പാരിസ്:  ഫ്രാൻസിൽ ബ്രിട്ടീഷ് അതിർത്തിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന കലൈസിലെ ജംഗിൾ അഭയാർത്ഥി ക്യാമ്പിൽ വളണ്ടിയർമാരായി സേവനമനുഷ്ഠിക്കുന്ന ബ്രിട്ടീഷ് യുവതികളിൽ ചിലർ ഇവിടുത്തെ അഭയാർത്ഥി പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നുവെന്ന ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നു. ഈ ക്യാമ്പിൽ ബലാത്സംഗവും ലൈംഗിക അരാജകത്വവും നിത്യസംഭവമാണെന്നും വെളിവായിട്ടുണ്ട്.

ബ്രിട്ടീഷ് യുവതികളിൽ ചിലർ ഈ ക്യാമ്പിൽ സഹായിക്കാൻ ചെല്ലുന്നത് കരുത്തന്മാരായ പുരുഷന്മാരെ തേടിയാണെന്നും റിപ്പോർട്ടുണ്ട്. ഇക്കാര്യം പുറത്ത് വന്നതിനെ തുടർന്ന് ഫേസ്‌ബുക്കിൽ ഇതിനെ ചൊല്ലി കടുത്ത വിവാദങ്ങളും പ്രതിഷേധവും കത്തിപ്പടരുകയാണ്. ക്യാമ്പിലെ ചില വനിതാ വളണ്ടിയർമാർ ലൈംഗികതൊഴിലാളികൾക്ക് സമാനമായ സേവനമാണ് ഇവിടുത്തെ അഭയാർത്ഥികൾക്കേകുന്നതെന്നാണ് ഇവിടെയുള്ള ഒരാൾ തന്നെ ആശങ്കയോടെ മുന്നറിയിപ്പേകിയിരിക്കുന്നത്. ഇതിന് പുറമെ ചില വളണ്ടിയർമാർ ഒരു ദിവസം തന്നെ ഒന്നിലധികം പേരുമായി കിടക്ക പങ്കിടാറുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

പീപ്പിൾ ടു പീപ്പിൾ സോളിഡാരിറ്റി എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിലൂടെയാണീ വിവാദം പടർന്നിരുന്നത്. എന്നാൽ പിന്നീട് ഈ ഗ്രൂപ്പ് ഡിലീറ്റ് ചെയ്യപ്പെട്ടിരുന്നു. പ്രായപൂർത്തിയാകാത്ത ക്യാമ്പിലെ ആൺകുട്ടികൾ വരെ വളണ്ടിയർമാരുമായി സെക്സിലേർപ്പെട്ടിരുന്നുവെന്ന കാര്യം താൻ കേട്ടിരുന്നുവെന്നാണ് ഇതിനെക്കുറിച്ച് മുന്നറിയിപ്പേകിയ ക്യാമ്പിലെ ആൾ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരുന്നത്.

ഇതിന് പുറമെ ഇവിടുത്തെ ക്യാമ്പിലെ പുരുഷന്മാർ ഇവിടെ ലൈംഗിക തൊഴിലാളികളെ കൊണ്ടു വരികയും ചെയ്യാറുണ്ടെന്ന് ഇയാൾ വെളിപ്പെടുത്തുന്നു. ഇവിടെ ഇത്തരത്തിൽ നടക്കുന്ന വ്യാപകമായ അരാജകത്വത്തിന്റെ ഒരു അംശം മാത്രമേ തനിക്കറിയാൻ സാധിച്ചിട്ടുള്ളുവെന്നും ഇയാൾ പറയുന്നു. ഇത്തരം കാര്യങ്ങൾ പരസ്യമായി വെളിപ്പെടുത്തിയതിന് ഇയാളെ നിരവധി വളണ്ടിയർമാർ വിമർശിച്ചതായും റിപ്പോർട്ടുണ്ട്.

എയ്ഡ് വർക്കർമാരും അഭയാർത്ഥികളും തമ്മിലുള്ള ലൈംഗിക ബന്ധം സ്വാഭാവികമാണെന്നാണ് ചില വളണ്ടിയർമാർ വിശ്വസിക്കുന്നത്. എന്നാൽ ഇത് തികഞ്ഞ സ്വഭാവദൂഷ്യമാണെന്നും സദാചാരത്തിന്റെ ലംഘനമാണെന്നുമാണ് മറ്റ് ചില വളണ്ടിയർമാർ ഉത്കണ്ഠ രേഖപ്പെടുത്തുന്നതെന്ന് ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇത്തരമൊരു ക്യാമ്പിൽ ലൈംഗിക ചൂഷണം നടക്കുന്നത് ഒരിക്കലും വച്ച് പൊറുപ്പിക്കാനാവില്ലെന്നാണ് യുഎൻസിഎച്ച്ആർ പറയുന്നത്.

ഈ ക്യാമ്പിലെ ചില വളണ്ടിയർ ഗ്രൂപ്പുകൾ ഏത് തരത്തിൽ പെരുമാറണമെന്നതിനെ കുറിച്ച് നിശിതമായ നിയമങ്ങളും ചിട്ടകളുമൊന്നും നിശ്ചിയിച്ചിട്ടില്ല. ഇൻഡിപെൻഡന്റ് വളണ്ടിയർമാർ എന്നറിയപ്പെടുന്ന ഇവിടുത്തെ ചിലർ ഒരൊറ്റ പ്രത്യേക ഗ്രൂപ്പിലും ഉൾപ്പെടുന്നവരുമല്ല. ഇത് ഒരു ഔദ്യോഗിക അഭയാർത്ഥി ക്യാമ്പല്ലെന്നും മറിച്ച് നിയമവിരുദ്ധമായ സെറ്റിൽമെന്റാണെന്നുമാണ് കെയർ4കലൈസിന്റെ സ്ഥാപകനായ ക്ലെയർ മോസ്ലെ പ്രതികരിച്ചിരിക്കുന്നത്. അതിനാൽ ആരെയും ഇവിടം വിട്ട് പോകാൻ സമ്മർദം ചെലുത്താനാവില്ലെന്നും അതാണ് ബുദ്ധിമുട്ടുണ്ടാക്കുന്നതെന്നും അദ്ദേഹം പറയുന്നു.

തക്കം കിട്ടിയാൽ യുകെയിലേക്ക് കടന്ന് കയറുകയെന്ന ലക്ഷ്യത്തോടെ ആയിരക്കണക്കിന് അഭയാർത്ഥികളാണ് കലൈസിലെ ക്യാമ്പിൽ തമ്പടിച്ചിരിക്കുന്നത്. പ്രതിവർഷം ഇവിടെ നിന്നും യുകെയിലെത്തുന്നത് 10,000 പേരാണെന്നാണ് ഫ്രഞ്ച് ഒഫീഷ്യലുകൾ അടുത്തിടെ വെളിപ്പെടുത്തിയിരുന്നത്. ഇതനുസരിച്ച് ആഴ്ച തോറും ഏതാണ്ട് 200ഓളം അഭയാർത്ഥികളാണത്രെ ഇത്തരത്തിൽ ബ്രിട്ടനിലെത്തുന്നത്.

ഈ ക്യാമ്പിലെ കള്ളക്കടത്തു കാരുടെയും ഇസ്ലാമിക് തീവ്രവാദികളുടെയും സ്വാധീനം കാരണം ഇതിനകത്തേക്ക് പൊലീസിന് കടന്ന് കയറാൻ പോലും സാധിക്കുന്നില്ല. ഐസിസുകാർ പോലും യുകെയെ ലക്ഷ്യമിട്ട് ഇവിടെ തമ്പടിച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. ഇവിടുത്തെ മനുഷ്യക്കടത്ത് സംഘങ്ങൾ തുറമുഖത്തെത്തുന്നതിന് മുമ്പ് ലോറികൾ തടഞ്ഞ് നിർത്തുകയും അതിലേക്ക് അഭയാർത്ഥികൾക്ക് കയറാനുള്ള സാഹചര്യമൊരുക്കുന്നതും യുകെയ്ക്ക് വൻഭീഷണിയാണ്.