- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ എസ് ആർ ടി സിയും കൊച്ചി മെട്രോയും എടുത്ത വായ്പ തിരിച്ചടയ്ക്കാൻ കാശില്ല; കിഫ്ബിയും കട പരിധിയിൽ വരുമ്പോൾ ഖജനാവിലേക്ക് ഇനി വായ്പ എടുക്കൽ പ്രതിസന്ധിയിലേക്ക്; സിൽവർ ലൈനിന് വേണ്ടി വാദിക്കുന്നത് കൈയിൽ നയാ പൈസ ഇല്ലാതെ; കേരളത്തെ നിയന്ത്രിക്കാൻ രണ്ടും കൽപ്പിച്ച് സിഎജി
തിരുവനന്തപുരം: കിഫ്ബി സർക്കാരിനെ പ്രതിസന്ധിയിലാക്കുമോ? സംസ്ഥാനത്തെ കോർപറേഷനുകളും പൊതുമേഖലാ സ്ഥാപനങ്ങളും അടക്കം 36 അർധ സർക്കാർ സ്ഥാപനങ്ങളുടെ കടം 31,800 കോടി രൂപയെന്ന കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) വർഷാന്ത്യ റിപ്പോർട്ട് ഗൗരവമുള്ളതാണ്. ഇതിൽ കിഫ്ബിയേയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഗാരന്റീസ് ആക്ട് പ്രകാരം ഈ സ്ഥാപനങ്ങൾ എടുത്ത വായ്പ തിരിച്ചടച്ചില്ലെങ്കിൽ ബാധ്യത സർക്കാരിന്റെ ചുമലിലാകും. ഈ സാഹചര്യത്തിൽ കിഫ്ബിയെ കേരളത്തിന്റെ വായ്പാ പരിധിയിൽ കൊണ്ടു വരാൻ സാധ്യത ഏറെയാണ്.
കിഫ്ബിയുടെയും കൊച്ചി മെട്രോയുടെയും കടങ്ങളും സർക്കാർ ബാധ്യതകളുടെ പട്ടികയിൽ സിഎജി ഉൾപ്പെടുത്തിയത് സാമ്പത്തിക പ്രതിസന്ധിയിലൂടെ നീങ്ങുന്ന കേരളത്തിന് വലിയ തിരിച്ചടിയാണ്. ലോൺ എടുക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ശേഷിയിൽ ഇത് കുറവുണ്ടാക്കും. അങ്ങനെ വന്നാൽ ശമ്പളവും പെൻഷനും പോലും മുടങ്ങും. ഇത് സിൽവർലൈൻ പദ്ധതിക്കായി കിഫ്ബി വഴിയും ഹഡ്‌കോയിൽ നിന്നും സർക്കാർ എടുക്കാൻ ലക്ഷ്യമിടുന്ന വായ്പകളെയും ബാധിക്കുമെന്ന് ഇതോടെ ഉറപ്പായി. സർക്കാർ ജാമ്യത്തിൽ എടുത്ത വായ്പത്തുക സർക്കാരിന് ഈ വർഷം കടമെടുക്കാവുന്ന 32,435 കോടിയിൽ നിന്നു കുറവു ചെയ്യുമെന്നാണു കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഇത് കേരളത്തിന് വലിയ തിരിച്ചടിയാണ്. മറ്റു സ്ഥാപനങ്ങൾ എടുത്ത വായ്പകളെല്ലാം കേന്ദ്രം വെട്ടിക്കുറച്ചാൽ ഈ വർഷം സർക്കാരിനു കടമെടുക്കാൻ കഴിയുന്ന തുക വെറും 1,000 കോടിയിൽ താഴെയാവും. അതിനാൽ, സ്ഥാപനങ്ങളുടെ കടം സർക്കാരിന്റെ കണക്കിൽ പെടുത്തരുതെന്നു കേന്ദ്രത്തോട് ആവർത്തിച്ച് ആവശ്യപ്പെട്ടിരിക്കുകയാണ് കേരളം. മൂന്നേകാൽ ലക്ഷം കോടിയാണ് കേരളത്തിന്റെ പൊതുകടം. ഒരു മാസം ശമ്പളവും പെൻഷനും കൊടുക്കാൻ പോലും 2500 കോടിയിൽ അധികം വായ്പ എടുക്കേണ്ട ഗതികേടിലാണ് കേരളം. അതുകൊണ്ട് തന്നെ കേന്ദ്ര നിലപാട് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ ഭീഷണിയായി മാറും.
സിഎജി മാർച്ച് 31ന് തയാറാക്കിയ കണക്കനുസരിച്ച് കെഎസ്എഫ്ഇ (12,974 കോടി), കോഓപ്പറേറ്റീവ് അഗ്രികൾചറൽ ആൻഡ് റൂറൽ ഡവലപ്‌മെന്റ് ബാങ്ക് (5,830 കോടി), കെഎസ്ആർടിസി (3,178 കോടി), കേരള അർബൻ ആൻഡ് റൂറൽ ഡവലപ്‌മെന്റ് ഫിനാൻസ് കോർപറേഷൻ (3,054 കോടി), സാമൂഹിക സുരക്ഷാ പെൻഷൻ ലിമിറ്റഡ് (1,773 കോടി), കൊച്ചി മെട്രോ (1,110 കോടി), പിന്നാക്ക വികസന കോർപറേഷൻ (1,078 കോടി), കെടിഡിഎഫ്‌സി (832 കോടി), കിഫ്ബി (550 കോടി) എന്നിങ്ങനെയാണു കടമെടുത്തിട്ടുള്ളത്.
ബജറ്റ് രേഖകളിൽ ഉൾപ്പെടുത്താതെ പുറത്തുനിന്നെടുക്കുന്ന കടങ്ങളും സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്താൻ കേന്ദ്രം തീരുമാനിച്ചതോടെയാണ് സംസ്ഥാന സർക്കാർ വെട്ടിലായത്. 2020-21 സാമ്പത്തിക വർഷം മുതലുള്ള കടമെടുപ്പിന് ഇതു ബാധകമാകും. കടമെടുക്കാനുള്ള കേരളത്തിന്റെ അപേക്ഷയിൽ കേന്ദ്ര തീരുമാനം നീളുന്നത് ഇതിനാലാണ്. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയ സംസ്ഥാന സർക്കാരിന് കേന്ദ്ര തീരുമാനം വലിയ തിരിച്ചടിയാണ്.
കേരളത്തിനു കടമെടുക്കാൻ കേന്ദ്രം അനുമതി നൽകാത്തതോടെ ദൈനംദിന പ്രവർത്തനങ്ങളും ശമ്പളവിതരണവും മുടങ്ങുമെന്ന സ്ഥിതിയാണ്. 11 സംസ്ഥാനങ്ങളിൽ നടത്തിയ പഠനത്തിനു ശേഷമാണ് കേന്ദ്രം ഈ തീരുമാനത്തിലേക്കെത്തിയത്. കിഫ്ബിയിലൂടെ എടുക്കുന്ന വായ്പകൾ കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തണമെന്ന് കേന്ദ്രം നേരത്തേ നിർദ്ദേശിച്ചിരുന്നെങ്കിലും പാലിക്കാൻ സംസ്ഥാനം കൂട്ടാക്കിയിരുന്നില്ല. സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ബജറ്റിനു പുറത്ത് പണം കണ്ടെത്താനാണ് കിഫ്ബിയെന്ന സംവിധാനത്തിനു സർക്കാർ രൂപം നൽകിയത്.
മൊത്തം ആഭ്യന്തര വരുമാനത്തിന്റെ 3.5% കടമെടുക്കാനാണ് സംസ്ഥാനത്തിന് അനുവാദമുള്ളത്. അത് 32,425 കോടി രൂപ വരും. ഇതിനു പുറമേയാണ് കിഫ്ബി വഴി പണം സ്വരൂപിക്കുന്നത്. പെട്രോളിൽനിന്നുള്ള സെസും മോട്ടർ വാഹന നികുതിയുമാണ് തിരിച്ചടവിനുള്ള മാർഗം. ഈ സാഹചര്യത്തിലാണ് ഈ ലോണും ചർച്ചകളിൽ എത്തുന്നത്.
മറുനാടന് മലയാളി ബ്യൂറോ