മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ യൂത്ത് കോൺഗ്രസ് നടത്തിവരുന്ന ലാസ്റ്റ് ഗ്രേഡ് നിയമനസമരം പുതിയ കോൺഗ്രസ്-ലീഗ് പൊട്ടിത്തെറിയിലേക്ക്. കഴിഞ്ഞ പതിനൊന്ന് വർഷമായി പ്യൂൺ, വാച്ച്മാൻ തസ്തികകളിലേക്കുള്ള നിയമനം തീരുമാനമാകാതെ കിടക്കുന്ന സാഹചര്യത്തിലായിരുന്നു നിയമനം നടത്തണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാവ് നിരാഹാര സമരവുമായി രംഗത്തെത്തിയത്. എന്നാൽ നിയമനത്തെ എതിർത്ത് ലീഗ് സിന്റിക്കേറ്റ് അംഗങ്ങൾ രംഗത്ത് വന്നതോടെ കോൺഗ്രസിൽ നിന്നുള്ള കടുത്ത പ്രതിഷേധത്തിനും മുറുമുറുപ്പിനും ഇടയായി. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഉലഞ്ഞുനിന്ന മലപ്പുറത്തെ ലീഗ്- കോൺഗ്രസ് ബന്ധം തുന്നിച്ചേർക്കുന്ന നടപടികൾ ജില്ലാ, സംസ്ഥാന യുഡിഎഫ് നേതാക്കൾ ഇടപെട്ട് നടത്തി വരികയാണ്. ഇതിനിടെയാണ് കാലിക്കറ്റ് വാഴ്‌സിറ്റിയിലെ നിയമനം പുതിയ പൊട്ടിത്തെറിക്ക് വഴിവച്ചിരിക്കുന്നത്.

ലാസ്റ്റ് ഗ്രേഡ് നിയമനം നടത്തുന്നത് വരെ അനിശ്ചിതകാല നിരാഹാര സമരം തുടരാനാണ് യൂത്ത് കോൺഗ്രസിന്റെ തീരുമാനം. മലപ്പുറം പാർലമെന്റ് മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റും സംസ്ഥാന യുവജന ക്ഷേമ ബോർഡ് അംഗവുമായ റിയാസ് മുക്കോളിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന നിരാഹാര സമരം ഇന്ന് ഏഴാം ദിവസത്തിലേക്ക് എത്തിയിരിക്കുകയാണ്. റിയാസിനൊപ്പം നിരാഹാരമിരുന്ന വൈസ് പ്രസിഡന്റ് പി.നിധീഷിന്റെ  ആരോഗ്യ നില മോശമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് വള്ളിക്കുന്ന് മണ്ഡലം പ്രസിഡന്റ് എസ്.വിനായകും ഇപ്പോൾ നിരാഹാരം തുടരുന്നുണ്ട്.

ജില്ലാ കെ.എസ്.യു കമ്മിറ്റിയും ഇന്ന് സമരത്തിന് ഐക്യദാർഢ്യവുമായി സമരപ്പന്തലിൽ ഉപവാസമിരിക്കും. വൈസ് ചാൻസിലറുമായും സിന്റിക്കേറ്റിലും സമരക്കാർ ചർച്ച നടത്തിയെങ്കിലും ഇതുവരെയും തീരുമാനമായില്ല. സിന്റിക്കേറ്റിലെ ലീഗ്, സിപിഐ(എം) അംഗങ്ങൾ നിയമനത്തിന് പരസ്യമായി എതിർപ്പ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സിന്റിക്കേറ്റിനെ യൂത്ത് കോൺഗ്രസ് ഉപരോധിച്ചതോടെ നിയമനം സംബന്ധിച്ച് അഡ്വ.ജനറലിന് നിയമോപദേശം തേടാൻ വിട്ടിരുന്നു. സർക്കാറിന്റെ കാലാവധി തീരും മുമ്പ് നിയമന ഉത്തരവ് വാങ്ങാനുള്ള ശ്രമത്തിലാണ് യൂത്ത് കോൺഗ്രസ്. എന്നാൽ ലീഗ് നേതാക്കൾ ഇതിനെതിരെ തുരംങ്കം വച്ചതാണ് കോൺഗ്രസിനെ ചൊടിപ്പിച്ചിരിക്കുന്നത്.

കാലിക്കറ്റ് സർവകലാശാല 2005 ൽ ആയിരുന്നു ലാസ്റ്റ്‌ഗ്രേഡ് നിയമനത്തിനുള്ള പരീക്ഷയും തുടർനടപടിയും നടത്തിയത്. 350ഓളം ഉദ്യോഗാർത്ഥികൾ അന്ന് യോഗ്യത നേടി ലിസ്റ്റിൽ ഇടം പിടിച്ചിരുന്നു. ഉദ്യോഗാർത്ഥികൾക്കെല്ലാം ഇന്ന് പതിനൊന്ന് വസ്സുകൂടി വർധിച്ചു. എന്നാൽ ഇന്നും കാലിക്കറ്റിൽ ലാസ്റ്റ്‌ഗ്രേഡ് തസ്തികകൾ ഒഴിഞ്ഞു തന്നെ കിടക്കുകയാണ്. അതേസമയം യൂണിവേഴ്‌സിറ്റി നടത്തുന്ന മറ്റു തസ്തികകളിലേക്കെലല്ലാം ഇതിനിടെ നിയമനങ്ങൾ നടന്നു കഴിഞ്ഞു.

ഏറ്റവും ഒടുവിൽ കോഴ ആരോപണത്തെ തുടർന്ന് നിർത്തി വച്ച അസിസ്റ്റന്റ് നിയമനവും ഇപ്പോൾ പൂർത്തിയാക്കി. എന്നാൽ ലാസ്റ്റ്‌ഗ്രേഡ് നിയമനം തടയുന്നതിനു പിന്നിൽ ലീഗുകാരാണെന്ന ആക്ഷേപവുമയി കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ്. ലീഗുകാരെ തിരുകിക്കയറ്റുകയാണ് ഇതുവരെയുള്ള നിയമനങ്ങളിലൂടെ നടത്തിയതെന്നും ഇതിലൂടെ അത് സാധിക്കാത്തതാണ് ലീഗിനെ ചൊടിപ്പിച്ചിരിക്കുന്നതെന്ന് സമരക്കാർ ആരോപിച്ചു.

എ, ഐ ഗ്രൂപ്പുകളുടെ പിന്തുണയോടുകൂടിയാണ് യൂണിവേഴ്‌സിറ്റി ഭരണ കാര്യാലയത്തിനു മുന്നിൽ സമരം നടന്നു വരുന്നത്. നിയമന സമരത്തോടെ ലീഗ്- കോൺഗ്രസ് പ്രശ്‌നം വീണ്ടും ഉടലെടുത്തിരിക്കുകയാണ്. പലയിടത്തും ലീഗിനെതിരെ പരസ്യ ബോർഡുകളും പോസ്റ്ററുകളും നിരന്നു കഴിഞ്ഞിട്ടുണ്ട്. യൂണിവേഴ്‌സിറ്റി നിയമനം പി.എസ്.സിക്ക് വിടണമെന്ന പുതിയ ഉത്തരവ് നടപ്പിൽ വരുന്നതിനു മുമ്പായി നിയമനം നടത്തണമെന്നാണ് സമരക്കാരുടെ ആവശ്യം. അതേസമയം വിഷയത്തിൽ തീർപ്പു കൽപ്പിക്കുന്നതിനായി ജില്ലയിലെ മുതർന്ന കോൺഗ്രസ് നേതാക്കളും മന്ത്രിമാരും ഇടപെട്ട് ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

പ്രശ്‌നത്തിന് പരിഹാരമായില്ലെങ്കിൽ സർക്കാറിന്റെ അവസാന കാലയളവിൽ വിദ്യാഭ്യാസ വകുപ്പിനെതിരെ ശക്തമായ സമരം നടത്തുമെന്നാണ് യൂത്ത് കോൺഗ്രസ് വ്യക്തമാക്കുന്നത്. ലാസ്റ്റ് ഗ്രേഡ് നിയമനം നടപ്പാക്കും വരെ നിരാഹാര സമരം തുടരുമെന്നും ആശുപത്രിയിലേക്ക് മാറ്റിയാലും സമരം അവിടെയും തുടരാനാണ് തീരുമാനമെന്നും റിയാസ് മുക്കോളി മറുനാടൻ മലയാളിയോടു പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ലീഗ്-കോൺഗ്രസ് ബന്ധം വഷളാകുന്നത് യൂ.ഡി.എഫ് നേതൃത്വത്തിന് തലവേദനയായിരിക്കുകയാണ്.