ന്യൂഡൽഹി: സിക്കിം അതിർത്തിയിൽ ചൈനയുമായുള്ള തർക്കം യുദ്ധസമാനമായ അന്തരീക്ഷത്തിലേക്ക് നീങ്ങുമ്പോൾ രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ സേനയ്ക്കു ആവശ്യമായ വെടിക്കോപ്പുകളില്ലെന്നു കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) റിപ്പോർട്ട്. അഞ്ചു വർഷമായി തുടരുന്ന സ്ഥിതിയിൽ ഇതുവരെ മാറ്റമുണ്ടായിട്ടില്ല. വിവിധ വിഭാഗങ്ങളിലായി 40 ശതമാനത്തോളം വെടിക്കോപ്പുകളുടെ കുറവാണു സേനയിലുള്ളതെന്ന് പാർലമെന്റിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

2013ൽ സിഎജി നടത്തിയ അന്വേഷണത്തിലും ആവശ്യമായ ആയുധങ്ങൾ ഇന്ത്യൻ സേനയ്ക്കില്ലെന്നു കണ്ടെത്തിയിരുന്നു. യുദ്ധം ഉണ്ടായാൽ 15 20 ദിവസങ്ങൾ വരെ മാത്രമേ ഇന്ത്യൻ സേനയ്ക്കു പിടിച്ചുനിൽക്കാൻ സാധിക്കുകയുള്ളൂവെന്നും വിലയിരുത്തിയിരുന്നു. മുൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ യാതൊരു നിലപാടും സർക്കാർ എടുത്തില്ലെന്നു നിലവിലെ റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. സേനയ്ക്ക് ആവശ്യമായ 90 ശതമാനം ആയുധങ്ങളും ഓർഡൻസ് ഫാക്ടറി ബോർഡ് (ഒഎഫ്ബി) ആണു നിർമ്മിക്കുന്നത്. ബാക്കിയുള്ളവ മറ്റുള്ളവരിൽനിന്ന് വാങ്ങുകയാണു പതിവ്. ഇത്തരത്തിൽ ആവശ്യമായ വസ്തുക്കൾ വാങ്ങുന്നതിനു സേനയിൽനിന്ന് ലഭിച്ച കത്തുകൾ 2009 മുതൽ കെട്ടിക്കിടക്കുകയാണ്.

2019 നുള്ളിൽ ആവശ്യമായ വെടിക്കോപ്പുകൾ വാങ്ങാൻ പ്രതിരോധമന്ത്രാലയം 16,500 കോടിയുടെ പദ്ധതി തയാറാക്കിയിരുന്നു. എന്നാൽ അക്കാര്യത്തിൽ യാതൊരു നടപടികളും ഉണ്ടായിട്ടില്ല. ആവശ്യങ്ങൾ പൂർത്തീകരിക്കാൻ കരാറുകൾ പോലും നൽകിയിട്ടില്ലെന്നു റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 152 തരം വെടിക്കോപ്പുകളാണ് ഇന്ത്യൻ സേന ഉപയോഗിക്കുന്നത്. ഇതിൽ 55 ശതമാനത്തോളം ഉപകരണങ്ങൾ ഒഴിച്ചുകൂടാനാകാത്തതാണ്. പ്രവർത്തനത്തിന് ആവശ്യമായതിൽ 40 ശതമാനത്തിന്റെ കുറവുണ്ട്. നിലവിൽ പത്തുദിവസത്തെ യുദ്ധത്തിനുവേണ്ട ആയുധങ്ങൾ മാത്രമാണ് ഇന്ത്യൻ സേനയുടെ പക്കലുള്ളത്. അതേസമയം, വെടിത്തിരികൾ ആവശ്യത്തിനില്ലാത്തതിനാൽ ടാങ്കുകൾക്കും ആർട്ടിലറികൾക്കുമുള്ള 83 ശതമാനത്തോളം വെടിക്കോപ്പുകളും ഉപയോഗിക്കാനാകില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, റിപ്പോർട്ടിനെക്കുറിച്ചു പ്രതികരിക്കാൻ കേന്ദ്രസർക്കാരിൽനിന്ന് ആരും ഇതുവരെ തയാറായിട്ടില്ല. ചൈനയും ഇന്ത്യയും തമ്മിലുള്ള സംഘർഷത്തിനു അയവുണ്ടാകാത്ത സാഹചര്യത്തിൽ സിഎജി റിപ്പോർട്ടിനു വലിയ പ്രാധാന്യമാണ് കൽപിക്കുന്നത്. വിട്ടുവീഴ്ചയ്ക്കു തയാറായില്ലെങ്കിൽ സൈനിക നീക്കമെന്ന നിലപാടിലാണ് ചൈന.