കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വൻ ലഹരിമരുന്ന് വേട്ട. 70 ലക്ഷം രൂപയുടെ ലഹരി വസ്തുക്കളുമായാണ് യുവാവ് പിടിയിലായത്. നഗരത്തിലെ സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വിൽപ്പന നടത്താൻ തയ്യാറാക്കി വെച്ച മയക്കുമരുന്നുകളാണ് പിടിയിലായത്. മാങ്കാവ് സ്വദേശിയായ ഫസലുദ്ദീന്റെ (36) വീട്ടിൽ നിന്നാണ് വിലപിടിപ്പുള്ള ലഹരി വസ്തുക്കൾ പിടികൂടിയത്. ഹാഷിഷ് ഓയിൽ, കൊക്കൈയിൻ, ലഹരി ഗുളികൾ എന്നിവയാണ് പിടിച്ചെടുത്തത്. 83 എൽ.എസ്.ഡി. സ്റ്റാമ്പുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇയാളെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്യ്തു.

പിടിയിലായ ഫസലുദ്ദീൻ ഇതിന് മുമ്പും ലഹരി വസ്തുക്കൾ വിൽപ്പന നടത്തിയതിന്റെ പേരിൽ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ബാംഗളൂരിൽ നിന്നാണ് പ്രധാനമായും ലഹരി വസ്തുക്കൾ ഇയാൾ എത്തിക്കുന്നത്. കീഴിൽ നിരവധി ഏജന്റ് മാരെ വെച്ച് കൊണ്ടാണ് കോഴിക്കോട് നഗരത്തിൽ വിൽപ്പന നടത്തുന്നത്. ഇയാളെ വടകര നാർക്കോട്ടിക് കോടതിയിൽ ഹാജരാക്കി 14 ദിവസം റിമാന്റ് ചെയ്തു

കോഴിക്കോട് ജില്ലയിൽ ഈയിടെയായി മയക്കുമരുന്ന് പിടികൂടുന്ന നിരവധി സംഭവങ്ങളാണ് ഉണ്ടായിരിക്കുന്നത്. 15 ന് രണ്ടര കിലോ കഞ്ചാവുമായി കോഴിക്കോട് വെള്ളയിൽ സ്വദേശിയായ സി.വി ഹൗസിൽ ഹംസ കോയയെ (54) ഫറോക്ക് റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ കെ. സതീശനും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തിരുന്നു. ന്യൂജെൻ മയക്കുമരുന്നുമായി യുവാക്കളെ ഉൾപ്പെടെ പിടികൂടിയ സംഭവങ്ങളും നിരവധിയാണ്. കോവിഡ് കാലത്താണ് വ്യാപകമായി വലിയ അളവിൽ മയക്കുമരുന്ന് ശേഖരങ്ങൾ പിടികൂടുന്ന സംഭവങ്ങളുണ്ടായത്. ദിവസങ്ങൾ മയക്കം ഉണ്ടാക്കുന്ന ന്യൂജെൻ മയക്കുമരുന്നുകളാണ് കൂടുതലായി പിടിക്കപ്പെട്ടത്.

കഴിഞ്ഞ ദിവസം കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന നാല് കിലോഗ്രാം കഞ്ചാവുമായി രണ്ട് പേരെ പൊലീസ് പിടികൂടിയിരുന്നു.തമിഴ്‌നാട് കുഡ്ഡലോർ സ്വദേശി മുരുകൻ , കോഴിക്കോട് സൗത്ത് ബീച്ച് സ്വദേശി മജീദ് എന്ന സൊറോണി മജീദ് എന്നിവരാണ് ഡൻസാഫും എലത്തൂർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടിയിലായത്. പൂളാടിക്കുന്ന് ജംക്ഷന് സമീപത്ത് വച്ചാണ് ഇവരെ നാല് കിലോ കഞ്ചാവ് സഹിതം പൊലീസ് പിടികൂടിയത്.

കൊയിലാണ്ടിയിലേക്ക് യാത്രക്കാരെന്ന വ്യാജേന ഓട്ടോറിക്ഷയിലാണ് പ്രതികൾ വന്നിരുന്നത്. നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ് പിടിയിലായ മജീദ്. ആന്ധ്രയിൽ നിന്നും ലഹരികടത്തുകാർ തമിഴ്‌നാട്ടിലെ കാട്പാടിയിലെത്തിക്കുന്ന കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്ന മയക്കുമരുന്ന് സംഘത്തിൽപെട്ട പ്രധാനിയാണ് തമിഴ് നാട് സ്വദേശിയായ മുരുകൻ.