- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർവീസിൽ നിന്ന് വിരമിച്ചവർക്കും പ്രൊഫസർ പദവി; ഗവർണർ വിശദീകരണം തേടിയിട്ടും തീരുമാനത്തിൽ ഉറച്ച് കാലിക്കറ്റ് സർവകലാശാല; കത്ത് ലഭിച്ചിട്ടില്ലെന്ന് അധികൃതർ; മന്ത്രി ബിന്ദു പ്രഫസർഷിപ്പിന് അപേക്ഷിച്ചിട്ടില്ലെന്നും ന്യായികരണം
കോഴിക്കോട്: സർവീസിൽ നിന്ന് വിരമിച്ച കോളേജ് അദ്ധ്യാപകർക്ക് പ്രൊഫസ്സർ പദവി അനുവദിക്കാനുള്ള തീരുമാനത്തിൽ ഉറച്ച് കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ്. മന്ത്രി ആർ.ബിന്ദുവിന് മുൻകാല പ്രാബല്യത്തിൽ പ്രൊഫസ്സർ പദവി നൽകുന്നതിനാണ് സർവകലാശാലയുടെ നീക്കമെന്ന പരാതിയിൽ ഗവർണർ വിശദീകരണം തേടിയിട്ടും മുന്നോട്ട് പോകാനാണ് നീക്കം. സർവീസിൽ തുടരുന്നവരെ മാത്രമേ പ്രൊഫസ്സർ പദവിക്ക് പരിഗണിക്കാൻ പാടുള്ളുവെന്ന് യുജിസി വ്യവസ്ഥയുണ്ട്.
മന്ത്രിക്ക് പ്രൊഫസർ പദവി മുൻകാല പ്രാബല്യത്തിൽ ലഭിക്കാനാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യുജിസി ചട്ടങ്ങൾ ലംഘിച്ചതെന്നാണ് സേവ് യൂണിവേഴ്‌സിറ്റി കമ്മിറ്റിയുടെ ആരോപണം. വിഷയത്തിൽ കാലിക്കറ്റ് വിസിയോട് ഗവർണർ വിശദീകരണം ആവശ്യപ്പെട്ടിരുന്നു.
എന്നാൽ യോഗ്യരായ വിരമിച്ച കോളജ് അദ്ധ്യാപകർക്ക് പ്രഫസർ പദവി നൽകാനുള്ള തീരുമാനം യുജിസി നിയമാവലിയും സർക്കാർ ഉത്തരവും അനുസരിച്ചാണെന്ന് ഇന്നലെ ചേർന്ന കാലിക്കറ്റ് സർവകലാശാല സിൻഡിക്കറ്റ്. യോഗം വിലയിരുത്തി.
മന്ത്രി ആർ.ബിന്ദുവിന് പ്രഫസർ പദവി ലഭിക്കുന്നതിനായാണ് സർവകലാശാലയുടെ നീക്കമെന്ന പരാതിയിൽ വിശദീകരണം ചോദിച്ച് ഗവർണർ അയച്ചെന്നു പറയുന്ന കത്തു ലഭിച്ചിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. മന്ത്രി ബിന്ദു പ്രഫസർഷിപ്പിന് അപേക്ഷിച്ചിട്ടില്ലെന്നും വ്യക്തമാക്കി.
പിഎച്ച്ഡി, ഗവേഷണങ്ങൾ, പ്രബന്ധ പ്രസാധനം, സെമിനാർ പങ്കാളിത്തം തുടങ്ങിയവയിലൂടെ 110 പോയിന്റ് നേടുന്നവർക്കാണ് സ്ഥാനക്കയറ്റം. യുജിസി 2018 ജൂലൈ 18ന് പ്രഖ്യാപിച്ച അർഹത അന്ന് സർവീസിലുണ്ടായിരുന്ന യോഗ്യരായവർക്കെല്ലാം ലഭിക്കേണ്ടതാണ്. വിരമിച്ചെന്ന കാരണത്താൽ അതു നിഷേധിക്കാനാകില്ല. മറ്റു സർവകലാശാലകളിൽ ഇത് നടപ്പാക്കിയിട്ടുണ്ടെന്നും ഇപ്പോഴത്തെ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും സിൻഡിക്കറ്റിലെ അംഗങ്ങളായ പ്രഫ. എം.എം.നാരായണൻ, കെ.കെ.ഹനീഫ എന്നിവർ പറഞ്ഞു.
2018 ലെ യുജിസി റെഗുലേഷൻ വകുപ്പ് 6.3 പ്രകാരം സർവ്വീസിൽ തുടരുന്നവരെ മാത്രമേ പ്രഫസർ പദവിക്ക് പരിഗണിക്കാൻ പാടുള്ളൂ. എന്നാൽ വിരമിച്ച കോളേജ് അദ്ധ്യാപകർക്കും പ്രഫസർ പദവി അനുവദിക്കാൻ യുജിസി ചട്ടങ്ങൾ ലംഘിച്ച് കാലിക്കറ്റ് സർവ്വകലാശാല തീരുമാനം എടുത്തു. ഇതിനായി യുജിസി ചട്ടങ്ങൾ ഭേദഗതി ചെയ്ത് വൈസ് ചാൻസിലർ ഉത്തരവിറക്കിയിരുന്നു.
മന്ത്രി ബിന്ദു കാലിക്കറ്റ് സർവ്വകലാശാലക്ക് കീഴിലെ തൃശൂർ കേരള വർമ്മ കോളേജിലെ അദ്ധ്യാപികയായിരുന്നു. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിഞ്ഞ മാർച്ചിൽ സ്വയം വിരമിച്ചു. മന്ത്രി ബിന്ദുവിന് മുൻകാല പ്രാബല്യത്തിൽ പ്രൊഫസർ പദവി അനുവദിക്കാനാണ് സർവ്വകലാശാലയുടെ ഈ തീരുമാനം എന്നാണ് ആരോപണം.
പ്രൊഫസർ പദവി വെച്ച് ബിന്ദു തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതും ബാലറ്റ് പേപ്പറിൽ പ്രൊഫസർ എന്ന് രേഖപ്പെടുത്തിയതും വിവാദമായിരുന്നു. ഇത് ചോദ്യം ചെയ്ത് എതിർസ്ഥാനാർത്ഥി തോമസ് ഉണ്ണിയാടൻ ഹൈക്കോടതിയിൽ കേസും നൽകിയിട്ടുണ്ട്. അത് ദുർബലപ്പെടുത്താൻ കൂടിയാണ് സർവ്വകലാശാലയുടെ ഇപ്പോഴത്തെ നീക്കമെന്നും ആക്ഷേപമുണ്ട്. പ്രഫസർ ബിന്ദു എന്ന പേരിൽ മന്ത്രി സത്യപ്രതിജ്ഞ ചെയ്തത് വിവാദമായതോടെ പ്രഫസർ പദവി പിൻവലിച്ച് കഴിഞ്ഞ ജൂൺ 8 ന് അസാധാരണ ഗസറ്റ് വിജ്ഞാപനം ഇറക്കിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ