഞ്ഞെടുക്കുക. എം.എസ്‌പി. എൽ.പി. സ്‌കൂൾ മൈതാനം, സമീപമുള്ള കൂട്ടിലങ്ങാടി മൈതാനം എന്നിവിടങ്ങളിലായിരിക്കും പരിശീലനം.
ശ്രീഎം നേതൃത്വം നൽകുന്ന സൽസംഗ് ഫൗണ്ടേഷന് യോഗ ആൻഡ് റിസർച്ച് സെന്റർ സ്ഥാപിക്കുന്നതിന് തിരുവനന്തപുരം ചെറുവയ്ക്കൽ വില്ലേജിൽ ഹൗസിങ് ബോർഡിന്റെ കൈവശത്തിലുള്ള 4 ഏക്കർ സ്ഥലം നിബന്ധനകളോടെ പത്തുവർഷത്തേക്ക് പാട്ടത്തിനു നൽകാൻ തീരുമാനിച്ചു.
ആശ്രിത നിയമനം
നിയമസഭാംഗമായിരിക്കെ അന്തരിച്ച കെ.വി. വിജയദാസിന്റെ മക്കളിൽ ഒരാൾക്ക് എൻട്രി കേഡറിൽ ജോലി നൽകാൻ തീരുമാനിച്ചു.
അതിക്രമത്തിനിരയായി മരണപ്പെടുന്ന പട്ടികജാതി-പട്ടികവർഗ്ഗത്തിൽ പെട്ടവരുടെ ആശ്രിതർക്ക് സർക്കാർ ജോലി നൽകുന്ന പദ്ധതിപ്രകാരം ചാലക്കുടി വലയങ്ങര വീട്ടിൽ ശശികുമാറിന്റെ ഭാര്യ അംബികാ സുനിക്ക് ലാസ്റ്റ് ഗ്രേഡ് തസ്തികകയിൽ തൃശ്ശൂർ ജില്ലയിൽ നിയമനം നൽകാൻ തീരുമാനിച്ചു.
സ്പോർട്സ് കേരള ലിമിറ്റഡ്
സംസ്ഥാനത്ത് സ്പോർട്സ് രംഗത്ത് അടിസ്ഥാന സൗകര്യ വികസനം കൊണ്ടുവരുന്നതിന് സ്പോർട്സ് കേരള ലിമിറ്റഡ് എന്ന പൊതുമേഖലാ കമ്പനി രൂപീകരിക്കാൻ തീരുമാനിച്ചു. കായിക യുവജനകാര്യ വകുപ്പിനു കീഴിലായിരിക്കും ഈ കമ്പനി.
ഉൾനാടൻ ജലപാത വികസനത്തിന്റെ ഭാഗമായി കാസർകോട് ജില്ലയിലെ നീലേശ്വരം നദിക്കും ചിത്താരി നദിക്കുമിടയിൽ കൃത്രിമ കനാൽ നിർമ്മിക്കുന്നതിന് ഭൂമി ഏറ്റെടുക്കാൻ കിഫ്ബിയിൽ നിന്ന് 186 കോടി രൂപയുടെ ധനസഹായത്തിന് തത്വത്തിൽ അംഗീകാരം നല്കി.
മലബാർ കാൻസർ സെന്ററിലെ അക്കാദമിക് ജീവനക്കാരുടെ വിരമിക്കൽ പ്രായം റീജിയണൽ കാൻസർ സെന്ററിലേതിനു സമാനമായി പ്രൊഫസർ തസ്തികയ്ക്ക് 65 വയസ്സും മറ്റ് നാല് അക്കാദമിക് സ്റ്റാഫ് തസ്തികകൾക്ക് 62 വയസ്സും നോൺ അക്കാദമിക് ജീവനക്കാരുടെ വിരമിക്കൽ പ്രായം 60 വയസ്സുമായി നിജപ്പെടുത്താൻ തീരുമാനിച്ചു.
പ്രളയത്തിൽ നാശനഷ്ടം നേരിട്ട ചാലക്കുടി റിവർ ഡൈവേർഷൻ സ്‌കീം എന്ന പദ്ധതിയുടെ പുനരുദ്ധാരണത്തിന് 5.64 കോടി രൂപയുടെ പ്രവൃത്തി റീ-ബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ കീഴിൽ ഏറ്റെടുക്കാൻ തീരുമാനിച്ചു.
പുതിയങ്ങാടി, ഷിറിയ എന്നിവിടങ്ങളിൽ 52.9 കോടി രൂപയുടെ റിവർ ട്രെയിനിങ് പ്രവൃത്തികൾ ആർ.കെ.ഐയ്ക്ക് കീഴിൽ നടപ്പാക്കുന്നതിന് തത്വത്തിൽ അനുമതി നൽകാൻ തീരുമാനിച്ചു.
ചീഫ് സെക്രട്ടറിക്ക് അഭിനന്ദനം
ഫെബ്രുവരി 28-ന് വിരമിക്കുന്ന ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്തയുടെ സ്തുത്യർഹമായ സേവനത്തിന് മന്ത്രിസഭ നന്ദി പ്രകടിപ്പിച്ചു.
മറുനാടന് മലയാളി ബ്യൂറോ