ന്യൂഡൽഹി: മോദിസർക്കാരിലെ ഏറ്റവും ജനപ്രിയ മന്ത്രിയായി അറിയപ്പെടുന്ന സുഷമ സ്വരാജ് അരുൺ ജെയ്റ്റലിയിൽ നിന്ന് പ്രതിരോധ മന്ത്രാലയം ഏറ്റെടുത്തേക്കുമെന്നും, ഉപരിതല ഗതാഗതമന്ത്രി എന്ന നിലയിൽ മികച്ച പ്രവർത്തനം കാഴ്‌ച്ച വച്ച നിതിൻ ഗഡ്കരിയെ പ്രതിരോധമന്ത്രിയാക്കിയേക്കുമെന്നും സൂചന.

ഇന്ന് രാവിലെ പത്ത് മണിക്ക് പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യുമെന്ന് രാഷ്ട്രപതി ഭവൻ അറിയിച്ചിട്ടുണ്ട്. ഇന്നു ചുമതലയേൽക്കുന്ന പുതിയ കേന്ദ്ര മന്ത്രിമാരിൽ രണ്ടുപേർ ബിഹാറിൽ നിന്നും രണ്ടുപേർ യുപിയിൽ നിന്നുമാണ്. അൽഫോൻസ് കണ്ണന്താനം, രാജ്കുമാർ സിങ്, ഹർദീപ് സിങ് പുരി, സത്യപാൽസിങ് എന്നിവർ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരായിരുന്നു. സത്യപ്രതിജ്ഞയ്ക്ക് ശേഷം സമ്പൂർണ്ണ വകുപ്പ് വിഭജനവും ഉണ്ടാകും.

സുഷമ്മയ്ക്ക് പ്രതിരോധം ലഭിക്കുമെന്നാണ് സൂചന. അടിസ്ഥാനവികസനരംഗത്ത് കാര്യമായ വികസനം കൊണ്ടുവരാൻ മോദി സർക്കാർ ശ്രമിക്കുമ്പോൾ നല്ല നിലയിൽ പ്രവർത്തിക്കുന്ന നിതിൻ ഗഡ്കരിയെ ചുമതലയിൽ നിന്ന് പ്രധാനമന്ത്രി മാറ്റിയേക്കില്ലെന്ന് രാഷ്ട്രീയനിരീക്ഷകർ കരുതുന്നു. എന്നാൽ റെയിൽവേ മന്ത്രാലയം കൂടി ഗഡ്കരിക്ക് നൽകി ഒരു അടിസ്ഥാനസൗകര്യ-ഗതാഗത മന്ത്രാലയം അദ്ദേഹത്തിന് കീഴിൽ സൃഷ്ടിക്കപ്പെടാനുള്ള സാധ്യതയും സജീവമാണ്. ഈ സാഹചര്യത്തിലാണ് സുഷമയെ പ്രതിരോധ മന്ത്രിയാക്കുന്നത്. അരുൺ ജെയ്റ്റ്‌ലിക്ക് ധനകാര്യ വകുപ്പ് നഷ്ടമാകാനും ഇടയില്ല. ലോക നേതാക്കൾ പോലും അംഗീകരിച്ച നിർമ്മലാ സീതാരാമനെ കാബിനറ്റ് മന്ത്രിയാക്കും. ആന്ധ്രിയിൽ നിന്നുള്ള വനിതാ നേതാവിന്റെ പ്രവർത്തനത്തിൽ മോദി പൂർണ്ണ തൃപ്തനാണ്.

മന്ത്രിസഭയിൽ രണ്ട് സീറ്റുകൾ ജെഡിയുവിനായി പ്രധാനമന്ത്രി ഒഴിച്ചിട്ടേക്കുമെന്നാണ് അവസാനഘട്ടത്തിൽ ഡൽഹിയിൽ നിന്നു പുറത്ത് വരുന്ന വാർത്തകൾ. ജെഡിയു അധ്യക്ഷനും ബീഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറുമായി നരേന്ദ്ര മോദിയോ അമിത് ഷായോ കൂടിക്കാഴ്‌ച്ച നടത്തിയ ശേഷമേ ജെഡിയു മന്ത്രിസഭയുടെ ഭാഗമാക്കൂ എന്നാണ് അറിയുന്നത്. ശിവസേനയുടെ കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല.

(തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ(4-9-2017) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല-എഡിറ്റർ)