- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മിഠായിത്തെരുവിലെ കടകൾ കത്തിയതോ കത്തിച്ചതോ? ഷോർട്ട് സർക്യൂട്ട് വാദത്തെ തള്ളി കെഎസ്ഇബി; അന്വേഷണം ഊർജ്ജിതമായി; കെട്ടിട ഉടമകൾ തീപിടുത്തം മുതലെടുക്കുന്നതായി ആരോപണം! എവിടെയും എത്താതെ മുൻകാലങ്ങളിലെ അന്വേഷണങ്ങൾ
കോഴിക്കോട്: നഗരത്തെ നടുക്കിയ മിഠായിത്തെരുവ് തീപ്പിടിത്തവുമായി ബന്ധപ്പെട്ട് ദുരൂഹതകൾ തുടരുന്നു. പ്രത്യേകാന്വേഷണ സംഘം നടത്തുന്ന അന്വേഷണം ഊർജ്ജിതമായി തുടരുന്നുണ്ടെങ്കിലും ഇപ്പോഴും വ്യക്തത കൈവന്നിട്ടില്ല. കത്തിയതോ അതോ കത്തിച്ചതോ എന്ന ചോദ്യമാണ് ഇപ്പോൾ വ്യാപകമായി ഉയരുന്നത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന വാദത്തെ കെ എസ് ഇ ബി
കോഴിക്കോട്: നഗരത്തെ നടുക്കിയ മിഠായിത്തെരുവ് തീപ്പിടിത്തവുമായി ബന്ധപ്പെട്ട് ദുരൂഹതകൾ തുടരുന്നു. പ്രത്യേകാന്വേഷണ സംഘം നടത്തുന്ന അന്വേഷണം ഊർജ്ജിതമായി തുടരുന്നുണ്ടെങ്കിലും ഇപ്പോഴും വ്യക്തത കൈവന്നിട്ടില്ല. കത്തിയതോ അതോ കത്തിച്ചതോ എന്ന ചോദ്യമാണ് ഇപ്പോൾ വ്യാപകമായി ഉയരുന്നത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന വാദത്തെ കെ എസ് ഇ ബി ആദ്യമേ തള്ളിക്കളഞ്ഞിട്ടുണ്ട്. ബ്യൂട്ടി സ്‌റ്റോറിന് മുന്നിലുള്ള വൈദ്യുതിത്തൂണിൽ നിന്നാണ് തീ പടർന്നതെന്നായിരുന്നു ദൃക്‌സാക്ഷികൾ വ്യക്തമാക്കിയത്. എന്നാൽ കത്തിനശിച്ച കടയുടെ മുന്നിലെ കേടുപാടുകൾ താരതമ്യേന കുറവാണെന്ന് കെ എസ് ഇ ബി നടത്തിയ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. പുറത്തെ വൈദ്യുതി ലൈനിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടാവാൻ സാധ്യതയില്ലെന്നാണ് കെ എസ് ഇ ബി വ്യക്തമാക്കുന്നത്.
പൊലീസാവട്ടെ സംഭവത്തിന് പിന്നിൽ അട്ടിമറി സാധ്യതകളും തള്ളിക്കളയുന്നില്ല. അട്ടിമറി സാധ്യത ഉൾപ്പെടെ എല്ലാ വശങ്ങളും അന്വേഷിക്കുമെന്നാണ് സ്ഥലം സന്ദർശിച്ച എ ഡി ജി പി ഉൾപ്പെടെ വ്യക്തമാക്കിയത്. മിഠായിത്തെരുവിൽ കത്തിയമർന്ന കടകൾ ഭൂരിഭാഗവും ഒരേ ഉടമയുടേതാണ്. ഈ സാഹചര്യത്തിലാണ് തീപ്പിടിത്തത്തെ പറ്റി വ്യാപകമായി സംശങ്ങളും ഉയരുന്നത്. ഇതേ സമയം ബ്യൂട്ടി സ്‌റ്റോറിന്റെ പിൻഭാഗത്ത് നിന്നോ മധ്യഭാഗത്തു നിന്നോ ആണ് തീപ്പിടിച്ചിട്ടുള്ളത് എന്ന് വ്യക്തമായിട്ടുണ്ട്. ഇവിടം കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
2007 ലും 2010 ലും അതിന് മുമ്പും മിഠായിത്തെരുവിലും പാളയത്തും രണ്ടാം ഗേറ്റിന് സമീപവുമെല്ലാം തീപ്പിടിത്തങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ സംഭവങ്ങൾക്ക് ശേഷം ഉണ്ടാകുന്ന സഹതാപ തരംഗം ഉപയോഗപ്പെടുത്തി കെട്ടിട നിർമ്മാണ വ്യവസ്ഥകളിൽ ഇളവ് സമ്പാദിച്ച് ആധുനിക രീതിയിൽ കൂടുതൽ സൗകര്യത്തിൽ നിലവിലുള്ള ഏരിയ വർദ്ധിപ്പിച്ച കെട്ടിടങ്ങൾ നിർമ്മിക്കുകയാണ് വ്യാപാരികൾ ചെയ്തിട്ടുള്ളതെന്നാണ് ആക്ഷേപം ഉയർന്നിട്ടുള്ളത്. ഇത്തരത്തിൽ വൻ സാമ്പത്തിക നേട്ടമാണ് ഇവർ കൊയ്യുന്നതെന്നാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കെ ഹസ്സൻ കോയ വിഭാഗം നേതാക്കൾ പറയുന്നത്. ടി നസിറുദ്ദീൻ സംസ്ഥാന പ്രസിഡന്റായ വ്യാപാരി വ്യവസായി ഏകോപന സമിതിയിൽ നിന്ന് പുറത്തുപോയവർ രൂപീകരിച്ചതാണ് ഈ സംഘടന.
പഴയ കെട്ടിടം കത്തിനശിച്ചുകഴിഞ്ഞാൽ ഉടമകൾ പുതിയ കെട്ടിടം നിർമ്മിക്കും. അതോടെ നിലവിലുള്ള വാടക വർദ്ധിപ്പിച്ചും കൈവശക്കാരനെ ഒഴിവാക്കിയും തീപ്പിടിത്തത്തെ തങ്ങൾക്ക് അനുകൂലമായി ഉപയോഗപ്പെടുത്തുകയാണ് കെട്ടിട ഉടമകൾ ചെയ്യുന്നതെന്നാണ് ഇവരുടെ വാദം. മിഠായിത്തെരുവ് പൈതൃക പദ്ധതിയെ എതിർക്കുന്ന ഇത്തരക്കാർ തീപ്പിടിത്തം പോലുള്ള സംഭവങ്ങളെ തങ്ങൾക്കനുകൂലമാക്കി മാറ്റുകയാണ് ചെയ്യുന്നതെന്നും ഇവർ കുറ്റപ്പെടുത്തുന്നുണ്ട്. അന്വേഷണം പൂർത്തിയാക്കി സംഭവത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തുന്നതുവരെ കെട്ടിടം പുനർനിർമ്മിക്കാനുള്ള അനുമതി നൽകരുതെന്ന ആവശ്യവും സംഘടന ഉന്നയിക്കുന്നുണ്ട്. തീപ്പിടിത്തത്തിന് പിന്നിൽ കെട്ടിട ഉടമകൾക്ക് പങ്കുണ്ടെന്ന തരത്തിലുള്ള ഗുരുതരമായ ആക്ഷേപമാണ് ഇവർ ഉന്നയിക്കുന്നതെന്നത് വളരെ പ്രാധാന്യമാണ്.
തീപ്പിടിത്തമുണ്ടായതിന് പിന്നാലെ തന്നെ മിഠായിത്തെരുവിന്റെ വികസനത്തിനായി പദ്ധതി തയ്യറാക്കിക്കോണ്ട്, നിരവധി അഴിമതി ആരോപണങ്ങൾ നേരിടുന്ന കാലിക്കറ്റ് ഡെവലപ്പ്‌മെന്റ് അഥോറിറ്റിയും രംഗത്തത്തെിയിട്ടുണ്ട്. മിഠായിത്തെരുവിന്റെ അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തിക്കൊണ്ടുള്ള വികസന രേഖയാണ് തയ്യാറാക്കിയതെന്നാണ് സി ഡി എ ചെയർമാൻ എൻ സി അബൂബക്കർ വ്യക്തമാക്കിയിരിക്കുന്നത്. 330 കോടിയോളം ചെലവ് വരുന്ന പദ്ധതിയാണ് സി ഡി എ സർക്കാറിന് സമർപ്പിക്കുന്നത്. പൈതൃക സ്വഭാവം നിലനിർത്തി കച്ചവടക്കാരെയും ഭൂ ഉടമകളെയും പുനരധിവസിപ്പിച്ച് ലാന്റ് പൂളിങ് സങ്കേതമുപയോഗിച്ച് പൊതുസ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പിലാക്കാനാണ് സി ഡി എ ലക്ഷ്യമിടുന്നത്.
എന്നാൽ ഇതിന് മുമ്പ് സി ഡി എ ഏറ്റെടുത്ത പദ്ധതികൾ പലതും ലക്ഷ്യത്തിലെത്താതെ പാതിവഴിയിൽ കിടക്കുകയാണ്. ഇതേ സിഡിഎ യാണ് തീപ്പിടിത്തം ഉണ്ടായി ഉടൻ തന്നെ പദ്ധതി രൂപരേഖയുമായി രംഗത്തെത്തിയിട്ടുള്ളത്. ചെറിയ സ്ഥലങ്ങൾ പൂൾ ചെയ്ത് വലിയ പ്ലോട്ടുകളാക്കി ബഹുനില വാണിജ്യ കെട്ടിടങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുമെന്നും 11 ഏക്കർ സ്ഥലത്ത് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന കെട്ടിടങ്ങളിൽ പാർക്കിങ് പ്ലാസ, ഓഫീസ് സ്ഥലം എന്നിവ സജ്ജമാക്കുമെന്നും സി ഡി എ ചെയർമാൻ വ്യക്തമാക്കിയിട്ടുണ്ട്. ബിഗ് ബസാർ റോഡിലേക്കും കോർട്ട് റോഡിലേക്കും മേൽപ്പാലങ്ങൾ നിർമ്മിക്കാനും പദ്ധതിയിൽ ലക്ഷ്യമിടുന്നുണ്ട്.
സംഭവത്തെക്കുറിച്ചുള്ള സമഗ്രമായ അന്വേഷണം നടക്കണമെന്നും സത്യങ്ങൾ പൂർണ്ണമായും വെളിപ്പെടണമെന്നുമാണ് നാട്ടുകാർ ആഗ്രഹിക്കുന്നത്. ഇതിന് മുമ്പുണ്ടായ തീപ്പിടിത്തങ്ങളെക്കുറിച്ചെല്ലാം അന്വേഷണം നടന്നിരുന്നെങ്കിലും അതൊന്നും എവിടെയും എത്തിയിട്ടില്ല. 2007 ഏപ്രിൽ 5 നാണ് നാടിനെഞെട്ടിച്ച മിഠായിത്തെരുവ് സ്‌ഫോടനമുണ്ടായത്. മൂന്നു വിദ്യാർത്ഥികളടക്കം ഒമ്പത് പേരാണ് അതിൽ മരിച്ചത്. 50കടകൾ കത്തി നശിച്ചു. പതിനഞ്ച് കോടി യോളം രൂപയുടെ നഷ്ടമാണ് അന്ന് ഉണ്ടായത്. 2010 ഡിസംബറിൽ ഉണ്ടായ തീപ്പിടിത്തത്തിൽ എട്ടു കടകളാണ് കത്തിനശിച്ചത്.
1995 ഫെബ്രുവരി 17 ന് തീപ്പിടുത്തത്തിൽ ഇരുപത് കടകളാണ് കത്തി നശിച്ചത്. 2012 മാർച്ച് 10 ന് പാളയത്ത് ആണ് അവസാനമായി തീപ്പിടുത്തമുണ്ടായത്. 2007 ൽ ഉണ്ടായ മിഠായിത്തെരുവ് സ്‌ഫോടനത്തെകുറിച്ച് വിശദമായ അന്വേഷണം നടന്നെങ്കിലും എവിടെയുമെത്തിയില്ല. പടക്കങ്ങൾ അലക്ഷ്യമായി സൂക്ഷിച്ചതാണ് അപകടകാരണമെന്നായിരുന്നു വിലയിരുത്തൽ. ഇതു തന്നെയായിരുന്നു സ്‌ഫോടനമുണ്ടായ ഉടനെ പൊലീസും വ്യക്തമാക്കിയത്. എന്നാൽ സ്‌ഫോടനത്തെത്തുടർന്ന് കർണ്ണാടക എഡിജിപി അബ്ദുൾ റഹിമാൻ, ഐജി എം.കെ. നാഗരാജൻ എന്നിവർ കോഴിക്കോട്ടെത്തി പരിശോധന നടത്തിയതിനു ശേഷമാണ് പൊലീസ് സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയത്. പക്ഷെ ഈ അന്വേഷണവും എങ്ങുമെത്താതെ അവസാനിപ്പിക്കുകയായിരുന്നു. ഈ അന്വേഷണങ്ങളുടെ അവസ്ഥ തന്നെയായിരിക്കുമോ ഇത്തവണയും എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.