ക്യൂൻസ് ലാൻഡ്: ഒന്നര വയസു മുതൽ 15 വയസുവരെയുള്ള എട്ടു കുട്ടികൾ കുത്തേറ്റു മരിച്ച സംഭവത്തിൽ കുട്ടികളുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടികളുടെ മൃതദേഹത്തിനൊപ്പം കുത്തേറ്റ് പരിക്കേറ്റ നിലയില് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുപ്പത്തേഴുകാരിയായ അമ്മ ഇപ്പോൾ സുഖം പ്രാപിച്ചുവരികയാണെന്നും പൊലീസിന്റെ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ഡിറ്റക്ടീവ് ഇൻസ്‌പെക്ടർ ബ്രൂണോ അസ്‌നികാർ അറിയിച്ചു. കൊലപാതക കുറ്റം ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

മരിച്ച എട്ടു കുട്ടികളിൽ ഏഴു കുട്ടികളും ഇവരുടേതാണെന്നും ഒരാൾ സഹോദരീ പുത്രിയാണെന്നും പൊലീസ് വ്യക്തമാക്കി. കേൻസ് ബേസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സ്ത്രീ പൊലീസ് സംരക്ഷണയിലാണിപ്പോൾ. കുട്ടികളുടെ കൊലപാതകത്തിൽ മറ്റാരും ഉൾപ്പെട്ടതായി തോന്നുന്നില്ലെന്നും അമ്മ തന്നെയാണ് കൊലപാതകം നടത്തിയെന്ന നിഗമനത്തിലാണ് പൊലീസെന്നും ഇൻസ്‌പെക്ടർ അസ്‌നികാർ പറയുന്നു. വീട്ടിൽ നിന്ന് വ്യത്യസ്ത തരത്തിലുള്ള ഏഴു കത്തികൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവ ഉപയോഗിച്ചാണ് ഇവർ കുട്ടികളെ കുത്തിയതെന്ന് പൊലീസ് കരുതുന്നു.

സ്ത്രീയുടെ ഇരുപതുകാരനായ മകൻ കേൻസ് മന്നൂറയിലുള്ള വീട്ടിലെത്തിയപ്പോഴാണ് കുട്ടികളും അമ്മയും കുത്തേറ്റു കിടക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. സ്ത്രീക്ക് നെഞ്ചിലും കഴുത്തിലും മുറിവുകളുണ്ടായിരുന്നു. കുട്ടികൾ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചിരുന്നു. പോസ്റ്റുമോർട്ടം ഇന്നു നടക്കുമെന്നും കൊലപാതകം സംബന്ധിച്ച് അതിനു ശേഷമേ പൊലീസ് ഔദ്യോഗികമായി എന്തെങ്കിലും വെളിപ്പെടുത്തുകയുള്ളൂവെന്നും ഇൻസ്‌പെക്ടർ വ്യക്തമാക്കി.

ഫോറൻസിക് വിദഗ്ദ്ധർ ഏതാനും ദിവസങ്ങൾ കൂടി തെളിവെടുപ്പിനായി സ്ഥലത്തുണ്ടാകുമെന്നും പൊലീസ് പറഞ്ഞു. ബ്രിസ്‌ബേനിൽ നിന്നും ടൂൺസ് വില്ലിയിൽ നിന്നും കൂടുതൽ അന്വേഷണ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണവുമായി സഹകരിച്ചു വരുന്നു. എട്ടു കുട്ടികൾ ഒരുമിച്ച് മരിച്ച സംഭവത്തിൽ നിന്ന് കേൻസ് നിവാസികൾ ഇതുവരെ വിമുക്തരായിട്ടില്ല. മരിച്ചവർക്കായി കാൻഡിൽ ലൈറ്റ് വിജിൽ കഴിഞ്ഞ രാത്രി നടത്തിയിരുന്നു. കൂട്ട കൊലപാതകം ഷോക്കായി മാറിയിട്ടുള്ളവർക്ക് കൗൺസിലിങ് ആവശ്യമെങ്കിൽ സമീപിക്കാമെന്ന് റിലേഷൻഷിപ്പ് ഓസ്‌ട്രേലിയ വ്യക്തമാക്കിയിട്ടുണ്ട്.