- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തിരഞ്ഞെടുപ്പ് ഉഷാറാക്കാൻ ഗോദായിൽ ഇറങ്ങിയത് മൂന്നുമന്ത്രിമാരെ ഒഴിവാക്കി; രണ്ടാം പിണറായി മന്ത്രിസഭയിലും എല്ലാവരും പുതുമുഖങ്ങൾ മതിയെന്ന ആലോചനയിൽ സിപിഐ; സാധ്യതാ പട്ടികയിൽ ആറ് പേരുകൾ; കടുത്ത പോരാട്ടത്തിൽ തൃശൂർ പിടിച്ച പി.ബാലചന്ദ്രന് നറുക്ക് വീഴുമോ? തലസ്ഥാനത്ത് മന്ത്രിസഭാ രൂപീകരണ ചർച്ചകൾ തകൃതി
തിരുവനന്തപുരം: പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകിയ സ്ഥാനാർത്ഥി പട്ടികയുമായി ഇടതുമുന്നണി ചരിത്രവിജയം കൊയ്തതോടെ മന്ത്രിസഭയിലും പുതുമുഖങ്ങളുടെ വരുമെന്ന് ഉറപ്പായി. അഞ്ചുമന്ത്രിമാരെയും, സ്പീക്കറെയും, സിപിഎമ്മും, മൂന്നുമന്ത്രിമാരെ സിപിഐയും ഒഴിവാക്കി. കഴിഞ്ഞ പിണറായി മന്ത്രിസഭയിലെ പോലെ സിപിഐയിൽ നിന്ന് ഇത്തവണയും പുതുമുഖങ്ങൾ തന്നെ മന്ത്രിസഭയിൽ എത്താൻ സാധ്യത. നിലവിലെ മന്ത്രിമാരിൽ ഇ. ചന്ദ്രശേഖരൻ മാത്രമാണ് വീണ്ടും മത്സരിച്ച് ജയിച്ചുകയറിയത്. എല്ലാവരും പുതുമുഖങ്ങൾ എന്ന അഭിപ്രായം പ്രബലമായാൽ ഇ.ചന്ദ്രശേഖരന് മാറി നിൽക്കേണ്ടി വരാം.
പി. പ്രസാദ്(ചേർത്തല), ഇ.കെ. വിജയൻ(നാദാപുരം), ജെ. ചിഞ്ചുറാണി(ചടയമംഗലം), കെ. രാജൻ(ഒല്ലൂർ), ചിറ്റയം ഗോപകുമാർ(അടൂർ), പി.എസ്. സുപാൽ(പുനലൂർ) എന്നീ പേരുകളാണ് പ്രധാനമായും മന്ത്രിസ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നത്. കൊല്ലം ജില്ലയുടെ പ്രതിനിധിയായി ചിഞ്ചുറാണി മന്ത്രിസഭയിലെത്തിയില്ലെങ്കിൽ സുപാൽ മന്ത്രിയാകും. സിപിഐക്ക് ഏറ്റവും കൂടുതൽ അംഗങ്ങളുള്ള തൃശൂർ ജില്ലയിൽനിന്നും ഒരാൾ മന്ത്രിസഭയിൽ ഇടംപിടിക്കാനാണ് സാധ്യത. കെ. രാജന്റെ പേരിനാണ് മുൻതൂക്കം. അതല്ലെങ്കിൽ കടുത്ത പോരാട്ടത്തിൽ പത്മജയെയും തറപറ്റിച്ച് തൃശൂർ സീറ്റ് നിലനിർത്തിയ മുതിർന്ന നേതാവ് പി. ബാലചന്ദ്രനെ പരിഗണിച്ചേക്കാം.
നാല് മന്ത്രിസ്ഥാനത്തിന് പുറമെ ഡെപ്യൂട്ടി സ്പീക്കർ പദവിയും ചീഫ് വിപ്പ് പദവിയുമായിരുന്നു സിപിഐക്കുണ്ടായിരുന്നത്. കേരള കോൺഗ്രസിന് രണ്ട് മന്ത്രിസ്ഥാനം നൽകുന്നില്ലെങ്കിൽ ചിലപ്പോൾ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ഇത്തവണ സിപിഐക്ക് നൽകാനും സാധ്യതയുണ്ട്.
സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് പുതിയ മന്ത്രിസഭയിൽ മുതിർന്ന നേതാക്കളായ എം വി ഗോവിന്ദൻ, കെ എൻ ബാലഗോപാൽ, പി രാജീവ്, കെ രാധാകൃഷ്ണൻ എന്നിവർ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. നാളെ ചേരുന്ന സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിലാകും ഇക്കാര്യത്തിൽ തീരുമാനമുണ്ടാവുക.
നിയമസഭ തിരഞ്ഞെടുപ്പിലെ ചരിത്രവിജയത്തിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർക്ക് രാജി സമർപ്പിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ നേരിട്ട് കണ്ടാണ് രാജിക്കത്ത് നൽകിയത്. രാജിവച്ചതോടെ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ വരെ പിണറായി വിജയൻ കാവൽ മുഖ്യമന്ത്രിയായി തുടരും.
വിജയികളെ വിജ്ഞാപനം ചെയ്ത് പുതിയ നിയമസഭ രൂപവത്കരിക്കുന്നത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനാണ്. ചൊവ്വാഴ്ചയോടെ ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാകും. എൽഡിഎഫ് മുഖ്യമന്ത്രിയെ നിശ്ചയിച്ച് ഗവർണറെ അറിയിക്കുമ്പോൾ അദ്ദേഹം മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിക്കും. ഞായറാഴ്ച വരെ കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുന്നതിനാൽ അതിനുശേഷമായിരിക്കും സത്യപ്രതിജ്ഞ എന്നാണ് വിലയിരുത്തൽ.
മറുനാടന് മലയാളി ബ്യൂറോ