കോഴിക്കോട്: 2011-12 സാമ്പത്തിക വർഷത്തെ കോഴിക്കോട് കോർപ്പറേഷന്റെ ഇടപാടുകളിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നതായി ലോക്കൽ ഫണ്ട് ഓഡിറ്റിംങ് വിഭാഗം സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിലെ കണ്ടെത്തൽ. തൊഴിൽ രഹിത വേതനം വിതരണം ചെയ്തതിലുള്ള ക്രമക്കേട്, കോർപ്പറേഷനിലെ ഫോം വിൽപ്പനയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ, മാനാഞ്ചിറ സ്‌ക്വയറിന്റെ നവീകരണത്തിനായി ടെൻഡൻ നൽകിയതിലുള്ള അപാകത, ടൗൺ ഹാൾ നവീകരണത്തോടനുബന്ധിച്ചുള്ള സ്റ്റോർ പർച്ചേസ് ചട്ടങ്ങളിലുള്ള ലങ്കനം തുടങ്ങി വൻകിട നിർമ്മാണങ്ങൾക്ക് കെട്ടിട ചട്ടങ്ങൾക്ക് വിരുദ്ധമായി അനുമതി നൽകൽ, വ്യവസ്ഥകൾ പാലിക്കാതെ ഫ്‌ളാറ്റുകൾക്ക് അനുമതി നൽകൽ തുടങ്ങിയ ഞെട്ടിക്കുന്ന ക്രമക്കേടുകൾ കോർപ്പറേഷൻ നടത്തിയതായാണ് സർക്കാറിന് സമർപ്പിച്ച 230 പേജുകളുള്ള ഓഡ്റ്റിംങ് റിപ്പോർട്ടിൽ വിശദമാക്കുന്നത്. വാർഷിക കണക്കുകൾ കൗൺസിലിന്റെ അംഗീകാരം ലഭിക്കാതെയാണ് സമർപ്പിച്ചിരുന്നതെന്നും കോർപ്പറേഷന്റെ ഫയലുകളുടെയും രജിസ്റ്ററുകളുടെയും സൂക്ഷിപ്പ് തൃപ്തകരമല്ലെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.

കോഴിക്കോട് മാനാഞ്ചിറ സ്‌ക്വയർ നവീകരണ പ്രവർത്തി തുടങ്ങാനിരിക്കെ പുൽത്തകിടി നവീകരണത്തിനു മാത്രമായി ടെൻഡർ നൽകിയതിൽ അപാകതയുള്ളതായി ഓഡിറ്റിംങ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. 2009 ജനുവരി 27നായിരുന്നു സ്‌ക്വയർ നവീകരണ പ്രവർത്തിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയത് എന്നാൽ 2009 നവംബർ ആറിന് പുൽത്തകിടി മാറ്റുന്നതിന് മാത്രമായി കാരാറുകാരന് വർക്ക് ഏൽപ്പിക്കുകയായിരുന്നു. എന്നാൽ 2010 ജൂൺ ഒന്നിന് മൊത്തത്തിലുള്ള നവീകരണ പ്രവർത്തി ആരംഭിച്ചതിനാൽ പുൽത്തകിടി മാറ്റാൻ പ്രത്യേകമായി നൽകിയ കരാർ റദ്ദാക്കുകയും കരാറുകാരന് 2,04,729 രൂപ നൽകേണ്ടി വരികയും ചെയ്തു. മാനാഞ്ചിറ സ്‌ക്വയർ നവീകരണ പ്രവർത്തി ആരംഭിക്കാനിരിക്കെ ഒരു വർഷത്തേക്ക് മാത്രമായി മെയ്ന്റനൻസ് പ്രവർത്തി എന്ന നിലയിൽ ഇത്തരത്തിൽ കരാർ നൽകിയത് കോർപ്പറേഷന് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയതായി ഓഡിറ്റിംങ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ഇതിനു പുറമെ സ്റ്റോർ പർച്ചേസ് ചട്ടങ്ങൾ പാലിക്കാതെ തുക ചിലവഴിച്ചതും വലിയ സാമ്പത്തിക ക്രമക്കേട് നടന്നതായി റിപ്പോർട്ടിൽ പറയുന്നു. ടൗൺ ഹാൾ നവീകരണത്തിന്റെ ഭാഗമായിട്ടായിട്ടുള്ള ശബ്ദ വിന്യാസ സംവിധാനമൊരുക്കാൻ 2,76,150 രൂപയാണ് ചട്ടങ്ങൾ മറികടന്ന് ചെലവഴിച്ചിരിക്കുന്നത്. സ്റ്റോർ പർചേസിങ് ആക്ട് പ്രകാരം 20,000 രൂപയോ അതിനു മുകളിലുള്ള സംഖ്യയോ ചെലവിടുമ്പോൾ ഡെൻഡർ ക്ഷണിക്കുകയും ഒന്നോ ഒന്നിലധികം പത്രങ്ങളിലോ പരസ്യം നൽകേണ്ടതാണെന്നിരിക്കെ ഇതെല്ലാം മറികടന്നാണ് തുക ചെലവിട്ടെതെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന മൂന്ന് ദിവസങ്ങൾക്കു മുമ്പ് ഒരു പത്രത്തിൽ പരസ്യം നൽകിയിട്ടുണ്ടെന്ന് ബന്ധപ്പെട്ട വകുപ്പ് പറഞ്ഞെങ്കിലും ഇത് തെളിയിക്കുന്ന രേഖകളൊന്നും തന്നെ ഓഡിറ്റിംങ് വിഭാഗത്തിനു മുന്നിൽ സമർപ്പിക്കാനായില്ല.

കോർപ്പറേഷനിലെ വിവിധ ഫോമുകൾ വിറ്റ വകുപ്പിലും വൻക്രമക്കേടാണ് നടന്നിരിക്കുന്നത്. ഫോം വിറ്റു കിട്ടിയതിൽ കുറഞ്ഞ തുക മാത്രമാണ് കോർപ്പറേഷനിൽ അടച്ചിരിക്കുന്നത്. ഫോം വിൽപ്പനയുമായി ബന്ധപ്പെട്ട് സ്ഥിരമായി ഓഡിറ്റിംങ് വിഭാഗത്തിനു പരിശോധനക്കായി സമർപ്പിക്കേണ്ട രജിസ്റ്ററുകൾ പലപ്പോഴും പരിശോധനക്കായി ലഭ്യമാക്കിയിട്ടില്ല. കോർപ്പറേഷന്റെ തൊഴിൽ രഹിത വേതനം വിതരണം ചെയ്തതിൽ വൻ ക്രമക്കേടുകൾ നടന്നിട്ടുള്ളതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. അർഹത നഷ്ടപ്പെട്ടവർക്ക് വിതരണം ചെയ്തു എന്നതാണ് ഇതിലെ പ്രധാന വീഴ്ച. 32 വയസ്സ് പൂർത്തിയായവർക്ക് വേതനം വിതരണം ചെയ്യാൻ പാടില്ലെന്ന ചട്ടം നിലവിലുള്ളപ്പോഴാണ്. 35 കഴിഞ്ഞവർക്കും വേതനം നൽകിയതായി കണ്ടെത്തിയിരിക്കുന്നത്. എന്നാൽ തൊഴിൽ രഹിത വേതനം കൈപറ്റിയവരാകട്ടെ രജിസ്റ്ററിലെ ഇവരുടെ യഥാർത്ഥ ഒപ്പുമായി സാദൃശ്യമില്ല എന്നതും ഗുരുതര വീഴ്ചയായി കണ്ടെത്തിയിട്ടുണ്ട്.

ലോക്കൽ ഫണ്ട് ഓഡിറ്റിംങ് വിഭാഗത്തിന്റെ പരിശോധനയിൽ വേറെയും നിരവധ ക്രമക്കേടുകളാണ് കണ്ടെത്തിയിട്ടുള്ളത്. വൻകിട കെട്ടിട നിർമ്മാണങ്ങൾക്ക് കെട്ടിട ചട്ടങ്ങൾക്ക് വിരുദ്ധമായി അനുവതി നൽകിയതും വ്യവസ്തകൾ പാലിക്കാതെയുള്ള ഫ്‌ളാറ്റ് നിർമ്മാണത്തിനുള്ള അനുമതിയും നിയമാനുസൃതം അംഗീകാരം ലഭിക്കാതെ ടെൻഡർ അധികം നൽകൽ തുടങ്ങിയവ ഇതിൽ പ്രധാനമാണ്. ആസൂത്രണത്തിലെ പിഴവും ചട്ട വിരുദ്ധമായ നടപടികളും കോർപ്പറേഷന് ഭീമമായ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയതായി ലോക്കൽ ഫണ്ട് ഓഡിറ്റിംങ് വിഭാഗം സർക്കാറിനു സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, ഇത്തരത്തിലുള്ള ഓഡിറ്റുകളുടെ സാമ്പത്തിക കണക്കുകളെല്ലാം തന്നെ കോർപ്പറേഷനിലെ ഉദ്യോഗസ്ഥരരാണ് കൈകാര്യം ചെയ്യുകയെന്നും അതിനു മറുപടി നൽകുമ്പോൾ മാത്രമാണ് തന്റെ അടുത്തേക്ക് ഫയൽ വരിക എന്നും കോഴിക്കോട് മേയർ എ.കെ പ്രേമജം മറുനാടൻ മലയാളിയോട് പറഞ്ഞു. 2009 വരെയുള്ള ഓഡിറ്റിങിന്റെ മറുപടി ഞാൻ നൽകിയിട്ടുള്ളതാണ്. ഫ്‌ളാറ്റ് നിർമ്മാണത്തിനുള്ള അനുമതിയും കെട്ടിട നർമാണത്തിനും മറ്റുമുള്ള പ്ലാനുകളുമെല്ലാം നൽക്കുന്നത് ഉദ്യോഗസ്ഥന്മാരാണ്. ഇതിൽ എന്തെങ്കിലും പരാതികളുണ്ടെങ്കിലേ ഞാൻ ഇടപെടാറുള്ളൂ..അല്ലാതെ മേയർ എന്നുള്ള നിലയിൽ എനിക്കോ മറ്റു അംഗങ്ങളോ അല്ല ഇത് ചെയ്യുന്നത്. ഇപ്പോൾ സംഭവിച്ചിരിക്കുന്നത് ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്നതിൽ സംശയമില്ലെന്നും മേയർ പറഞ്ഞു.