കോഴിക്കോട്: കോഴിക്കോട് വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്നും രക്ഷപ്പെട്ട പെൺകുട്ടികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. പീഡന കേസും ഈ ഒളിച്ചോട്ടത്തിനിടെ ഉണ്ടായതായാണ് വിവരം. ബംഗളൂരുവിൽ വെച്ച് പെൺകുട്ടികൾക്കൊപ്പം പിടിയിലായ യുവാക്കൾക്കെതിരെ പെൺകുട്ടികൾ മൊഴി നൽകി. യുവാക്കൾ മദ്യം നൽകി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് പെൺകുട്ടികൾ പൊലീസിനോട് പറഞ്ഞു.

യുവാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. ജുവനൈൽ ജസ്റ്റിസ് ആക്ട്, പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തും. പെൺകുട്ടികൾക്ക് സാമ്പത്തിക സഹായം നൽകിയ യുവാവിനെയും തിരിച്ചറിഞ്ഞിട്ടുണ്ട്. മലപ്പുറം എടക്കരയിലെ സുഹൃത്താണ് പണം നൽകിയത്. കെഎസ്ആർടിസി ബസ് കണ്ടക്ടറുടെ അക്കൗണ്ടിലേക്കും, ഒരു ഇതര സംസ്ഥാനക്കാരന്റെ അക്കൗണ്ടിലേക്കും പണം നൽകാനാണ് പെൺകുട്ടികൾ ആവശ്യപ്പെട്ടത്.

ഇതുപ്രകാരം യുവാവ് ഗൂഗിൾ പേ വഴി പണം കൈമാറുകയും ചെയ്തു. ഈ തുക ഉപയോഗിച്ചാണ് പെൺകുട്ടികൾ യാത്ര ചെയ്തത്. ചിക്കൻപോക്സ് പിടിപെട്ട് ചികിത്സയിലാണ് ഈ യുവാവ്. പെൺകുട്ടികൾ ചിൽഡ്രൻസ് ഹോമിൽ നിന്നും കടന്നുകളയുന്നതിൽ യുവാവിന്റെ സഹായം ലഭിച്ചിട്ടില്ലെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. പുറത്തുകടന്നശേഷമാണ് പെൺകുട്ടികൾ യുവാവിനെ വിളിച്ച് പണം ആവശ്യപ്പെട്ടതെന്നാണ് സൂചന.

ബംഗളൂരുവിൽ എത്തിയശേഷം പെൺകുട്ടികൾ മുറിയെടുത്തു നൽകാനായി സഹായം തേടിയ യുവാക്കളാണ് പൊലീസിന്റെ പിടിയിലായത്. സഹായം ചെയ്തുതരാമെന്ന് വാഗ്ദാനം നൽകിയ യുവാക്കൾ പെൺകുട്ടികൾക്ക് മദ്യം നൽകിയശേഷം ലൈംഗിക അതിക്രമത്തിനും മുതിർന്നുവെന്നും മൊഴി നൽകി. ചിൽഡ്രൻസ് ഹോമിലെ അവസ്ഥ മോശമായതിനാലാണ് അവിടെ നിന്നും രക്ഷപ്പെട്ടതെന്നും പെൺകുട്ടികൾ മൊഴി നൽകിയിട്ടുണ്ട്. പെൺകുട്ടികളിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റു കുട്ടികളെയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കും. അതിനുശേഷം കുട്ടികളെ മജിസ്ട്രേറ്റിന്റെ മുമ്പിൽ ഹാജരാക്കും. കോടതി വിധിയുടെ അടിസ്ഥാനത്തിൽ തുടർനടപടി കൈക്കൊള്ളാനാണ് പൊലീസിന്റെ തീരുമാനം.

റിപ്പബ്ലിക്ദിന പരിപാടികൾ കഴിഞ്ഞ് എല്ലാവരും സ്ഥലത്തുണ്ടായിരുന്നു. വൈകിട്ട് മൂന്നു മണി വരെ ആറു പേരും അവിടെയുണ്ടെന്നാണു പറയുന്നത്. നാല് മണിയോടെയാണ് കുട്ടികളെ കാണാതായ വിവരം അറിഞ്ഞത്. ഹോമിൽനിന്നു പുറത്തുകടന്ന പെൺകുട്ടികൾ റോഡിലൂടെ നടന്നുപോകുന്ന ദൃശ്യങ്ങൾ ഉണ്ട്. നഗരത്തിലെത്തിയ കുട്ടികൾ 500 രൂപയ്ക്ക് ഒരാളിൽനിന്നു സാധാരണ ഫോൺ വാങ്ങി. അതിൽനിന്നു ഒരാളെ വിളിച്ചു ഫോൺ നൽകിയ ആൾക്കു 500 രൂപ ഗൂഗിൾ പേ ചെയ്യിപ്പിച്ചു.

പിന്നീട് കെഎസ്ആർടിസി ബസിൽ പാലക്കാട്ടേക്കു യാത്ര ചെയ്തു. ടിക്കറ്റെടുക്കാൻ പണമില്ലെന്നു വന്നപ്പോൾ ഒരാളെ ഫോണിൽ വിളിച്ചു 2000 രൂപ കണ്ടക്ടർക്കു ഗൂഗിൾ പേ ചെയ്യിപ്പിച്ചു. ടിക്കറ്റ് ചാർജ് കഴിച്ചുള്ള പണം കണ്ടക്ടർ കുട്ടികൾക്കു നൽകി. പാലക്കാട്ടുനിന്നു ട്രെയിനിൽ കയറി. കോയമ്പത്തൂരെത്തിയപ്പോൾ ടിടിഇ എത്തി ടിക്കറ്റില്ലെന്ന കാരണത്താൽ ഇറക്കിവിട്ടു.

ഇതിനിടയിൽ ഒരു പെൺകുട്ടി ഒറ്റയ്ക്കു ബസ് ബുക്കിങ് സ്ഥാപനത്തിലെത്തി കേരളത്തിലേക്കു ബസ് ടിക്കറ്റ് എടുത്തു. കുട്ടി അവിടെ നൽകിയ ഫോൺ നമ്പർ പൊലീസിനു സഹായകമായി. അമ്മയുടെ ഫോൺ നമ്പറാണു കുട്ടി നൽകിയത്. ബസ് സർവീസ് സ്ഥാപനം നടത്തുന്നവർ ഏതു സ്ഥലത്തുനിന്നാണു ബസിൽ കയറുന്നതെന്നു അറിയാനായി ഫോണിൽ വിളിച്ചപ്പോൾ അമ്മയാണു ഫോൺ എടുത്തത്. അവർ കാര്യങ്ങൾ പറഞ്ഞു. ബസ് ജീവനക്കാരോടു കുട്ടിയെ സൂക്ഷിക്കാൻ സ്ഥാപനത്തിൽനിന്നു നിർദ്ദേശം നൽകി.

കോഴിക്കോട്ടെ പൊലീസിനെയും വിവരം അറിയിച്ചു. പൊലീസ് ബസ് ജീവനക്കാരുമായി ബന്ധപ്പെട്ടു കുട്ടി വഴിയിൽ ഇറങ്ങി പോകാതിരിക്കാൻ ശ്രദ്ധിക്കണമെന്നു പറഞ്ഞു. ബസ് സാധാരണപോലെ രാത്രി ബെംഗളൂരുവിൽനിന്നു യാത്ര പുറപ്പെട്ടു. പൊലീസ് സംഘം അപ്പോൾ ബെംഗളൂരു ദിശയിൽ യാത്ര ആരംഭിച്ചു. ബസും പൊലീസും മാണ്ഡ്യയിൽ കണ്ടുമുട്ടി. ബസ് ജീവനക്കാരുമായി പൊലീസ് ബന്ധപ്പെട്ടു കുട്ടിയുടെ സീറ്റ് കണ്ടെത്തി പിടിച്ചിറക്കി. കുട്ടികൾ ബന്ധപ്പെടാൻ സാധ്യതയുള്ളവരുടെ ഫോൺ നിരീക്ഷിക്കുന്നതടക്കം അന്വേഷണം തുടരവേയാണു നാല് കുട്ടികൾ നിലമ്പൂർ എടക്കരയിൽ എത്തിയതായി വിവരം ലഭിച്ചതും കണ്ടെത്തിയതും.