- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യാ വിഷന്റെ പേരിൽ തന്നെ വേട്ടയാടുന്നു; സ്ഥാപനം വിടുമ്പോൾ എല്ലാ ബാധ്യതയും തീർത്തുവെന്നു ഡോ. എം കെ മുനീർ; സിമി ആരോപണം നിന്ദ്യമെന്നും നിയമ നടപടി സ്വീകരിക്കുമെന്നും പ്രൊഫ. എ പി അബ്ദുൽ വഹാബ്: കോഴിക്കോട് സൗത്തിൽ സിമിയും ഇന്ത്യാ വിഷനും കത്തുന്നു
കോഴിക്കോട്: ബിജെപിയുമായുള്ള ചെറിയേട്ടൻ വല്യേട്ടൻ ബന്ധം തൊട്ട് ബാർ കോഴയും സോളാർ-ഭൂമിദാന തട്ടിപ്പുകളും അടക്കം പെരുമ്പാവൂരിലെ ജിഷയെന്ന പെൺകൊടിയുടെ കൊലപാതകം വരെയുള്ള വിവാദ വിഷയങ്ങളിൽ സംസ്ഥാന രാഷ്ട്രീയം കത്തിക്കയറുമ്പോൾ ഇരു മുന്നണികളെയും മാറി മാറി വരിച്ച കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ നിരോധിത മുസ്‌ലിം സംഘടനായ സിമി ബന്ധത്തെച്ചൊല്ലിയും ഇന്ത്യാവിഷൻ ചാനലിന്റെ ബാധ്യതകളെച്ചൊല്ലിയുമുള്ള ആരോപണ-പ്രത്യാരോപണങ്ങളിൽ ഇടതു-വലത് സ്ഥാനാർത്ഥികൾ വിയർക്കുന്നു. സിമി, ഇന്ത്യാവിഷൻ ചെയ്തികളിൽ മാനഹാനിയുണ്ടായെന്നാരോപിച്ച് നഷ്ടപരിഹാരത്തിനായി നിയമനടപടിക്കു നീങ്ങാനുള്ള ഒരുക്കത്തിലാണ് ഐ എൻ എൽ സംസ്ഥാന ജനറൽസെക്രട്ടറിയും ഇടതു മുന്നണി സ്ഥാനാർത്ഥിയുമായ പ്രൊഫ. എ പി അബ്ദുൽവഹാബും, യു ഡി എഫ് സ്ഥാനാർത്ഥിയും സിറ്റിങ് എം എൽ എയും മന്ത്രിയുമായ ഡോ. എം കെ മുനീറും. സിമി ബന്ധം ചോദിക്കുന്നത് വഹാബിനും ഇന്ത്യാവിഷൻ തൊഴിലാളികളുടെ വിയർപ്പിന്റെ കണക്കു തീർക്കാത്തതു സംബന്ധിച്ച ചോദ്യങ്ങൾ ഡോ. എം കെ മുനീറിനും ദഹനക്കേടുണ്ടാക്കുന്നു. ഇതു സംബന്ധിച്ച കൂടു
കോഴിക്കോട്: ബിജെപിയുമായുള്ള ചെറിയേട്ടൻ വല്യേട്ടൻ ബന്ധം തൊട്ട് ബാർ കോഴയും സോളാർ-ഭൂമിദാന തട്ടിപ്പുകളും അടക്കം പെരുമ്പാവൂരിലെ ജിഷയെന്ന പെൺകൊടിയുടെ കൊലപാതകം വരെയുള്ള വിവാദ വിഷയങ്ങളിൽ സംസ്ഥാന രാഷ്ട്രീയം കത്തിക്കയറുമ്പോൾ ഇരു മുന്നണികളെയും മാറി മാറി വരിച്ച കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ നിരോധിത മുസ്‌ലിം സംഘടനായ സിമി ബന്ധത്തെച്ചൊല്ലിയും ഇന്ത്യാവിഷൻ ചാനലിന്റെ ബാധ്യതകളെച്ചൊല്ലിയുമുള്ള ആരോപണ-പ്രത്യാരോപണങ്ങളിൽ ഇടതു-വലത് സ്ഥാനാർത്ഥികൾ വിയർക്കുന്നു.
സിമി, ഇന്ത്യാവിഷൻ ചെയ്തികളിൽ മാനഹാനിയുണ്ടായെന്നാരോപിച്ച് നഷ്ടപരിഹാരത്തിനായി നിയമനടപടിക്കു നീങ്ങാനുള്ള ഒരുക്കത്തിലാണ് ഐ എൻ എൽ സംസ്ഥാന ജനറൽസെക്രട്ടറിയും ഇടതു മുന്നണി സ്ഥാനാർത്ഥിയുമായ പ്രൊഫ. എ പി അബ്ദുൽവഹാബും, യു ഡി എഫ് സ്ഥാനാർത്ഥിയും സിറ്റിങ് എം എൽ എയും മന്ത്രിയുമായ ഡോ. എം കെ മുനീറും. സിമി ബന്ധം ചോദിക്കുന്നത് വഹാബിനും ഇന്ത്യാവിഷൻ തൊഴിലാളികളുടെ വിയർപ്പിന്റെ കണക്കു തീർക്കാത്തതു സംബന്ധിച്ച ചോദ്യങ്ങൾ ഡോ. എം കെ മുനീറിനും ദഹനക്കേടുണ്ടാക്കുന്നു. ഇതു സംബന്ധിച്ച കൂടുതൽ ചോദ്യങ്ങൾ ചോദിച്ചാൽ കോടതിയിൽ തീർത്തോളാം എന്നാണ് ഇരുവരുടെയും മറുപടി.
നിരോധിത സംഘടനയായ സിമിയുമായുള്ള നാഭീനാള ബന്ധമാണ് വഹാബിനെ പ്രകോപിപ്പിക്കുന്നതെങ്കിൽ വാർത്താചാനലുകളിൽ പുതിയ പാത വെട്ടിത്തുറന്ന ഇന്ത്യാ വിഷൻ ചാനലിന്റെ ദയനീയ ചിത്രവും ജീവനക്കാരുടെ ശമ്പള കുടിശ്ശിക സംബന്ധിച്ചുമുള്ള പ്രശ്‌നങ്ങളാണ് മുനീറിനെ രോഷാകുലനാക്കുന്നത്.
തനിക്കെതിരെയുള്ള യു ഡി എഫിന്റെ സിമി ആരോപണം വളരെ നിന്ദ്യവും അപകീർത്തികരവുമാണെന്നും അതിനെതിരെ യു ഡി എഫ് കൺവീനറെയും സ്ഥാനാർത്ഥിയെയും കക്ഷികളാക്കി കേസ് നൽകുമെന്നും റിട്ട. പ്രൊഫസറും ഇടതു മുന്നണി സ്ഥാനാർത്ഥിയുമായ പ്രഫ. എ പി അബ്ദുൽവഹാബ് പറഞ്ഞു. ഐ പി സി 500 പ്രകാരം ക്രിമിനൽ കേസാണ് ഫയൽ ചെയ്യുക. തനിക്കെതിരെ വളരെ സങ്കടകരമായ കാര്യങ്ങളാണുണ്ടായത്. മെയ് 16ന് തെരഞ്ഞെടുപ്പ് തീരും. ഇലക്ഷനു ശേഷവും എനിക്കു ജീവിക്കണം. എന്റെ 35 വർഷത്തെ കലാലയ ജീവിതത്തിനിടയിൽ ഒട്ടേറെ സംഭവങ്ങളുണ്ടായിട്ടുണ്ട്. ഒട്ടേറെ സമര മുറകളിലും വിവിധ സംഘടനകളുടെ പൊതുവേദികളിലും ഞാൻ സംബന്ധിച്ചിട്ടുണ്ട്. ആയിരത്തിലേറെ ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. ഒട്ടേറെ അക്കാദമിക്ക് പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. അതിൽ എവിടെയും രാജ്യത്തെ മതനിരപേക്ഷയെ ശക്തിപ്പെടുത്താനല്ലാതെ ഞാൻ ശ്രമിച്ചിട്ടില്ല.
ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി എന്നെ ഏറെ ആകർഷിച്ച ജനനേതാവാണ്. പക്ഷേ, അടിയന്തരാവസ്ഥക്കാലത്ത് അവരുടെ കിരാതമായ ചെയ്തിയിൽ സമരം ചെയ്ത് എനിക്കു ചോര പൊട്ടിയിട്ടുണ്ട്. ഇങ്ങനെ വിദ്യാർത്ഥി ജിവിതത്തിലും അദ്ധ്യാപക കാലയളവിലും ഒട്ടേറെ സംഭവബഹുലമായ ഇടപെടലുകൾ ഉണ്ടായിട്ടുണ്ട്. അബ്ദുസ്സമദ് സമദാനിയുമായി പഠനസമയത്ത് ഒരുമിച്ച് നീങ്ങി. അങ്ങനെ വിദ്യാർത്ഥി ജീവിതത്തിലെ ഏതെങ്കിലും ഒരു ഭാഗം മാത്രമെടുത്ത് നിങ്ങൾക്ക് ഇഷ്ടമുള്ളത് തോന്നിയതുപോലെ പറയരുതെന്നാണ് ഇത് സംബന്ധിച്ച ചോദ്യങ്ങൾക്കു പ്രൊഫ. വഹാബിന്റെ മറുപടി.
എന്നാൽ, 'രാജ്യദ്രോഹത്തിന്റെ പേരിൽ നിരോധിച്ച സിമി എന്ന സംഘടനയുടെ പ്രസിഡന്റായിരുന്നില്ലേ' എന്നു ചോദിച്ചാൽ അക്കാര്യം ഞാൻ പറയേണ്ടിടത്തു പറയാം എന്നാണ് അദ്ദേഹത്തിന്റെ ഭാഷ്യം. ഇതിനു മുമ്പും താൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചു. അന്നൊന്നും ഇത്തരത്തിൽ തനിക്കെതിരെ വ്യക്തിപരമായ ആരോപണങ്ങൾ ഉണ്ടായിട്ടില്ല. യു ഡി എഫ് പരാജയഭീതി നേരിടുന്നതിനാലാണ് വിലകുറഞ്ഞ ഇത്തരം ആരോപണങ്ങൾ എഴുന്നള്ളിക്കുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു. രാഷ്ട്രീയ മര്യാദകൾ പാലിക്കാതെ എതിരാളികൾക്കെതിരെ എന്ത് ആരോപണവും ഉന്നയിച്ച് വോട്ടുനേടാമെന്നാണ് ഇവരുടെ വിചാരം. ഞാനൊരു ശ്മശാന ജീവിയല്ലെന്നും വെറും യെസ് ഓർ നോ ആൻസറിൽ വിഷയങ്ങളെ തളച്ചിട്ടു രാഷ്ട്രീയ മുതലെടുപ്പ് നടത്താമെന്നത് വ്യാമോഹമാണെന്നും അദ്ദേഹം തീർത്തുപറയുന്നു.
എന്നാൽ, എൻ ഡി എഫിന്റെ മാതൃരൂപമായ പോപ്പൂർലർ ഫ്രണ്ട്, ജമാഅത്തെ ഇസ്‌ലാമി, സിമി തുടങ്ങിയ സംഘടനകളോടും, സംഘപരിവാർ സംഘടനകളോടുമെല്ലാം വളരെ കണിശമായ നിലപാടുകളുള്ള മന്ത്രി ഡോ. എം കെ മുനീറിനോട് ഇന്ത്യാ വിഷനെക്കുറിച്ച് ചോദിച്ചാൽ അദ്ദേഹത്തിനും കലി വരും; ഒപ്പം പരിഭവങ്ങളുടെ നീണ്ട പട്ടികയും. ഇടത് സ്ഥാനാർത്ഥിയുടെ നിയമനടപടിയെ എനിക്കൊട്ടും ഭയമില്ല. ഞാൻ എന്തിനു പേടിക്കണം? അരയിൽ ഭാരമുള്ളവൻ പേടിച്ചാൽ പോരേ...ഇന്ന് പടച്ചവനല്ലാതെ ഒരാളെയും പേടിക്കേണ്ട കാര്യമില്ല. അതിനാൽ ആവശ്യമാകുമ്പോൾ ഞാനും കോടതിയിൽ പറയാം. എനിക്കുമുണ്ട് ഇടതുപക്ഷത്തിനെതിരെയും സ്ഥാനാർത്ഥിക്കെതിരെയും കേസു കൊടുക്കാൻ ഒത്തിരി വിഷയങ്ങൾ. ഇ ടിക്കറ്റിൽ ആയിരം കോടിയുടെ ആരോപണം ഉന്നയിച്ച ലിബർട്ടി ബഷീറിനെതിരെ താൻ കേസു കൊടുത്തു. തെറ്റുപറ്റിയെന്നു അയാൾക്കു ബോധ്യമായി. എന്നിട്ടും അത്തരം ആരോപണം ഇടതു മുന്നണി തെരഞ്ഞെടുപ്പ് ബോർഡിൽ എഴുതിവച്ചു. ഇടത് സ്ഥാനാർത്ഥിയെ ഉൾപ്പെടുത്തി തനിക്കും കേസു നൽകാം. എനിക്കു എന്റെ ഉപ്പ (സി എച്ച് മുഹമ്മദ്‌കോയ) തന്ന വലിയൊരു സന്ദേശമുണ്ട്: കഴിവു കെട്ട മന്ത്രിയെന്ന് ജനം പറഞ്ഞോട്ടെ; പക്ഷേ, കറകളുള്ള ആളെന്നു പറയിപ്പിക്കരുത്. അതിനാൽ തന്നെ എനിക്കൊരാളെയും ഭയപ്പെടേണ്ട കാര്യമില്ലെന്നു മുനീറും അടവരയിടുന്നു.
'ഇന്ത്യാ വിഷന്റെ പേരിൽ കുറേ നാളായി എന്നെ വേട്ടയാടുന്നു. എന്താണ് താൻ ചെയ്ത തെറ്റ്? 20 വർഷം മുമ്പ് ചാനല് തുടങ്ങിയതാണോ? കുറേ കാലം ഞാൻ അവരെ സ്വന്തം പോലെ കൊണ്ടുനടന്നു. ശേഷം ഞാൻ ഇരയാക്കപ്പെട്ടു. ഇന്നു ഞാൻ അതിന്റെ എംഡിയല്ല; ചെയർമാനല്ല, ഡയരക്ടർ പോലുമല്ല. പിന്നെ എന്തിനാണ് എന്നോട് ചോദിക്കുന്നത്. ടി വി ന്യൂ പ്രശ്‌നങ്ങളില്ലേ? എന്തേ നിങ്ങൾക്കു വിഷയമാകാത്തത്? കൈരളിയിൽ പ്രശ്‌നം വന്നാൽ നിങ്ങൾ മമ്മൂട്ടിയോട് ചോദിക്കുമോ? ഇന്ത്യാവിഷന്റെ എം ഡി സ്ഥാനം ഒഴിഞ്ഞിട്ട് അഞ്ചുവർഷമായി. അന്നു ഞാൻ ആർക്കും കുടുശ്ശിക നൽകാനില്ല. ശേഷം ഉണ്ടാക്കിയതിനു എന്നെ വേട്ടയാടുന്നു. സത്യത്തിൽ ഇത് ക്രൂരമായ മനുഷ്യാവകാശ ധ്വംസനമാണ്. ഇത് നിങ്ങൾ നിർത്തണം. ഞാൻ ചെയ്യേണ്ടതല്ലാതിരുന്നിട്ടും വീട് പണയപ്പെടുത്തിയത് തൊഴിലാളി സ്‌നേഹം ഒന്നുകൊണ്ടു മാത്രമാണ്. ഒരു വ്യക്തിയെ തകർക്കാൻ അല്ലാതെന്തിനാണ് നിങ്ങളുടെ ശ്രമം?
പിന്നെ, തൊഴിലാളികളുടെ വിയർപ്പിന്റെ കൂലിയെക്കുറിച്ച്: കേരളത്തിലെ പത്രപ്രവർത്തകരുടെ ഔദ്യോഗിക സംഘടനയായ കേരള യൂണിയൻ ഓഫ് വർക്കിങ് ജേർണലിസ്റ്റ് യൂണിയനു(കെ യു ഡബ്ല്യൂ ജെ)മായി ഞാൻ സംസാരിച്ചു. എം കെ മുനീർ നീതി ചെയ്തുവോ എന്നു നിങ്ങൾ അന്വേഷിക്കണം? ഇങ്ങനെ പോയാൽ ഞാനും കേസ് നൽകും. കമ്പനി കാര്യങ്ങൾ (എ ജി എം) വാർഷിക ജനറൽ ബോഡിയിൽ പറയാം. ജീവനക്കാരുടെ ശമ്പള വിഷയം ലേബർ കമ്മിഷനിലും പറയാം. ഇത് പൊതുപരിപാടിയിൽ പറയേണ്ട കാര്യമില്ലെന്നും മുനീർ വിശദീകരിക്കുന്നു.
ഇന്ത്യാവിഷൻ പോലുള്ള സ്ഥാപനത്തിലെ ജീവനക്കാരുടെ ശമ്പള കുടിശ്ശിക അടക്കമുള്ള പ്രശ്‌നങ്ങളോട് ഒരു പൊതുപ്രവർത്തകൻ എന്ന നിലയ്ക്കും അതിന്റെ ഉത്തരവാദപ്പെട്ട ചുമതലകൾ വഹിച്ച വ്യക്തി എന്ന നിലയിലും വിശദീകരിക്കാനുള്ള ബാധ്യത താങ്കൾക്കില്ലേ എന്നു ചോദിച്ചപ്പോൾ നിങ്ങളുടെ താൽപ്പര്യങ്ങൾക്കനുസരിച്ചുള്ള മറുപടി പറയാൻ എന്നെ കിട്ടില്ലെന്നായിരുന്നു മന്ത്രി മുനീറിന്റെ പ്രതികരണം.
യഥാർത്ഥത്തിൽ മികച്ച രണ്ടു പ്രതിഭകളാണ് കോഴിക്കോട് സൗത്തിലെ ഇരു മുന്നണികളുടെയും സ്ഥാനാർത്ഥികൾ. പക്ഷേ, അവർക്കെതിരെ ഉയർന്ന ആരോപണങ്ങളോട് കുറച്ചുകൂടി പക്വതയോടും ഉത്തരവാദബോധത്തോടും കൂടി പ്രതികരിക്കാൻ ഇരുവർക്കും സാധിക്കണമെന്നാണ് പൊതുവികാരം.
സിമി ബന്ധമുണ്ടോ എന്നു ചോദിക്കുമ്പോൾ ഉണ്ടെങ്കിൽ ഉണ്ടെന്നും ഇല്ലെങ്കിൽ ഇല്ലെന്നും പറയാം. ഇനി അതല്ല ഒന്നും പറയാതിരിക്കാനും പ്രൊഫ. വഹാബിന് സ്വാതന്ത്ര്യമുണ്ട്. അവർ പറയും പോലെ കോടതിയിൽ തീർക്കാനാണ് തീരുമാനമെങ്കിൽ അങ്ങനെയുമാവാം. പക്ഷേ, പോയകാലങ്ങളിലെ നിലപാടുകളിലെ ശരിതെറ്റുകളെ വേണ്ടവിധം തിരിച്ചറിഞ്ഞ് മതനിരപേക്ഷ സമൂഹത്തിനു മുമ്പിൽ അത് തെളിച്ചുപറയുന്നത് ഒരു പൊതുപ്രവർത്തകന്റെ മൂല്യം വർധിപ്പിക്കുകയേ ഉള്ളൂ.
അതേ പോലെ, ഇന്ത്യാ വിഷനിലെ ചുമതലകൾ ഒഴിയുന്ന നിമിഷം തൊഴിലാളികളുടേത് ഉൾപ്പെടെയുള്ള മുഴുവൻ ബാധ്യതകളും തീർത്തുവെങ്കിൽ ഡോ. മുനീറിന് എന്തുകൊണ്ടും അഭിമാനിക്കാം. ഇനി അതല്ല, പാപ്പരായതിനാൽ ബാധ്യതകൾ മുഴുവൻ തീർക്കാൻ ഇപ്പോൾ സാധിക്കില്ലെങ്കിൽ, ഘട്ടംഘട്ടമായി തീർത്തുതരാമെന്ന വ്യവസ്ഥകളുമാവാം. ഇനി ഇതൊന്നുമല്ല, നൂറുശതമാനവും അദ്ദേഹം പറയുന്നതുപോലെയാണ് കാര്യങ്ങളെങ്കിൽ നീതിക്കായി കോടതിയെ സമീപിക്കുകയുമാവാം. കോടതിയിൽ പോയാലുമില്ലെങ്കിലും ഇരുവരുടെയും സത്യസന്ധമായ ഒരു മറുപടിയിലൂടെ തീർക്കാവുന്ന വിഷയങ്ങളാണ് ഇരു സ്ഥാനാർത്ഥികളും അനാവശ്യ വാഗ്വാദങ്ങളിലൂടെ രംഗം വഷളാക്കുന്നതെന്നും വിമർശമുണ്ട്.
1991-ൽ തന്റെ നിയമസഭാ അരങ്ങേറ്റത്തിനു വേദിയായ അതേ മണ്ഡലത്തിൽ ഹാട്രിക് വിജയത്തിനായാണ് മുനീർ പൊരുതുന്നതെങ്കിൽ തന്റെ കന്നി വിജയത്തിലൂടെ 2006-ലെ മണ്ഡലത്തിലെ അട്ടിമറി വിജയം ആവർത്തിക്കാനാണ് വഹാബിലൂടെ ഇടതുപക്ഷം ശ്രമിക്കുന്നത്. ഭരണമാറ്റത്തിനനുസരിച്ച് ഇരു മുന്നണികളെയും മാറി മാറി പരീക്ഷിച്ച പാരമ്പര്യമാണ് മുസ്‌ലിംലീഗിന് നിർണായക സ്വാധീനമുള്ള ഈ മണ്ഡലത്തിന്റെ 1982 മുതലുള്ള പൊതു ചരിത്രം.
കഴിഞ്ഞ തവണ സി പി എമ്മിലെ സി പി മുസഫർ അഹമ്മദിനെ 1,376 വോട്ടുകൾക്കാണ് മുനീർ അടിയറവു പറയിച്ചത്. കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ സംസ്ഥാന വൈസ്പ്രസിഡന്റും ബി ഡി ജെ എസ് പ്രതിനിധിയുമായ സതീഷ് കുറ്റിയിലാണ് എൻ ഡി എ സ്ഥാനാർത്ഥി. ബിജെപിക്കു ഇരു മുന്നണികളുടെയും ജയാപജയം നിർണയിക്കാനുള്ള വോട്ടുണ്ടെങ്കിലും ജയസാധ്യത ഒട്ടുമില്ലാത്തതിനാൽ, മണ്ഡലത്തിൽ ആരു ജയിച്ചാലും ഹരിതക്കൊടി തന്നെയാണ് പാറിക്കളിക്കുകയെന്നും കട്ടായം.