ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭ പുനഃസംഘടന ഞായറാഴ്ച നടക്കും. രാഷ്ട്രപതിയെ കണ്ട് പുനഃസംഘടന ഞായാറാഴ്ച നടത്തുമെന്ന് അറിയിച്ചതായാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടിക്കായി ചൈനയിലേക്ക് പോകുന്നതിന് മുമ്പായി പുനഃസംഘടന നടത്താനാണ് നീക്കം. അതിനിടെ കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി ബന്ദാരു ദത്താത്രേയ ആണ് രാജി വെച്ചു. മന്ത്രി സഭാ പുനഃസംഘടനത്തിന്റെ ഭാഗമായി നൈപുണ്യ വികസന വകുപ്പ് മന്ത്രി രാജീവ് പ്രതാപ് റൂഡി ഇന്നലെ രാജി വെച്ചിരുന്നു.

മന്ത്രിസഭ പുനഃസംഘടനയുടെ ഭാഗമായി കൂടുതൽ മന്ത്രിമാർ രാജിവെക്കുന്നുവെന്ന് സൂചനയുണ്ട്. ബിജെപി നേതൃത്വത്തിന്റെ തീരുമാനപ്രകാരം പുനഃസംഘടന സുഗമമാക്കാനാണ് മന്ത്രിമാരുടെ രാജി. അഞ്ച് മന്ത്രിമാർ ഇതിനോടകം രാജിവെക്കുകയോ ഇനി രാജിവെക്കുകയോ ചെയ്യുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രാജീവ് പ്രതാപ് റൂഡിയുടെയും ബന്ദാരു ദത്താത്രേയയുടെയും രാജി മാത്രമാണ് നിലവിൽ സ്ഥിരീകരിച്ചിട്ടുള്ളത്.

നൈപുണ്യ വികസന, സംരംഭകത്വ സഹമന്ത്രി രാജീവ് പ്രതാപ് റൂഡിയോടൊപ്പം ജല വിഭവ മന്ത്രി ഉമാ ഭാരതി, കൃഷി മന്ത്രി രാധാ മോഹൻ സിങ്, ജല വിഭവ സഹമന്ത്രി സഞ്ജീവ് ബല്യാൻ, ചെറുകിട സംരംഭക സഹമന്ത്രി ഗിരിരാജ് സിങ് എന്നിവരും സ്ഥാനമൊഴിഞ്ഞു എന്നാണ് പുറത്തുവരുന്ന റിപപ്പോർട്ടുകൾ.

2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് നടക്കേണ്ട, മിക്കവാറും അവസാനത്തെ പുനഃസംഘടനയായിരിക്കുമിത്. മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ച ചോദ്യത്തിൽനിന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി ഒഴിഞ്ഞുമാറി. പ്രതിരോധം, നഗരവികസനം, വനം-പരിസ്ഥിതി എന്നിങ്ങനെ സുപ്രധാന വകുപ്പുകളിൽ ഒഴിവു വന്നിട്ട് ഏറെക്കാലമായി. ഗോവ മുഖ്യമന്ത്രിയായി മനോഹർ പരീകർ പോയശേഷം പ്രതിരോധത്തിന്റെ ചുമതലകൂടി വഹിക്കുകയാണ് ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി. അനിൽ ദാവെയുടെ നിര്യാണത്തോടെ വനം-പരിസ്ഥിതി മന്ത്രാലയത്തിനും പ്രത്യേക മന്ത്രി ഇല്ലാതായി. വെങ്കയ്യനായിഡു ഉപരാഷ്ട്രപതിയായതോടെ നഗരവികസന വകുപ്പിനും മന്ത്രിയില്ല.