കൊൽക്കത്ത: മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുകന്ന സർക്കാരിന് താക്കീതായി കൊൽക്കൊത്ത ഹൈക്കോടതിയുടെ ചോദ്യങ്ങൾ. മതത്തിന്റെ പേരിൽ ജനങ്ങളെ അകറ്റി നിർത്തരുതെന്നും കോടതി നിർദ്ദേശിച്ചു

ഇസ്ലാം മതവിഭാഗക്കാർ മുഹ്റം ആഘോഷിക്കുന്ന ഒക്ടോബർ ഒന്നിന് ദുർഗ്ഗാ പൂജയുടെ ആഘോഷങ്ങൾ നിരോധിച്ച ബംഗാൾ സർക്കാർ നടപടിയാണ് ഇപ്പോൾ
കൂടുതൽ വിവാദമായിരിക്കുന്നത്. സെപ്റ്റംബർ 30 രാത്രിയോടെ മുഹറവുമായി ബന്ധപ്പെട്ട പ്രാർത്ഥനകളും ചടങ്ങുകളും ആരംഭിക്കും. അതിനാൽ ദുർഗ്ഗാ പൂജയോട് അനുബന്ധിച്ചുള്ള വിഗ്രഹ നിമഞ്ജനം 30ന് വൈകുന്നേരം ആറ് മണിയോടെ താൽക്കാലികമായി നിർത്തി വയ്ക്കണമെന്നും മുഹറം ചടങ്ങുകൾക്ക് ശേഷം ഒക്ടോബർ 2ന് പൂജ ആഘോഷങ്ങൾ തുടരാമെന്നും മമത ബാനർജി ഉത്തരവിറക്കി. സംസ്ഥാനത്ത് വർഗീയ സംഘർഷങ്ങൾ ഒഴിവാക്കാനായി സർക്കാർ നിർദ്ദേശത്തോട് ജനങ്ങൾ സഹകരിക്കണമെന്നും മമത ആവശ്യപ്പെട്ടു.

എന്നാൽ ഇതിന് സംഘപരിവാർ സംഘടനകളിൽ നിന്ന് കടുത്ത എതിർപ്പാണ് ഉണ്ടായത്. മുസ്‌ളിം വോട്ടിനായി ദുർഗ്ഗാപൂജയിൽ വിശ്വസിക്കുന്ന ഹിന്ദുവിശ്വാസികളുടെ അവകാശങ്ങളെ മുഖ്യമന്ത്രി നിരോധിക്കുകയാണെന്ന് ഇവർ ആരോപിച്ചു. വിജയദശമി ദിനത്തിൽ ആയുധപൂജ നടത്തുമെന്നും ഈ സംഘടനകൾ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ ഉത്തരവിനെതിരേ സമർപ്പിച്ച ഹർജിയിലാണ് ശ്രദ്ധേയമായ നിരീക്ഷണങ്ങൾ കോടതി നടത്തിയത്.

സമുദായസൗഹാർദ്ദം യഥാർത്ഥമായി ആഗ്രഹിക്കുന്ന ഒരു സർക്കാരും മതത്തിന്റ പേരിൽ ജനങ്ങളെ വേർതിരിക്കരുത്. രണ്ടു സമുദായങ്ങൾ ഒന്നിച്ച് ആഘോഷങ്ങൾ നടത്തിയാൽ എന്താണ് സംഭവിക്കുക? സർക്കാർ ഒരു രേഖ വരച്ച് രണ്ടു മതങ്ങളിൽ പെട്ടവരെ രണ്ടു വിഭാഗമായി വേർതിരിക്കരുത്. അവർ ഒന്നിച്ചു ജീവിക്കട്ടെ...സൗഹാർദ്ദത്തോടെ. കോടതി പറഞ്ഞു.

മമതയുടെ ഉത്തരവിനെതിരേ അഞ്ചു ഹർജികളാണ് സമർപ്പിക്കപ്പെട്ടത്. ഇവ ഒന്നിച്ചാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് ഹരീഷ് ടാൺഡൻ ഉൾപ്പെട്ട ബഞ്ച് പരിഗണിച്ചത്. ക്രമസമാധാന പ്രശ്‌നം ഉണ്ടാകുമെന്ന ആശങ്കയാണെങ്കിൽ ഇവിടെ പൊലീസ് ഇല്ലേ എന്നും കോടതി ചോദിച്ചു.

ബംഗാളിൽ ഹിന്ദു- മുസ്‌ളിം സൗഹാർദ്ദം നിലനിലനിൽക്കുന്നതായി മുഖ്യമന്ത്രി മമത പ്രസംഗിക്കുന്നതിന്റെ വീഡിയോയും കോടതി കണ്ടു. മുഖ്യമന്ത്രി പറയുന്നതനുസരിച്ചാണെങ്കിൽ എന്തിന് അവരെ വേർതിരിക്കണം. കോടതിയുടെ നിരീക്ഷണം ശക്തമായിരുന്നു. ഈ പ്രസംഗം നടത്തിയത് ഒരു സംസ്ഥാനത്തിന്റെ ഭരണാധികാരിയാണ് അല്ലാതെ ഒരു പൊലീസ് ഓഫീസർ അല്ല. ഈ രണ്ടു സമുദായങ്ങളുടെ വിശ്വാസത്തിലും ആചാരങ്ങളിലും മതിയായ കാരണമില്ലാതെ സർക്കാർ കടന്നു കയറുന്നത് അനുവദിക്കാനാവില്ല. പക്ഷേ ആഘോഷങ്ങളുമായി ബന്ധപ്പെട്ടുള്ള റാലികളും ഘോഷയാത്രകളും ക്രമീകരിച്ചതിനെ കോടതി അംഗീകരിക്കുകയും ചെയതു.

ക്രമസമാധാന പാലനത്തിൽ ഇത്രമാത്രം ആശങ്കപ്പെടുന്നത് എന്തു കാരണത്താലാണെന്ന് വ്യക്തമാക്കാനും അഡ്വക്കേറ്റ് ജനറലിനോട് കോടതി ആവശ്യപ്പെട്ടു.
അപ്രതീക്ഷിതമായ സംഭവങ്ങൾ ഒഴിവാക്കാനുള്ള ഒരു പ്രതിരോധ നടപടിയാണിതെന്നായിരുന്നു സർക്കാർ വിശദീകരണം. എന്നാൽ ഇതും കോടതി അംഗീകരിച്ചില്ല.

പ്രശ്‌നങ്ങളൊന്നുമില്ലാതെ സൗഹാർദ്ദത്തിൽ കഴിയുന്ന സമൂഹത്തിനെ വേർതിരിക്കരുത് എന്ന് നിരീക്ഷണവും കോടതി നടത്തി. കേസിൽ വാദം കേട്ട കോടതി നാളെ വിധി പറയും. വിധി എന്തായാലും അത് രാഷ്ട്രീയമായി ഏറെ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കും. സംഘപരിവാർ നിലപാടിനെതിരേ അതിശക്തമായ നിലപാടാണ് മമതയുടത് . ആയുധ പൂജ നടത്തുമെന്ന തീരുമാനത്തിനെതിരേ തീ കൊണ്ടു കളിക്കരുതെന്നാണ് മമത മുന്നറിയിപ്പ് നൽകിയത്. ആയുധങ്ങളുമേന്തിയുള്ള ഒരു റാലിയും അനുവദിക്കില്ല. നിർദ്ദേശങ്ങൾ ലംഘിച്ചാൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും മമത വ്യക്തമാക്കി. ആയുധമേന്തിയുള്ള റാലിക്കെതിരെ ബംഗാൾ പൊലീസ് മേധാവിയും മുഖ്യമന്ത്രിയുടെ നിർദ്ദേശങ്ങൾ ആവർത്തിച്ചിരുന്നു.