കോഴിക്കോട്: വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോം ഗേൾസ് ഹോമിൽനിന്നു കാണാതായ ആറു പെൺകുട്ടികളുടെ യാത്ര ശരിക്കും കേരളക്കരയെ ഞെട്ടിച്ചിട്ടുണ്ട്. യാതൊരു പരിചയവും ഇല്ലാത്ത ബംഗളുരുവിലേക്ക് അവർ പോകാൻ ഒരുങ്ങിയ സാഹചര്യം എന്തായിരുന്നു എന്നത് ഇപ്പോഴും ദുരൂഹതയായി അവശേഷിക്കുന്നു. 26നു രാവിലെ ഹോമിലെ റിപ്പബ്ലിക്ദിന പരിപാടിയിൽ ഈ കുട്ടികളും സജീവമായിരുന്നു. പൊതുവേ മിടുക്കരായ പെൺകുട്ടികൾ എന്തിനാണ് ഈ സാഹസം ചെയ്തത് എന്നാണ് അധികൃതർ ചോദിക്കുന്നത്.

നേരത്തേ ഹോമിൽ അന്തേവാസികളായി താമസിച്ചു പിന്നീട് സ്വന്തം വീട്ടിലേക്കു പോയ സഹോദരിമാരായ രണ്ടു പെൺകുട്ടികൾ ദിവസങ്ങൾക്കു മുൻപാണു വീണ്ടും ഹോമിലെത്തിയത്. അവർ മറ്റു കുട്ടികളുമായി ഏറെ സൗഹൃദത്തിലായി. ഹോമിൽനിന്ന് ഒളിച്ചോടിയവരിൽ രണ്ടു പേർ ഇവരാണ്. ഒളിച്ചോട്ടത്തിനു നേതൃത്വം നൽകിയതും ഇവരാണെന്നാണ് സൂചനകളുമുണ്ട്. ഇവരാിരിക്കണം പുറത്തുള്ളവരുമായി കാര്യങ്ങൾ സംസാരിച്ചരും ഏകോപനം നടത്തിയതും എന്നാണ് കരുതുന്നത്.

റിപ്പബ്ലിക്ദിന പരിപാടികൾ കഴിഞ്ഞ് എല്ലാവരും സ്ഥലത്തുണ്ടായിരുന്നു. വൈകിട്ട് മൂന്നു മണി വരെ ആറു പേരും അവിടെയുണ്ടെന്നാണു പറയുന്നത്. നാല് മണിയോടെയാണ് കുട്ടികളെ കാണാതായ വിവരം അറിഞ്ഞത്. ഹോമിൽനിന്നു പുറത്തുകടന്ന പെൺകുട്ടികൾ റോഡിലൂടെ നടന്നുപോകുന്ന ദൃശ്യങ്ങൾ ഉണ്ട്. നഗരത്തിലെത്തിയ കുട്ടികൾ 500 രൂപയ്ക്ക് ഒരാളിൽനിന്നു സാധാരണ ഫോൺ വാങ്ങി. അതിൽനിന്നു ഒരാളെ വിളിച്ചു ഫോൺ നൽകിയ ആൾക്കു 500 രൂപ ഗൂഗിൾ പേ ചെയ്യിപ്പിച്ചു.

പിന്നീട് കെഎസ്ആർടിസി ബസിൽ പാലക്കാട്ടേക്കു യാത്ര ചെയ്തു. ടിക്കറ്റെടുക്കാൻ പണമില്ലെന്നു വന്നപ്പോൾ ഒരാളെ ഫോണിൽ വിളിച്ചു 2000 രൂപ കണ്ടക്ടർക്കു ഗൂഗിൾ പേ ചെയ്യിപ്പിച്ചു. ടിക്കറ്റ് ചാർജ് കഴിച്ചുള്ള പണം കണ്ടക്ടർ കുട്ടികൾക്കു നൽകി. പാലക്കാട്ടുനിന്നു ട്രെയിനിൽ കയറി. കോയമ്പത്തൂരെത്തിയപ്പോൾ ടിടിഇ എത്തി ടിക്കറ്റില്ലെന്ന കാരണത്താൽ ഇറക്കിവിട്ടു. അവിടെനിന്നു ബെംഗളൂരുവിലേക്കു മറ്റൊരു ട്രെയിനിൽ യാത്ര ചെയ്തു. ആരുടെയോ നിർദ്ദേശം അനുസരിച്ചാണ് പെൺകുട്ടികൾ പ്രവർത്തിച്ചതെന്ന സൂചനകളുണ്ട്. ഇങ്ങനെ നിർദ്ദേശം കൊടുത്തവരിലേക്കും അന്വേഷണം നീളുമെന്ന് ഉറപ്പാണ്.

കുട്ടികളെ കാണാതായപ്പോൾ മുതൽ തന്നെ തിരച്ചിൽ ആരംഭിച്ചിരുന്നു. പല വിധത്തിലുള്ള അഭിപ്രായങ്ങളാണ് ഉയർന്നുവന്നത്. വയനാട്ടിലെ ഏതോ സ്ഥലത്തുണ്ടാകുമെന്നു ചിലർ പറഞ്ഞു. അത്രയൊന്നും സമയമായിട്ടില്ലെന്നും കോഴിക്കോട് വിട്ടുപോകാൻ സാധ്യതയില്ലെന്നും അഭിപ്രായം വന്നു. കയ്യിൽ പണമോ ഫോണോ ഇല്ലാത്തതിനാൽ അധികദൂരം പോകില്ലെന്നും ചിലർ ചൂണ്ടിക്കാട്ടി. ഇത്തരം ഊഹാപോഹങ്ങൾ ഉയരുമ്പോഴാണ് 27നു ഉച്ചകഴിഞ്ഞു ബെംഗളൂരുവിൽ പെൺകുട്ടികളെ കണ്ടെത്തിയെന്ന വിവരം ലഭിച്ചത്. മടിവാളയിലെ ഒരു ഹോട്ടലിൽ കയറിയപ്പോൾ മലയാളി സമാജം പ്രവർത്തകരും ഹോട്ടലുകാരും കുട്ടികളെ തിരിച്ചറിഞ്ഞു.

കുട്ടികളെ കാണാതായ വിവരം പൊലീസ് നേരത്തേ അവിടങ്ങളിൽ അറിയിച്ചിരുന്നു. തിരിച്ചറിഞ്ഞെന്നു മനസ്സിലാക്കിയ കുട്ടികൾ ഹോട്ടലിൽനിന്ന് ഇറങ്ങി ഓടി. ആളുകൾ തടഞ്ഞു വയ്ക്കുന്നതിനിടയിൽ അഞ്ച് പേർ ഓടി മറഞ്ഞു. ഒരാൾ പിടിയിലായി. ഓടി മറഞ്ഞവരെ നിമിഷനേരം കൊണ്ടു കണ്ടെത്തുമെന്നാണു കരുതിയത്. മടിവാളയും ബെംഗളൂരു നഗരവും നല്ല പരിചയമുള്ളവരാണു തിരച്ചിൽ നടത്തിയത്. കുട്ടികൾക്കാണെങ്കിൽ സ്ഥലം ഒട്ടും പരിചയമില്ല. എന്നാൽ കുട്ടികൾ പെട്ടെന്നു ഏതോ കേന്ദ്രത്തിലേക്കു മറഞ്ഞു. ആരാണ് അവരെ ഒളിപ്പിച്ചതെന്നു വ്യക്തമല്ല. തിരച്ചിൽ ഫലം കണ്ടതുമില്ല.

ഇതിനിടയിൽ ഒരു പെൺകുട്ടി ഒറ്റയ്ക്കു ബസ് ബുക്കിങ് സ്ഥാപനത്തിലെത്തി കേരളത്തിലേക്കു ബസ് ടിക്കറ്റ് എടുത്തു. കുട്ടി അവിടെ നൽകിയ ഫോൺ നമ്പർ പൊലീസിനു സഹായകമായി. അമ്മയുടെ ഫോൺ നമ്പറാണു കുട്ടി നൽകിയത്. ബസ് സർവീസ് സ്ഥാപനം നടത്തുന്നവർ ഏതു സ്ഥലത്തുനിന്നാണു ബസിൽ കയറുന്നതെന്നു അറിയാനായി ഫോണിൽ വിളിച്ചപ്പോൾ അമ്മയാണു ഫോൺ എടുത്തത്. അവർ കാര്യങ്ങൾ പറഞ്ഞു. ബസ് ജീവനക്കാരോടു കുട്ടിയെ സൂക്ഷിക്കാൻ സ്ഥാപനത്തിൽനിന്നു നിർദ്ദേശം നൽകി.

കോഴിക്കോട്ടെ പൊലീസിനെയും വിവരം അറിയിച്ചു. പൊലീസ് ബസ് ജീവനക്കാരുമായി ബന്ധപ്പെട്ടു കുട്ടി വഴിയിൽ ഇറങ്ങി പോകാതിരിക്കാൻ ശ്രദ്ധിക്കണമെന്നു പറഞ്ഞു. ബസ് സാധാരണപോലെ രാത്രി ബെംഗളൂരുവിൽനിന്നു യാത്ര പുറപ്പെട്ടു. പൊലീസ് സംഘം അപ്പോൾ ബെംഗളൂരു ദിശയിൽ യാത്ര ആരംഭിച്ചു. ബസും പൊലീസും മാണ്ഡ്യയിൽ കണ്ടുമുട്ടി. ബസ് ജീവനക്കാരുമായി പൊലീസ് ബന്ധപ്പെട്ടു കുട്ടിയുടെ സീറ്റ് കണ്ടെത്തി പിടിച്ചിറക്കി. മറ്റുള്ളവരെ കുറിച്ച് അന്വേഷിച്ചപ്പോൾ ഗോവയിലേക്കു പോയിട്ടുണ്ടാകുമെന്നാണു പറഞ്ഞത്.

പൊലീസ് അപ്പോഴും പല വഴിക്കുള്ള അന്വേഷണം നടത്തുന്നുണ്ടായിരുന്നു. കുട്ടികൾ ബന്ധപ്പെടാൻ സാധ്യതയുള്ളവരുടെ ഫോൺ നിരീക്ഷിക്കുന്നതടക്കം അന്വേഷണം തുടരവേയാണു നാല് കുട്ടികൾ നിലമ്പൂർ എടക്കരയിൽ എത്തിയതായി വിവരം ലഭിച്ചത്. ബെംഗളൂരുവിൽനിന്ന് എവിടേക്കു പോകണമെന്ന ചിന്തയുമായി നിന്ന കുട്ടികൾ അവസാനം അവരിൽ ഒരാളുടെ ആൺസുഹൃത്തിനെ ബന്ധപ്പെട്ടു. അയാൾ നിലമ്പൂർ എടക്കരയിലാണു താമസം.

ബെംഗളൂരുവിൽനിന്നു കുട്ടികൾ ട്രെയിൻ മാർഗം ഒലവക്കോട് എത്തി. അവിടെനിന്നു എടക്കര വരെ ബസിൽ യാത്ര. അവിടെവച്ച് ഒരാളുടെ ഫോൺ വാങ്ങി ആൺസുഹൃത്തിനെ വിളിച്ചു. അയാൾ ചിക്കൻ പോക്‌സ് പിടിച്ചു കിടപ്പിലായിരുന്നു. വീട്ടിലേക്കു വഴി മനസ്സിലാക്കിയ കുട്ടികൾ ഓട്ടോറിക്ഷയിൽ പോകാൻ ഒരുങ്ങവേയാണു പിടിയിലായത്.