തിരുവനന്തപുരം: ഹീരയും പി ടി സിയും കല്യാണും അടക്കമുള്ള വൻകിട കമ്പനികൾ  കെട്ടിട നിർമ്മാണ ചട്ടം കാറ്റിൽ പറത്തുന്നു. കംപട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ കണ്ടെത്തലുകൾ അതീവ ഗൗരവമുള്ളതാണ്.

തിരുവനന്തപുരത്താണ് ഹീരാ ഗ്രൂപ്പിന്റെ അനധികൃത നിർമ്മാണം. ആറ്റിപ്ര വില്ലേജിൽ 21 നിലകളുള്ള റെസിഡൻഷ്യൽ അപ്പാർട്ട്‌മെന്റ് പണിയാൻ ഹീരയ്ക്ക് അനുമതി ലഭിച്ചത് ചട്ടവിരുദ്ധമായാണ്. ഗുരുതരമായ നിയമലംഘനമാണ് ഇവിടെ ഹീരാ നടത്തിയിട്ടുള്ളതെന്നാണ് സി എ ജി യുടെ കണ്ടെത്തൽ. ബഹുനില കെട്ടിടം പണിയാൻ 2008 ലാണ് ഹീരയ്ക്ക് തിരുവനന്തപുരം കോർപറേഷൻ അനുമതി പത്രം നൽകുന്നത്. എന്നാൽ ഈ പദ്ധതിയുടെ സ്ഥലം വേളി കായലിന്റെ കരയിൽ വേളി ടൈഡൽ ഇൻലെറ്റിന് സമീപമാണ് സ്ഥിതി ചെയ്യുന്നതെന്നും ഭൗമ ശാസ്ത്ര പഠന കേന്ദ്രം തയ്യാറാക്കിയ തീരദേശ മേഖല പരിപാലന പദ്ധതി പ്രകാരം വേലിയേറ്റ രേഖയ്ക്ക് 100 മീറ്ററിനുള്ളിലാണ് സ്ഥിതിചെയ്യുന്നതെന്നും സി എ ജി കണ്ടെത്തി. ചട്ടമനുസരിച്ച് ഈ സ്ഥലത്ത് കെട്ടിട നിർമ്മാണത്തിന് അനുമതി നൽകാൻ പാടില്ല. എന്നാൽ കെട്ടിടത്തിന്റെ നിർമ്മാണം ഇതിനകം പൂർത്തിയായിക്കഴിഞ്ഞു. ഹീരാ ലേക്ക് ഫ്രണ്ട് എന്നാണ് ഈ അപ്പാർട്ട്‌മെന്റിന്റെ പേര് .

ഇതിനു പുറമെ ഈ സ്ഥലത്തെ വികസന നിരോധിത പ്രദേശത്ത് ഹീരാ ബ്ലൂ വാട്ടേഴ്‌സ് , ഹീരാ ഹോംസ് എന്നീ രണ്ടു പദ്ധതികൾക്ക് വേണ്ടി കായൽഭൂമി നികത്തിയെന്നും സി എ ജി കണ്ടെത്തി. സ്ഥല പരിശോധനയിൽ ഇങ്ങനെ നികത്തപ്പെട്ട ഭൂമിയിൽ പ്രാഥമിക നിർമ്മാണ പ്രവർത്തനങ്ങൾ കെട്ടിട നിർമ്മാതാവ് ആരംഭിച്ചതായി വ്യക്തമായെന്നും റിപ്പോർട്ടിൽ പറയുന്നു. നഗരസഭയുടെ അനുമതി ഇല്ലാതെയാണ് ഭൂമി നികത്തിയതും കെട്ടിട നിർമ്മാണം ആരംഭിച്ചതും. ഇത് കോർപ്പറേഷൻ അറിയുകയും ചെയ്തു. എന്നാൽ അനധികൃത നിർമ്മാണം നിർത്തിവെയ്‌പ്പിക്കാൻ കോർപ്പറേഷൻ ഇടപെടില്ലെന്ന് സി എ ജി കുറ്റപ്പെടുത്തുന്നു.

തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധപ്പെട്ട കെട്ടിട നിർമ്മാണ ചട്ടമാണ് പി ടി സി ബിൽഡേഴ്‌സ് ലംഘിച്ചിരിക്കുന്നത്. വിമാനത്തവാളത്തിനടുത്തുള്ള കെട്ടിടങ്ങൾക്ക് നിർദ്ദിഷ്ട ഉയരം മാത്രമേ പാടുള്ളൂ. എന്നാൽ ഇരട്ടിയോളം ഉയരത്തിലാണ് പി ടി സി കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. 90 . 504 മീറ്റർ ഉയരമുള്ള കെട്ടിടമാണ് നിർമ്മിച്ചിരിക്കുന്നത്. എന്നാൽ നിയമം അനുസരിച്ച് 49 . 26 മീറ്റർ ഉയരമുള്ള കെട്ടിടം മാത്രമേ നിർമ്മിക്കാൻ പാടുള്ളൂ. ഡോ . ബി ആർ ഷെട്ടിയുടെ ഗോഡ്‌സ് ഓൺ കൺട്രി ഹെൽത് റിസോർട്‌സ് , ആർ കെ കൺസ് ട്രക്ഷൻസ് എന്നിവയും വിമാനത്തവാള നിയം ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഉയരം കൂടുതലുള്ള കെട്ടിടങ്ങൾ നിർമ്മിക്കുന്നത് മൂലം വിമാനത്തവളവുമായി ബന്ധപ്പെട്ട ഗുരുതര സുരക്ഷാപ്രശ്‌നങ്ങൾ ഉണ്ടാകുമെന്ന് സി എ ജി ചൂണ്ടിക്കാണിക്കുന്നു.

വൈമാനിക ഉപകരണങ്ങളുടെ തെറ്റായ പ്രവർത്തനം, വ്യോമഗതാഗത സേവനങ്ങളുടെ തകരാറ് , വിമാനം ഇറങ്ങുമ്പോഴും ഉയരുമ്പോഴുമുള്ള നിയന്ത്രിത നീക്കങ്ങൾ, വൈമാനിക അടിയന്തര സാഹചര്യങ്ങളിൽ കൂട്ടിയിടിക്കലിനുള്ള വർധിച്ച സാധ്യത, ബഹുനില കെട്ടിടങ്ങളിൽ വസിക്കുന്നവർക്ക് റേഡിയേഷൻ അപകടം എന്നിവയ്ക്കുള്ള സാഹചര്യം ഏറെയാണ്. ഈ ലംഘനങ്ങൾ കോർപ്പറേഷന്റെയും സർക്കാരിന്റെയും ശ്രദ്ധയിൽ കൊണ്ടുവന്നെങ്കിലും നടപടി എടുത്തില്ലെന്ന് സി എ ജി പറയുന്നു. നിയമം അനുസരിച്ച് കെട്ടിടത്തിന്റെ ഉയരം കുറയ്ക്കാൻ ഉടമ തയ്യാറായില്ലെങ്കിൽ സർക്കാർ അതു ചെയ്യേണ്ടതാണ്. ഇവിടെ അതു ഉണ്ടായില്ല. വൻകിടക്കാരുടെ നിയമലംഘനങ്ങൾക്ക് നഗരസഭകളും സർക്കാരും കണ്ണടച്ച് കൊടുക്കുകയായിരുന്നുവെന്നാണ് സി എ ജി റിപ്പോർട്ടിലൂടെ വ്യകതമാകുന്നത്.

കല്യാൺ തൃശൂരിൽ നിർമ്മിച്ച 12 നിലയുള്ള റസിഡൻഷ്യൽ കെട്ടിടം ചട്ടങ്ങൾ ലംഘിച്ചാണ് നിർമ്മിച്ചത് . വിവിധ വിഭാഗം കെട്ടിടങ്ങൾക്ക് ബാധകമായ തറ വിസ്തീർണ്ണ അനുപാതത്തിന്റെ പരിധി ലംഘിച്ചാണ് ഈ കെട്ടിട നിർമ്മാണം നടന്നിട്ടുള്ളത്. നിയമം ലഘിച്ച് കെട്ടിടം നിർമ്മിക്കാൻ നഗരസഭ സെക്രട്ടറി അനുമതി നൽകുകയായിരുന്നു. അധികമായി നിർമ്മിച്ച കെട്ടിടഭാഗം പൊളിച്ചുകളയുകയോ 72 ലക്ഷം രൂപ ഫീസ് ഈടാക്കുകയോ വേണമെന്ന് സി എ ജി നിർദ്ദേശിച്ചിട്ടുണ്ട്. കല്യാണിന്റെ ഈ അപ്പാർട്ട് മെന്റിൽ നീന്തൽ കുളത്തിനായി മാറ്റിവച്ചിരിക്കുന്ന സ്ഥലവും റോഡ് വീതികൂട്ടലിനു മാറ്റിവച്ചിരിക്കുന്ന സ്ഥലവും പരിഗണിക്കുമ്പോൾ തറവിസ്തീര്ണ്ണം നിർദ്ദിഷ്ട പരിധിക്കു പുറത്താണെന്നാണ് സി എ ജി യുടെ കണ്ടെത്തൽ.