കോഴിക്കോട്: ബാലുശ്ശേരിയിൽ അമ്മയേയും ഇരട്ടക്കുട്ടികളടക്കം മൂന്ന് പെൺമക്കളേയും തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. എകരൂൽ തുടിയങ്ങൽ ഷിഹാബിന്റെ ഭാര്യ നസീല (35), മക്കളായ ഹന്ന (12), തസ്‌ന (3), നെസ്‌ന (3) എന്നിരാണ് മരിച്ചത്. ഇന്നലെ അർദ്ധരാത്രിയോടെയാണ് അപകടമുണ്ടായത്. കിടപ്പുമുറിയിലാണ് നാലു പേരുടേയും മൃതദേഹങ്ങൾ കണ്ടെത്തിയത്. വീട് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തീപിടുത്തത്തിൽ വീട് പൂർണമായി കത്തിനശിച്ചു.

മണ്ണെണ്ണയോ പെട്രോളോ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യയാണെന്നാണ് പൊതുവിലയിരുത്തലെങ്കിലും ഇതേക്കുറിച്ച് പറയാൻ വിശദമായ അന്വേഷണം വേണമെന്നാണ് പൊലീസ് പറയുന്നത്. സംഭവ സമയത്ത് ഭർത്താവ് ശിഹാബ് സ്ഥലത്തില്ലായിരുന്നു. ഗൾഫിലായിരുന്ന ശിഹാബ് പെരുന്നാളിനോടനുബന്ധിച്ച് നാട്ടിലെത്തിയിരുന്നു.

ഭർത്താവ് ഡൽഹിക്ക് പോയെന്നും കുട്ടികൾക്ക് സുഖമില്ലാത്തതിനാൽ ഉടൻ എത്തണമെന്നും നസീല സഹോദരങ്ങളെ രാത്രി ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. ബന്ധുക്കൾ വീട്ടിൽ ചെന്നുനോക്കിയപ്പോൾ കിടപ്പുമുറിയിൽ നിന്നും പുക ഉയരുന്നതാണ് കണ്ടത്. വാതിൽ പൊളിച്ച് അകത്തെ ത്തി നാട്ടുകാർ തീയണച്ചെങ്കിലും നാലുപേരെയും രക്ഷിക്കാനായില്ല. ബാലുശ്ശേരി പൊലീസും നരിക്കുനി ഫയർഫോഴ്‌സും സ്ഥലത്തെത്തി.

നാലു മൃതദേഹങ്ങളും തിരിച്ചറിയാനാവാത്ത വിധം കത്തിക്കരിഞ്ഞിട്ടുണ്ട്. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ശിഹാബ് നാലുദിവസം മുമ്പ് ബിസിനസ് ആവശ്യാർഥം ഡൽഹിയിൽ പോയതാണെന്ന് ബന്ധുക്കൾ അറിയിച്ചു. ദമ്പതികൾ നല്ല ബന്ധത്തിലായിരുന്നു എന്ന് അയൽവാസികൾ പറഞ്ഞു.