കാസർഗോഡ്: ഏറെ വൈകൃതങ്ങളുമായി പിറന്നു വീണ പശുക്കുട്ടി നാട്ടുകാർക്കു കൗതുകമുണർത്തുന്നു. കാസർഗോഡ് തച്ചങ്ങാട് ഗ്രാമത്തിലാണു വിസ്മയമായി ഒരു പശുക്കിടാവു ജനിച്ചത്.

രണ്ടു തലകളും മൂന്ന് കണ്ണുകളുമായാണ് കിടാവ് ഉണ്ടായത്. തച്ചങ്ങാട്ട് ഗ്രാമത്തിലെ പൊടിപ്പളത്തെ മാധവി അമ്മയുടെ പശുവാണ് അപൂർവ്വതകളുള്ള പശുക്കുട്ടിക്ക് ജന്മം നൽകിയത്.

രണ്ടു തലകളുള്ളതിനാൽ രണ്ടു വായും രണ്ടു നാക്കുകളും കിടാവിനുണ്ട്. ഒരുവായിലൂടെ അമ്മയുടെ മുലപ്പാൽ കുടിക്കുമ്പോൾ മറുവായിലൂടെ അല്പം പുറത്തേക്കും ഒഴുകുന്നുണ്ട്. അത്യപൂർവ്വമായി മാത്രമാണ് ഇത്തരം വൈകൃതങ്ങളുമായി പശുക്കിടാങ്ങൾ ജനിക്കുന്നതെന്ന് വെറ്റിനറി ഡോക്ടർമാർ അഭിപ്രായപ്പെടുന്നു.

ലക്ഷത്തിലേറെ പശുക്കൾ പ്രസവിക്കുമ്പോൾ ചില വൈകൃതങ്ങളുമായി ഒരു കിടാവ് ജനിക്കാം. എന്നാൽ ഇത്രയും അപൂർവ്വതകളുള്ള പശുക്കിടാങ്ങൾ ദുർലഭമാണ്. ഇവ അപൂർവ്വമായി മാത്രമേ ജീവിക്കാറുള്ളൂവെന്നും ഡോക്ടർമാർ പറയുന്നു. എന്നാൽ ഈ പശുക്കുട്ടി പൂർണ്ണ ആരോഗ്യവതിയായി കഴിയുകയാണ്. അപൂർവ്വ കിടാവിനെ കാണാൻ നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്നും മാധവിയമ്മയുടെ വീട്ടിലേക്ക് ജനങ്ങൾ ത്തിക്കൊണ്ടിരിക്കുകയാണ്.