തിരുവനന്തപുരം: വി എസ് അച്യുതാനന്ദൻ ഭരണപരിഷ്‌കാര കമ്മീഷൻ. ക്യാബിനറ്റ് പദവിയോടെയാണു വി എസിനെ ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാനായി നിയമിച്ചത്.

സി പി നായരും നീല ഗംഗാധരനുമാണു കമ്മീഷനിലെ മറ്റ് അംഗങ്ങൾ. മുൻ ചീഫ് സെക്രട്ടറിമാരായ ഇരുവർക്കും ചീഫ് സെക്രട്ടറിയുടെ പദവിയാണുണ്ടാകുക.

ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാനായി കാബിനറ്റ് റാങ്കോടെ വി എസിനെ നിയമിക്കുമ്പോഴുള്ള നിയമപ്രശ്നം പരിഹരിക്കാൻ കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ ഭേദഗതി ബിൽ പാസാക്കിയിരുന്നു. ഇരട്ടപ്പദവി പ്രശ്നം ഒഴിവാക്കാനായിരുന്നുഇത്. 1951-ലെ മൂലനിയമത്തിൽ മാറ്റം വരുത്തുകയായിരുന്നു. ഗവർണറുടെ അനുമതി ലഭിച്ചതോടെയാണു നിയമനത്തിനു വഴിയൊരുങ്ങിയത്.

മുഖ്യമന്ത്രിക്കു നേരിട്ടു റിപ്പോർട്ട് ചെയ്യണ്ട എന്ന തരത്തിലാണു ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാന്റെ നിയമനം. ഭരണപരിഷ്‌കാര വകുപ്പു സെക്രട്ടറി കമ്മീഷൻ സെക്രട്ടറിയാകും. സംസ്ഥാനത്തെ നാലാമത്തെ ഭരണപരിഷ്‌കാര കമ്മീഷനാണ് വി എസ് അച്യുതാനന്ദൻ ചെയർമാനായി നിലവിൽ വരുന്നത്. സംസ്ഥാന സർക്കാരിന്റെ ഭരണം പരിശോധിക്കുക, തിരുത്തലുകൾ നടത്തുക, ശുപാർശകൾ നൽകുക എന്നിവയാണ് കമ്മിഷന്റെ ഉദ്ദേശലക്ഷ്യങ്ങൾ. കമ്മിഷന് ഔദ്യോഗിക വാഹനം, വസതി എന്നീ സൗകര്യങ്ങളും ഉണ്ടായിരിക്കും.

ഇ.എം.എസ്- നായനാർ സർക്കാരുകളുടെ കാലത്തും രാഷ്ട്രപതി ഭരണത്തിലിരിക്കെ ഇന്ത്യൻ സിവിൽ സർവീസ് ഉദ്യോഗസ്ഥനായ എം.കെ. വെള്ളോടിയുടെ അധ്യക്ഷതയിലുമാണ് ഇതിനുമുമ്പ് ഭരണപരിഷ്‌കരണ കമ്മിഷൻ രൂപീകരിച്ചത്. മുഖ്യമന്ത്രിമാർ തന്നെയായിരുന്നു മറ്റു രണ്ട് കമ്മിഷന്റെയും അധ്യക്ഷന്മാർ.

സംസ്ഥാനത്തു കളക്ടർമാരെ മാറ്റാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. പത്തു കലക്ടർമാർക്കാണു സ്ഥലം മാറ്റം. തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർകോട്, വയനാട്, തൃശൂർ കലക്ടർമാരെയാണു മാറ്റിയത്.

പുതിയ ജില്ലാ കളക്ടർമാർ

തിരുവനന്തപുരം- എസ്. വെങ്കടേശപതി
കൊല്ലം- ടി. മിത്ര
പത്തനംതിട്ട- ആർ. ഗിരിജ
ആലപ്പുഴ- വീണാ മാധവൻ
കോട്ടയം- സി. എ. ലത
ഇടുക്കി- ജി.ആർ. ഗോപു
എറണാകുളം- കെ. മുഹമ്മദ് വൈ. സഫീറുള്ള
തൃശ്ശൂർ- എ. കൗശിഗൻ
മലപ്പുറം- എ. ഷൈന മോൾ
വയനാട്- ബി. എസ്. തിരുമേനി
കണ്ണൂർ- മിർമുഹമ്മദ് അലി
കാസർഗോഡ്- ജീവൻ ബാബു

മുൻ കലക്ടർമാർക്കു നിയമനം ലഭിച്ചത്:

ബിജു പ്രഭാകർ- കൃഷി ഡയറക്ടർ
എസ്. ഹരികിഷോർ- കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ
എം. ജി. രാജമാണിക്യം- കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ എം.ഡി. (എക്‌സൈസ് അഡീഷണൽ കമ്മീഷണറുടെ അധിക ചുമതല)
വി. രതീശൻ- പഞ്ചായത്ത് ഡയറക്ടർ, (എം.എൻ.ആർ.ഇ.ജി.എസ്. മിഷൻ ഡയറക്ടറുടെ ചമുതലകൂടി ഉണ്ടാകും.)
കേശവേന്ദ്ര കുമാർ- നാഷണൽ ഹെൽത്ത് മിഷൻ ഡയറക്ടർ (ഫുഡ്‌സേഫ്റ്റി കമ്മീഷണർ, സോഷ്യൽ ജസ്റ്റിസ്സ് ഡയറക്ടർ എന്നീ ചുമതലകൾ കൂടി ഉണ്ടാകും)
പി. ബാലകിരൺ - ഐ.ടി. മിഷൻ ഡയറക്ടർ
ഇ. ദേവദാസൻ - സർവ്വേ ആൻഡ് ലാന്റ് റിക്കോർഡ്‌സ് ഡയറക്ടർ (രജിസ്‌ട്രേഷൻ ഐ.ജി.യുടെ ചുമതലകൂടി ഉണ്ടാകും.)