കോഴിക്കോട്: കൈക്കൂലി നൽകാൻ വിസമ്മതിച്ചതിന് സ്ഥാപന ഉടമയെ വ്യാജപരാതി നൽകി ജയിലിലടച്ചതായി ആരോപണം. കോഴിക്കോട് ടിഎം സ്റ്റീൽ എന്ന സ്ഥാപനത്തിന്റെ ഉടമ സലീമാണ് കോർപ്പറേഷൻ ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥർക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഉദ്യോഗസ്ഥർ മോശമായി പെരുമാറിയന്നെ് ചൂണ്ടിക്കാട്ടി സ്ഥാപനത്തിലെ ജീവനക്കാരി വനിതാ കമ്മീഷനും പൊലീസിനും പരാതി നൽകിയിരിക്കുകയാണ്.

സ്ഥാപനത്തിലേക്കുള്ള സ്റ്റീലുമായി വന്ന ലോറി ഫുട്പാത്തിൽ കുടുങ്ങിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ലോറിയുടെ ചക്രം കയറി ഫുട്പാത്തിലെ സ്ലാബ് പൊട്ടിയിരുന്നു. വിവരമറിഞ്ഞ് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രകാശ് സ്ഥലത്തെത്തി. സ്ലാബ് പൊട്ടിച്ചതിന് ലോറി ഡ്രൈവർക്കെതിരെ പിഴ ചുമത്തി. ഇതുപ്രകാരം ലോറി ഡ്രൈവർ പിഴ തുകയായ 5000 രൂപ അടയ്ക്കുകയും രസീത് കൈപ്പറ്റുകയും ചെയ്തു. തുടർന്ന് സ്ഥാപനത്തിലേക്ക് ചെന്ന ഹെൽത്ത് ഉദ്യോഗസ്ഥൻ പ്രശ്നം പരിഹരിക്കാൻ 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് ആരോപണം. ഇതിനെ കുറിച്ച് ജീവനക്കാർ പറയുന്നത് ഇങ്ങനെ.

സംഭവം നടക്കുമ്പോൾ സ്ഥാപനത്തിന്റെ ഉടമ സ്ഥലത്തുണ്ടായിരുന്നില്ല. സ്ത്രീ ജീവനക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. ഹെൽത്ത് ഉദ്യോഗസ്ഥൻ സ്ഥാപനത്തിലേക്ക് വന്ന് പ്രശ്നം 'സെറ്റിൽ' ചെയ്യാൻ 5000 രൂപ വേണമെന്ന് ആവശ്യപ്പെട്ടു. സ്ലാബ് പൊട്ടിച്ചത് ലോറിഡ്രൈവറാണെന്നും അതിന് തങ്ങളെന്തിനു പണം നൽകണമെന്നും ജീവനക്കാർ ചോദിച്ചു. പക്ഷെ 5000 രൂപവേണമെന്നും ഇല്ലെങ്കിൽ കട പൂട്ടിക്കുമെന്നും ഉദ്യോഗസ്ഥൻ ഭീഷണി മുഴക്കി. രസീത് എഴുതാതെ പണം നൽകാനാവില്ലെന്ന് സ്ഥാപനത്തിലെ വനിതാ ജീവനക്കാരി മറുപടി നൽകി. മാത്രമല്ല സ്ഥാപന ഉടമ ഇല്ലാതെ പണം നൽകാൻ സാധിക്കില്ലെന്നും അവർ പറഞ്ഞു. ഇതോടെ തർക്കമായി.

ഒടുവിൽ നാട്ടുകാർ കൂടിയതോടെ ഉദ്യോഗസ്ഥൻ വെട്ടിലായി. അപ്പോൾ തന്നെ തന്റെ കൃത്യനിർവ്വഹണം തടസപ്പെടുത്തുകയാണെന്ന് പറഞ്ഞ് പ്രകാശ് കൂടുതൽ ഉദ്യോഗസ്ഥരെ സ്ഥലത്തെത്തിച്ചു. അപ്പോഴേക്കും സ്ഥാപന ഉടമ സ്ഥലത്തെത്തി ഉദ്യോഗസ്ഥരോട് സംസാരിച്ചെങ്കിലും പ്രശ്നത്തിന് പരിഹാരമായില്ല. ഇതിനിടെ ഹെൽത്ത് ഉദ്യോഗസ്ഥർ വനിതാ ജീവനക്കാരിയെ അസഭ്യം പറയുകയും തള്ളിമാറ്റുകയും ചെയ്തെന്നും ജീവനക്കാർ പറയുന്നു.

ഇത് സംബന്ധിച്ച് ജീവനക്കാരി വനിതാ കമ്മീഷനും, പൊലീസിനും, കോർപ്പറേഷൻ മേയർക്കും പരാതി നൽകി. ഇതോടെ തങ്ങളുടെ കൃത്യ നിർവ്വഹണം തടയപ്പെടുത്തിയെന്ന് കാണിച്ച് ഉദ്യോഗസ്ഥരും പരാതി നൽകി. ഈ പരാതിയിൽ ടിഎം സ്റ്റീൽ ഉടമയെ പേലീസ് വിളിച്ചു വരുത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാൾ പിന്നീട് ജാമ്യത്തിൽ ഇറങ്ങി. എന്നാൽ തങ്ങൾ കൊടുത്ത പരാതിയിൽ പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും ജീവനക്കാർ പറയുന്നു.

മേയർക്കു നൽകിയ പരാതിയെ തുടർന്ന് സ്ഥാപനത്തിലെ വനിതാ ജീവനക്കാരെ കോർപ്പറേഷനിലേക്ക് ഹിയറിങ്ങിനായി വിളിപ്പിച്ചിരുന്നു. എന്നാൽ പരാതി കേൾക്കാൻ ഇരുന്നത് സെക്രട്ടറിയെ കൂടാതെ ആരോപണ വിധേയരായ ഉദ്യാഗസ്ഥർ ആയിരുന്നു. ഇവിടെ വെച്ചും തങ്ങളെ ഭീഷണിപ്പെടുത്തി എന്നാണ് വനിതാ ജീവനക്കാർ പറയുന്നത്. പരാതിയുമായി മുന്നോട്ട് പോയാൽ സ്ഥാപന ഉടമ ജയിലിൽ കിടന്നപോലെ നിങ്ങൾക്കും കിടക്കാമെന്ന് ഉദ്യോഗസ്ഥർ ഹിയറിങ്ങിനിടെ പറഞ്ഞതായി ജീവനക്കാർ ആരോപിക്കുന്നു. ഇതേ തുടർന്ന് ഇവർ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷ്ണർക്ക് വീണ്ടും പരാതി നൽകി.

എന്നാൽ ലോറി ഡ്രൈവർ പണം കൈയിലില്ലെന്ന് പറഞ്ഞതിനാലാണ് ചരക്ക് കൊണ്ടുവന്ന സ്ഥാപനത്തിലെ ജീവനക്കാരോട് ഫൈൻ ആവശ്യപ്പെട്ടതെന്ന് കോർപ്പറേഷൻ ഹെൽത്ത് ഓഫീസർ ഗോപകുമാർ പറഞ്ഞു. ഫുട്പാത്ത് കൈയേറിയാണ് സ്ഥാപനം ഷീറ്റ് ഉൾപ്പടെയുള്ള സാധനങ്ങൾ വെച്ചത്. ഇത് എടുത്തുമാറ്റാൻ ആവശ്യപ്പെട്ടപ്പോൾ ജീവനക്കാർ അനുവദിച്ചില്ലെന്നും അതിനാലാണ് കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി എന്ന് കാണിച്ച് പൊലീസിൽ പരാതി നൽകിയതെന്നും അദ്ദേഹം പറഞ്ഞു.