മലപ്പുറം: കോഴിക്കോട് പുതിയങ്ങാടി കോയറോഡിനു സമീപം പള്ളിക്കണ്ടി റെയിൽവേ ട്രാക്കിൽ ഞായറാഴ്‌ച്ച ട്രെയിൻ തട്ടി യുവതിയും മൂന്ന് പെൺകുട്ടികളും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ രംഗത്ത്. മലപ്പുറം തിരൂരങ്ങാടി വികെ പടി സ്വദേശി പടിഞ്ഞാറ്റിൽ പുത്തൻവീട്ടിൽ രാജേഷിന്റെ ഭാര്യ ഭാവന(38), മക്കളായ ഐശ്വര്യ(12), നന്ദിനി(10), വിസ്മയ (8) എന്നിവരെയാണ് ഞായറാഴ്ച രാവിലെ ആറരയോടെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ ഭാവനയുടെയും കുട്ടികളുടേയും മരണത്തിൽ ദുരൂഹതയുണ്ടെന്നും സംഭവത്തിൽ തുടരന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്തെത്തിയിരിക്കുകയാണ്.

കുട്ടികളുടെയും ഭാവനയുടെയും മൃതദേഹങ്ങൾ ഏറ്റെടുക്കാൻ ബന്ധുക്കൾ അടക്കം ആരും രംഗത്തെത്തിയിരുന്നില്ല. ഭർത്താവ് രാജേഷിന് സ്വന്തമായി ഭൂമിയും ഇല്ലാത്തതിനാൽ നാട്ടുകാർ ഇടപെട്ടാണ് മൃതദേഹങ്ങൾ സംസ്‌ക്കരിച്ചത്. എങ്കിലും മരണത്തിൽ ദൂരുഹത ആരോപിച്ച് ഭാവനയുടെ ബന്ധുക്കൾ രംഗത്തെത്തി. ഭാവനയുടെ മാതാവ്, അമ്മാവൻ എന്നിവരാണ് തിരൂരങ്ങാടി പൊലീസിൽ ഇന്നലെ രാത്രിയിൽ പരാതി നൽകിയത്. അമ്മയുടെയും മൂന്ന് കുട്ടികളുടേയും മരണം നിരവധി ചോദ്യങ്ങൾ ബാക്കിയാക്കിയിരുന്നു. തിരൂരങ്ങാടി മമ്പുറത്തിനടുത്ത വി കെ പടിയിൽ താമസക്കാരായ കുടുംബം കോഴിക്കോട് പുതിയങ്ങാടിയിൽ എത്തിയത് എങ്ങിനെ എന്നത് മുതൽ തുടങ്ങുന്നു ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ. എന്നാൽ അയൽവാസികളും നാട്ടുകാരും പൊലീസുമെല്ലാം നൽകുന്ന വിവരങ്ങൾ പരിശോധിക്കുമ്പോൾ ദുരൂഹത നിറഞ്ഞതാണ് രാജേഷ് - ഭാവന ദമ്പതികളുടെ ജീവിത കഥ.

വയനാട് കമ്പളക്കാട് പടിഞ്ഞാറത്തറ സ്വദേശിനിയാണ് മരിച്ച ഭാവന. മുസ്ലിം കുടുംബത്തിൽ ജനിച്ച് വളർന്ന ഭാവനയുടെ പഴയ പേര് റജീനയെന്നായിരുന്നു. രാജേഷുമായുള്ള പ്രണയം വിവാഹത്തിലെത്തുകയും പിന്നീട് ഭാവനയായി ജീവിക്കുകയുമായിരുന്നു. തിരുവനന്തപുരം സ്വദേശിയായ രാജേഷ് മരപ്പണിക്കായി വയനാട്ടിൽ എത്തിയതായിരുന്നു. ഇവിടെ നിന്നും റജീനയെ പരിചയപ്പെട്ടു. ഈ അടുപ്പം പ്രണയമായി വളർന്ന് വിവാഹത്തിലെത്തി. 14 വർഷം മുമ്പായിരുന്നു ഇരുവരുടേയും വിവാഹം. റജീനയെ സ്വന്തമാക്കാനായി മുസ്ലിംമാണെന്ന് രാജേഷ് വീട്ടുകാരെ വിശ്വസിപ്പിച്ചു. ഇരുവരും ഒരുമിച്ചു ജീവിതം ആരംഭിച്ചു.

പ്രണയലോകത്ത് നിന്നും ജീവിത യാഥാർത്ഥ്യങ്ങളിലെത്തിയപ്പോൾ രാജേഷിനോടൊപ്പമുള്ള റെജീനയുടെ ജീവിതം അത്ര സുഖകരമായിരുന്നില്ല. രാജേഷിന്റെ മദ്യപാനവും വഴക്കും സ്വത്തിനായുള്ള ആർത്തിയും കൂടുതൽ പ്രശ്‌നങ്ങൾ സൃഷ്ടിച്ചു. റെജീനയുടെ കുടുംബവുമായി കൂടുതൽ അകന്നു. ഇതിനോടകം രണ്ട് പെൺകുട്ടികൾക്ക് റജീന ജന്മം നൽകിയിരുന്നു. മൂന്നാമത്തെ കുട്ടിയെ ഗർഭം ചുമക്കുമ്പോഴാണ് റജീനയുടെ വീട്ടുകാരുമായുണ്ടായ സ്വത്ത് തർക്കത്തെ തുടർന്ന് രാജേഷും കുടുംബവും തിരൂരങ്ങാടി മമ്പുറത്തിനടുത്ത വി കെ പടിയിൽ എത്തുന്നത്. കഴിഞ്ഞ എട്ടു വർഷമായി വാടക ക്വാർട്ടേഴ്‌സിൽ ഇവർ ഇവിടെ താമസിച്ചു വരികയായിരുന്നു. ഭാവനയെന്നാണ് ഇവിടെ റജീന അറിയപ്പെട്ടിരുന്നത്. മൂന്ന് കുട്ടികളെയും സമീപത്തെ ഇരിമ്പുഞ്ചോല സ്‌കൂളിൽ ചേർത്ത് പഠിപ്പിച്ചു. കൂടുതൽ കൂട്ടുകെട്ടോ സൗഹൃദവലയമോ രാജേഷിന് ഉണ്ടായിരുന്നില്ല.

ഹനുമാൻ സേനയുടെ സജീവ പ്രവർത്തകനായി ഇടക്കാലത്ത് പ്രത്യക്ഷപ്പെട്ടിരുന്നു. ക്ഷേത്ര ഭൂമികൾ പിടിച്ചെടുത്ത് ഭൂമിയില്ലാത്തവർക്ക് നൽകാമെന്നു പറഞ്ഞായിരുന്നു രാജേഷിന്റെ നേതൃത്വത്തിൽ ഹനുമാൻ സേന രംഗത്തെത്തിയത്. 150 രൂപ ഒരാളിൽ നിന്നും ഫീസായി ഇടാക്കിയാണ് ഭൂമി വാഗ്ദാനം നൽകിയിരുന്നത്. വിവിധ പ്രദേശങ്ങളിലുള്ള ആയിരക്കണക്കിനാളുകൾ ഹനുമാൻ സേനക്ക് ഫീസ് നൽകിയെന്നല്ലാതെ ഒരാൾക്കും ഒരു തുണ്ട് ഭൂമിയും കിട്ടിയില്ല. ഈ തട്ടിപ്പിന് നാട്ടിലുള്ള നിരവധി പേർ രാജേഷിന്റെ വലയിൽ അകപ്പെട്ടതായി നാട്ടുകാർ തന്നെ പറയുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് കൂടെയുള്ള ഹനുമാൻ സേനക്കാരെല്ലാം പൊലീസ് കേസ് നേരിട്ടു. ഇതോടെ ഹനുമാൻ സേനയിൽ നിന്ന് പിന്നോട്ടടിച്ചു.

ആശാരിപ്പണിക്കാരനായിരുന്ന രാജേഷ് തന്റെ തൊഴിൽ ചെയ്ത് കുടുംബത്തെ പോറ്റിപ്പോന്നു. എന്നാൽ മദ്യപിച്ചെത്തി ഭാവനയെ ദേഹോപദ്രവം ഏൽപ്പിക്കൽ പതിവായിരുന്നു. പുറത്ത് ആരോടും കൂടുതൽ മിണ്ടാത്ത പ്രകൃതമാണ് രാജേഷിന്. ഭാവന വീടുവിട്ടിറങ്ങിയത് രാജേഷിന്റെ ഉപദ്രവം സഹിക്കവയ്യാതെ തന്നെയാകാമെന്നാണ് അയൽവാസികൾ സംശയിക്കുന്നത്. ഭാവന വീടുവിട്ടിറങ്ങിയ ശേഷം രാജേഷ് പൊലീസിൽ പരാതിപ്പെട്ടിരുന്നില്ല. റെയിൽവേ ട്രാക്കിൽ മൃതദേഹങ്ങൾ കിടന്ന ദിവസം ഉച്ചയോടെയാണ് തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിൽ രജേഷ് എത്തി മിസ്സിങ് വിവരം അറിയിച്ചത്. ഭാര്യയും കുട്ടികളും വീടുവിട്ടിറങ്ങിയ ശേഷം കണ്ണൂരിലെ ഒരു ടെലഫോൺ ബൂത്തിൽ നിന്ന് കോൾ വന്നിരുന്നതായും ഇതന്വേഷിച്ച് കണ്ണൂരിൽ പോയിരുന്നതായും സമീപവാസികളോട് രാജേഷ് പറഞ്ഞിട്ടുണ്ട്. അതേസമയം നാലുപേരും ഒരേ സമയം ട്രെയിൻ തട്ടി മരിക്കാൻ സാധ്യതയില്ലെന്നും മൃതദേഹത്തിന് കൂടുതൽ കേടുപാട് പറ്റിയിട്ടില്ലെന്നും ഇത് സംശയം ഇരട്ടിപ്പിക്കുന്നതായും ഭാവനയുടെ ബന്ധുക്കൾ പറയുന്നു. മരണത്തിനു കാരണം ഭർത്താവ് രാജേഷ് തന്നെയെന്ന് ഇവർ പൊലീസിൽ നൽകിയ പരാതിയിൽ തറപ്പിച്ച് പറയുന്നു.

എന്നാൽ ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്. ട്രെയിൻ ഇടിച്ചാണ് മരണമെന്ന് പൊലീസ് പറയുന്നു. പോസ്റ്റ്‌മോർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ടിൽ ആത്മഹത്യയാണെന്നാണ്. വിശദമായ വിവരങ്ങൾക്ക് അന്തിമ റിപ്പോർട്ട് ലഭിക്കണം. എന്നാൽ ആത്മഹത്യയിലേക്ക് നയിച്ച കാര്യങ്ങൾ പൊലീസ് അന്വേഷണത്തിൽ വ്യക്തമാകേണ്ടതുണ്ട്. ഇന്നലെ രാത്രിയിലാണ് ഭാവനയുടെ ബന്ധുക്കൾ പരാതി നൽകിയിരുന്നത്. ജില്ലാ പൊലീസ് മേധാവിയുമായി ആലോചിച്ച ശേഷം ഇന്ന് കേസ് രജിസ്റ്റർ ചെയ്യുമെന്ന് തിരൂരങ്ങാടി എസ്.ഐ മറുനാടൻ മലയാളിയോടു പറഞ്ഞു.