ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭാ പുനഃ സംഘടന ഉടനെന്ന് സൂചന.ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുമായി എട്ട് മന്ത്രിമാരാണ് ഇന്ന് കൂടിക്കാഴ്ച നടത്തിയത്.ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് മാത്രമാണ് ചർച്ചാവിഷയമായതെന്ന് പുറമേ പറഞ്ഞെങ്കിലും, മന്ത്രിസഭാപുനഃസംഘടനയും ചർച്ചയായെന്ന സൂചനയാണ് ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി നൽകിയത്.താൻ പ്രതിരോധ മന്ത്രിയായി ഇനി അധികനാൾ ഉണ്ടാവാൻ സാധ്യതയില്ലെന്ന് അദ്ദേഹം തമാശരൂപേണ പറഞ്ഞു. പ്രതിരോധ, ധനവകുപ്പുകൾക്ക് പുറമേ, ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ ചുമതലയും ജെയ്റ്റ്‌ലിക്കുണ്ട്.എൻ.എസ്.തോമാർ, നിർമ്മല സീതാരാമൻ, ജിതേന്ദ്രസിങ്, പി പി ചൗധരി എന്നിവരും ജെയ്റ്റ്‌ലിക്കൊപ്പമുണ്ടായിരുന്നു.

ഗോവ മുഖ്യമന്ത്രിയായി അധികാരമേൽക്കാൻ മനോഹർ പരീക്കർ സ്ഥാനമൊഴിഞ്ഞപ്പോൾ,കഴിഞ്ഞ മാർച്ച് 14 നാണ് ജെയ്റ്റ്‌ലിക്ക് പ്രതിരോധ വകുപ്പിന്റെ അധിക ചുമതല പ്രധാനമന്ത്രി നൽകിയത്.ബിജെപി നേതാവ് അനിൽ മാധവ് ധാവെയുടെ നിര്യാണത്തെ തുടർന്ന,പരിസ്ഥിതി-വനം മന്ത്രാലയത്തിന്റെ ചുമതല് ശാസ്ത്ര-സാങ്കേതിക മന്ത്രി ഹർഷ വർദ്ധന് നൽകിയിരുന്നു.വെങ്കയ്യ നായിഡു ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മൽസരിക്കാനായി സ്ഥാനമൊഴിഞ്ഞപ്പോൾ, വാർത്താ-വിതരണപ്രക്ഷേപണ മന്ത്രാലയത്തിന്റെ അധിക ചുമതല ടെക്‌സ്റ്റൈൽസ് മന്ത്രി സമൃതി ഇറാനിക്ക് നൽകി.

അടുത്തയാഴ്ചത്തെ പ്രധാനമന്ത്രിയുടെ ചൈനാ സന്ദർശനത്തിനു മുമ്പു തന്നെ മന്ത്രിസഭ പുനഃസംഘടിപ്പിക്കപ്പെടുമെന്നാണ് കരുതുന്നത്. സെപ്റ്റംബർ മൂന്നുമുതൽ അഞ്ചുവരെ ചൈനയിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാനാണ് മോദി അവിടേക്ക് പോകുന്നത്.
പുതുതായി എൻ ഡി എ മുന്നണിയിലെത്തിയ ജനതാദൾ യുണൈറ്റഡ്, എ ഐ എ ഡി എം കെ എന്നിവർക്ക് മന്ത്രിസ്ഥാനം ലഭിക്കാനാണ് സാധ്യത. 2016 ജൂലായിലാണ് ഇതിനു മുമ്പ് പുനഃസംഘടന നടത്തിയത്.