ചെങ്ങന്നൂർ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് പുരോഗമിക്കവേയാണ് കെവിന്റെ കൊലപാതക വാർത്ത പുറത്തുവന്നത്. ഈ വാർത്ത പുറത്തുവന്നതിന് പിന്നാലെ ചാനലുകളിലെല്ലാം വലിയ തോതിൽ ഈ വിഷയം ചർച്ചയായി മാറി. പൊലീസിനും ആഭ്യന്തര വകുപ്പിനുമെതിരെ പ്രതിഷേധം ഇരമ്പുന്ന അവസ്ഥയാണ് ഇതോടെ ഉണ്ടായത്. ഇത് ചെങ്ങന്നൂരിലെ വോട്ടർമാരെയും സ്വാധീനിക്കുമോ എന്ന ഭയം സിപിഎമ്മിന് ഉണ്ടായിട്ടുണ്ട്. ഇതിനിടെ മണ്ഡലത്തിൽ പലയിടുത്തും കേബിൽ കട്ടായി.

കെവിൻ പി ജോസഫിന്റെ ദുരഭിമാനക്കൊല സംബന്ധിച്ച വാർത്തകൾ ജനങ്ങൾ കാണാതിരിക്കാനായി ഇടതുപക്ഷ പ്രവർത്തകർ ചെങ്ങന്നൂരിന്റെ വിവിധഭാഗങ്ങളിൽ ചാനൽ കേബിളുകൾ കട്ട് ചെയ്യുന്നതായാണ് യുഡിഎഫുകാർ ആരോപിച്ചത്. സ്ത്രീകൾ അടക്കമുള്ളവരെ ഈ വിഷയം സ്വാധീനിക്കുമെന്ന് ഭയമുണ്്. ഇത് പാർട്ടിക്കും സർക്കാരിനും തിരിച്ചടിയാവുമോ എന്ന പേടിയാണ് കേബിൾ കട്ട് ചെയ്യുന്നതിന് കാരണമെന്നാണ് ആരോപണം.

സിപിഎമ്മിന് വൻ തോതിൽ സ്വാധിനമുള്ള മുളക്കഴ, മാന്നാർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലാണ് കേബിളുകൾ കട്ട് ചെയ്തത്. മുളക്കഴയിലെ വൈദ്യുതിയും വിച്ഛേദിച്ചതായി കണ്ടെത്തി. കെവിന്റെ മരണത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർ ഉൾപ്പെട്ടിട്ടുണ്ടെന്ന വാർത്തകൾ പുറത്തുവരുന്നതിനിടെയാണ് ഇത്തരത്തിലുള്ള ആരോപണം വരുന്നത്. കെവിനെ തട്ടിക്കൊണ്ടുപോയ വാഹനം ഓടിച്ചത് ഡിവൈഎഫ്ഐ നേതാവാണെന്നാണ് പുറത്തുവരുന്ന വിവരം. പുനലൂർ ഇടമൺ യൂനിറ്റ് സെക്രട്ടറിയായ നിയാസാണ് വാഹനം ഓടിച്ചിരുന്നതെന്നും കൂടാതെ കേസിൽ ഡിവൈഎഫ്ഐ പ്രവർത്തകർ ഉൾപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.

ചെങ്ങന്നൂരിൽ പോളിങ് നടന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പെട്ടെന്ന് ഉണ്ടായ കൊലപാതകം സിപിഎമ്മിനെ ബാധിക്കുമോയെന്ന ആശങ്ക പ്രവർത്തകർക്കിടയിൽ ഉണ്ട്. അതിനാൽ ചെങ്ങന്നൂരിലെ ജനങ്ങൾ വാർത്ത അറിയാതിരിക്കാനാണ് സിപിഎമ്മിന്റെ നേതൃത്വത്തിൽ ചെങ്ങന്നൂരിന്റെ പല ഭാഗത്തായി കേബിളുകൾ കട്ട് ചെയ്തത്.

അതേസമയം, കെവിന്റെ മരണത്തിൽ പ്രതിഷേധിച്ച് ബന്ധുക്കൾ ഗാന്ധി നഗർ പൊലീസ് സ്റ്റേഷൻ ഉപരോധിക്കുകയാണ്. സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി. പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയും തിരുവഞ്ചൂർ രാധാകൃഷ്ണനും സ്റ്റേഷന് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ്. അതിനിടെ, സ്റ്റേഷനു മുന്നിൽ സംഘർഷമുണ്ടായി. യൂത്ത് കോൺഗ്രസ് പ്രതിഷേധക്കാർ കൊടി ഉപയോഗിച്ച് എസ്‌പി മുഹമ്മദ് റാഫിയെ മർദ്ദിക്കുകയായിരുന്നു. എന്നാൽ നേതാക്കൾ ഇടപെട്ട് സംഘർഷം പരിഹരിക്കുകയായിരുന്നു.