തിരുവനന്തപുരം: തലസ്ഥാനത്തു വിവിധ കെട്ടിടങ്ങളും അനുബന്ധ നിർമ്മാണപ്രവർത്തനങ്ങളും നടന്നതു നിയമവിരുദ്ധമായിട്ടെന്നു സിഎജി റിപ്പോർട്ട്. ഇക്കാര്യങ്ങളിൽ ഹൈക്കോടതി ഇടപെടലുണ്ടായിട്ടു പോലും തിരുവനന്തപുരം കോർപ്പറേഷൻ ഉചിതമായ നടപടി എടുത്തില്ലെന്നും സിഎജി കുറ്റപ്പെടുത്തി.

തിരുവനന്തപുരം കിംസ് ആശുപത്രി റോഡിനിരുവശവുമുള്ള കെട്ടിടങ്ങൾ ബന്ധിപ്പിച്ചു നിർമ്മിച്ച കാൽനട മേൽപ്പാലം അനുമതി വാങ്ങാതെയാണ്. ബിജു രമേശിന്റെ വിൻഡ്‌സർ രാജധാനിയുടെ കെട്ടിട നിർമ്മാണവും അനുമതിപത്രമില്ലാതെയാണെന്നും സിഎജി വ്യക്തമാക്കി.

പാറ്റൂരിൽ 14.40 സെന്റ് പുറമ്പോക്ക് കൈയേറിയതിലും സെക്രട്ടറിയറ്റ് അനക്‌സ് നിർമ്മാണത്തിലും ക്രമക്കേടാണെന്നും സിഎജി റിപ്പോർട്ടിൽ പറയുന്നു. വിവാദമായ പാറ്റൂർ ഭൂമി ഇടപാടിൽ തിരുവനന്തപുരം കോർപ്പറേഷനു വീഴ്ച പറ്റിയെന്നാണു സി.എ.ജി. റിപ്പോർട്ടിൽ പറയുന്നത്. ഹൈക്കോടതി നിർദ്ദേശിച്ചിട്ടും നിർമ്മാണം നിർത്തിവയ്ക്കാനും കയ്യേറ്റം ഒഴിപ്പിക്കാനും കോർപ്പറേഷൻ ഇടപെട്ടില്ലെന്ന് സി.എ.ജി കുറ്റപ്പെടുത്തി.

ഇവിടെ 14.40 സെന്റ് പുറമ്പോക്ക് ഭൂമി കയ്യേറിയെന്ന് കണ്ടെത്തിയിരുന്നു. 21 വ്യവസ്ഥകൾ പാലിക്കാതെയാണ് പാറ്റൂരിലെ കെട്ടിട നിർമ്മാണം നടന്നതെന്നും സി.എ.ജി വ്യക്തമാക്കി.

സെക്രട്ടറിയേറ്റിലെ അനക്സ് കെട്ടിട നിർമ്മാണം സുരക്ഷാ വ്യവസ്ഥകൾ പോലും ലംഘിച്ചാണ്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപവും വേളിയിലും അനധികൃത കെട്ടിട നിർമ്മാണത്തിന് കോർപ്പറേഷൻ ഒത്താശ ചെയ്തെന്ന് സി.എ.ജി ആരോപിച്ചു. തിരുവനന്തപുരം, തൃശൂർ നഗരസഭകൾക്ക് നേരെ രൂക്ഷ വിമർശനമാണ് സി.എ.ജി ഉയർത്തിയത്. തൃശൂർ ജൂബിലി മിഷൻ ആശുപത്രി അടക്കമുള്ളവയുടെ കെട്ടിട നിർമ്മാണത്തിൽ ക്രമക്കേടുണ്ടെന്നും സി.എ.ജി വിമർശിച്ചു.