കോഴിക്കോട്: സംസ്ഥാനത്തെ കോവിഡ് മരണ നിരക്കു കുത്തനെ ഉയരമെന്ന് ഉറപ്പായിട്ടുണ്ട്. ആ വിധത്തിലാണ് കോവിഡ് വ്യാപനം സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. ആശുപത്രികളിൽ കോവിഡ് ബെഡുകൾ ഒഴിവുണ്ടെന്ന് ആരോഗ്യമന്ത്രി പറയുമ്പോഴും ആശുപത്രികളിലെ സ്ഥിതി മറിച്ചാണ്. അത്യാസന്ന രോഗികൾക്ക് മാത്രമേ അഡ്‌മിഷനുള്ളൂ എന്നു പറഞ്ഞ് കോവിഡ് രോഗികളെ തിരിച്ചയക്കുന്ന അവസ്ഥയാണ് പലയിടത്തും. ഇത്തരമൊരു സംഭവം കോഴിക്കോട്ടു നിന്നും ഉണ്ടായി.

സോഡിയം നില കുറഞ്ഞ് അവശനിലയിലായ വയോധിക കോവിഡ് പോസിറ്റീവ് ആയതോടെ ചികിത്സ കിട്ടാതെ ബന്ധുക്കൾ നെട്ടോട്ടം ഓടേണ്ടി അവസ്ഥയാണ് ഉണ്ടായത്. 24 മണിക്കൂറിനിടെ സമീപിച്ചത് 4 ആശുപത്രികളെ. ഒടുവിൽ അർധരാത്രി കോഴിക്കോട് മെഡിക്കൽ കോളജിൽനിന്നു നിർബന്ധപൂർവം ഡിസ്ചാർജ് ചെയ്ത വയോധിക വീട്ടിൽ ഗുരുതരാവസ്ഥയിലാണെന്നു വീട്ടുകാർ പറയുന്നു. കോവിഡ് രോഗികൾക്ക് ചികിത്സ നിഷേധിക്കരുതെന്നും അടിയന്തര കോവിഡിതര രോഗങ്ങൾക്കും ചികിത്സ ഉറപ്പാക്കണമെന്നും കലക്ടർ ഉത്തരവിട്ട ദിവസം തന്നെയാണ് ഈ ദുരനുഭവം.

20നു രാവിലെ മുതൽ അർധരാത്രി വരെയാണ് കോട്ടൂളി പണ്ടാരപ്പറമ്പത്ത് രുഗ്മിണി(83)യെയും കൊണ്ട് ബന്ധുക്കൾ അലഞ്ഞത്. രാവിലെ അവശനിലയിലായ രുഗ്മിണിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചു. പരിശോധനയിൽ തലച്ചോറിൽ നീർക്കെട്ട് കണ്ടെത്തിയതിനെത്തുടർന്ന് അഡ്‌മിറ്റ് ചെയ്യാൻ തീരുമാനിച്ചു. പക്ഷേ, കോവിഡ് പോസിറ്റീവ് ആയി.

അതോടെ കോവിഡ് വാർഡിലേക്കു മാറ്റാൻ അത്യാഹിതവിഭാഗത്തിൽനിന്നു നിർദ്ദേശിച്ചു. അവിടെ എത്തിയപ്പോൾ ഓക്‌സിജൻ ലെവൽ അപകടാവസ്ഥയിൽ ഉള്ളവരെ മാത്രമേ മെഡിക്കൽ കോളജിൽ ചികിത്സിക്കൂ, മറ്റെവിടെയെങ്കിലും കൊണ്ടുപോകൂ എന്നു നിർദ്ദേശിച്ചു. തുടർന്നു ബന്ധുക്കൾ 2 സ്വകാര്യ ആശുപത്രികളെ സമീപിച്ചെങ്കിലും ഐസിയു കിടക്ക ഒഴിവില്ലാത്തതിനാൽ പ്രവേശനം കിട്ടിയില്ല. ഒടുവിൽ വൈകിട്ട് ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ടപ്പോൾ ബീച്ച് ആശുപത്രിയിലേക്കു കൊണ്ടുപോകാൻ നിർദ്ദേശിച്ചു.

രാത്രി ബീച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഐസിയു ഒഴിവില്ലായിരുന്നു. നില മോശമായതിനാൽ ഐസിയു സൗകര്യം ഉള്ള സ്ഥലത്തേക്കു തന്നെ കൊണ്ടു പോകണമെന്നു നിർദ്ദേശിച്ച് വീണ്ടും മെഡിക്കൽ കോളജിലേക്കു വിട്ടു. രാത്രി 10.30ന് വീണ്ടും മെഡിക്കൽ കോളജിൽ. ഓക്‌സിജൻ നില അപകടാവസ്ഥയിൽ ആയതിനെ തുടർന്ന് അവിടെ പ്രവേശനം നൽകി. എന്നാൽ രാത്രി 12.45ന് ഡിസ്ചാർജ് ചെയ്തു.

രാവിലെ കൊണ്ടു പോയാൽ പോരേ എന്നു ചോദിച്ചെങ്കിലും പറ്റില്ല ഇപ്പോൾ തന്നെ കൊണ്ടു പോകണം എന്ന് ആവശ്യപ്പെട്ടു. രാത്രി 12.45ന് ഓട്ടോറിക്ഷയിൽ രോഗിയെ തിരികെ വീട്ടിലെത്തിക്കേണ്ടി വന്നു. വീട്ടിൽ എത്തിച്ചപ്പോൾ വീണ്ടും ഗുരുതര നിലയിലായി. ബോധം നഷ്ടപ്പെടുകയും ചെയ്തു. വീട്ടിൽ അടിയന്തര പരിചരണത്തിലാണ് രോഗി ഇപ്പോൾ. ഇനി മറ്റെവിടെയും കൊണ്ടുപോയാൽ സമാന ദുരനുഭവം ഉണ്ടാകുമെന്നു ഭയന്നു വീട്ടിൽ തന്നെ പരിചരിക്കുകയാണ് ബന്ധുക്കൾ.

അടിയന്തര ഘട്ടത്തിൽ ചികിത്സ തേടി എത്തുന്നവരെ മടക്കുന്നില്ലെന്നാണ് മെഡിക്കൽ കോളജ് അധികൃതരുടെ വിശദീകരണം. ബെഡിനു ക്ഷാമമുണ്ട്. ചിലപ്പോൾ കാത്തു നിൽക്കേണ്ടി വരുന്ന അവസ്ഥയുണ്ട്. ആരെയും മടക്കി വിട്ടിട്ടില്ലെന്നും മെഡിക്കൽ കോളജ് അധികൃതർ പറയുന്നു.-