- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർവ്വകലാശാലകളിലെ സംവരണ വിരുദ്ധ നിലപാടുകൾക്കെതിരെ ലേഖനമെഴുതി; ചരിത്ര വിഭാഗം അദ്ധ്യാപകൻ ഡോ. കെ എസ് മാധവനെതിരെ കാലിക്കറ്റ് സർവ്വകലാശാലയുടെ കാരണം കാണിക്കൽ നോട്ടീസ്; ഒരാഴ്ച്ചക്കകം വിശദീകരണം നൽകണം; വിവാദ തീരുമാനത്തിനെതിരെ സൈബർ ഇടത്തിൽ പ്രതിഷേധം ശക്തം
കോഴിക്കോട്: രാജ്യത്തെ സർവ്വകലാശാലകളിൽ നടക്കുന്ന സംവരണ വിരുദ്ധ നിലപാടുകൾക്കെതിരെ ലേഖനമെഴുതിയതിന്റെ പേരിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ചരിത്ര വിഭാഗം അദ്ധ്യാപകനെതിരെ കാരണം കാണിക്കൽ നോട്ടീസ്. കാലിക്കറ്റ് യൂണിവേഴ്സിറ്റി ചരിത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസറും പ്രഭാഷകനുമായ ഡോ കെഎസ് മധവനോടാണ് ഒരാഴ്ചക്കകം വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇടതുസിന്റിക്കേറ്റ് നോട്ടീസ് നൽകിയിരിക്കുന്നത്.
ഏപ്രിൽ 21ന് മാധ്യമം ദിനപത്രത്തിന്റെ എഡിറ്റോറിയൽ പേജിൽ ഇടതുപക്ഷ ചിന്തകനായ പ്രൊഫ. പികെ പോക്കറുമായി ചേർന്ന് സർവ്വകലാശാലകളിൽ നിറഞ്ഞാടുന്ന സംവരണ വിരുദ്ധ മാഫിയ എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിനെതിരെയാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി സിന്റിക്കേറ്റ് നോട്ടീസ് നൽകിയിരിക്കുന്നത്. സർവകലാശാലയുടെ സൽപ്പേര് കളങ്കപ്പെടുത്തിയതിനാൽ കേരള സർവീസ് റൂളിലെ വിവിധ വകുപ്പുകളനുസരിച്ച് നടപടിയെടുക്കാതിരിക്കാൻ കാരണം ബോധിപ്പിക്കണമെന്നാണ് നോട്ടീസിലുള്ളത്.
രാജ്യത്തെ സർവകലാശാലകൾ ജാതിവിവേചനം നടത്തുന്ന വരേണ്യ കേന്ദ്രങ്ങളാണെന്നും ദലിത്, ആദിവാസി വിഭാഗങ്ങളോടും മുസ്ലിം ന്യൂനപക്ഷങ്ങളോടും പുറംതള്ളൽ സമീപനമാണ് സ്വീകരിക്കുന്നത് എന്നും മാധ്യമം ദിനപത്രത്തിൽ എഴുതിയ ലേഖനത്തിൽ പറയുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലടക്കം അദ്ധ്യാപക നിയമനത്തിൽ സംവരണം അട്ടിമറിക്കപ്പെടുന്നതായി വിവിധ കോണുകളിൽ നിന്ന് ആക്ഷേപം ഉയരുന്ന സാഹചര്യത്തിലാണ് യൂണിവേഴ്സിറ്റിയിലെ തന്നെ അദ്ധ്യാപകനായ കെഎസ് മാധവൻ സംവരണ വിരുദ്ധതെക്കെതിരെ ലേഖനമെഴുതിയതും യൂണിവേഴ്സിറ്റി ലേഖനത്തിനെതിരെ നടപടിക്കൊരുങ്ങുന്നതും.
കാലിക്കറ്റ് സർവ്വകലാശാലയിൽ സംവരണം അട്ടമറിക്കെപ്പടുന്നതിനെ കുറിച്ച് ദേശീയ പട്ടികജാതി കമീഷൻ വിശദീകരണം തേടിയിരിക്കുകയാണ് എന്ന് ലേഖനത്തിൽ പരമാർശിച്ചിരുന്നു.സംവരണ അട്ടിമറിക്കെതിരെ ജുഡീഷ്യൽ അന്വേഷണം വേണമെന്നും ലേഖനത്തിൽ ആവശ്യപ്പെടുന്നുണ്ട്. ഇതാണ് നോട്ടീസിന് കാരണമായിരിക്കുന്നത്.
അതേ സമയം സത്യവിരുദ്ധമായതൊന്നും ലേഖനത്തിൽ എഴുതിയിട്ടില്ലെന്ന് കെഎസ് മാധവൻ പറഞ്ഞു. വർഷങ്ങളായി സാമൂഹിക നീതിക്കായി എഴുതുകയും പറയുകയും ചെയ്യുന്നത് തന്നെയാണ് ലേഖനത്തിലുമുള്ളത്.സംവരണം സുതാര്യമായി നടപ്പാക്കുകയെന്നത് സർക്കാർ നയമാണ്.
രാജ്യത്തെ സർവ്വകലാശാലകളിൽ സംവരണ അട്ടിമറി വർഷങ്ങളായി നടക്കുന്നുണ്ട്. താനും സഹ എഴുത്തുകാരനായ പികെ പോക്കറും വർഷങ്ങളായി പഠിക്കുന്ന കാര്യങ്ങളാണ് ലേഖനത്തിൽ എഴുതിയിട്ടുള്ളത്. സർവകലാശാലക്ക് കളങ്കമുണ്ടാക്കുന്നതൊന്നും എഴുതിയിട്ടില്ല. തെറ്റു തിരുത്താനുള്ള മാർഗ്ഗങ്ങളാണ് ലേഖനത്തിലുള്ളതെന്നും കെ.എസ്. മാധവൻ പറഞ്ഞു. കെഎസ് മാധവന് പിന്തുണയുമായി പ്രൊഫ. പികെ പോക്കറും രംഗത്തെത്തി. കെ.എസ്. മാധവനെതിരായ നടപടി കാലിക്കറ്റ് സർവകലാശാല നിർത്തിവെക്കണമെന്ന് ഡോ. പി.കെ. പോക്കർ ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
ഡോ.പി കെ പോക്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
ഡോ. കെ.എസ്. മാധവനെതിരായ പ്രതികാര നടപടി നിർത്തിവെക്കുക. ചരിത്രകാരനും ദളിത് കീഴാള പഠന വിദഗ്ധനുമായ ഡോ. കെ. എസ്. മാധവന് (ചരിത്ര വിഭാഗം അസ്സോസിയേറ്റ് പ്രൊഫസർ) നൽകിയ മെമോ കാലിക്കറ്റ് സർവകലാശാല പിൻവലിക്കണം. ഡോ. കെ.എസ്. മാധവൻ ഇന്ന് കേരളത്തിലെ അറിയപ്പെടുന്ന സാംസ്കാരിക പ്രവർത്തകനും, എഴുത്തുകാരനും, പ്രഭാഷകനുമാണ്. മാധവനും ഞാനും ചേർന്ന് മാധ്യമം ദിനപത്രത്തിൽ ഇന്ത്യയിലും കേരളത്തിലും നടക്കുന്ന സംവരണ അട്ടിമറികൾ അന്വേഷിച്ചു നടപടിയെടുക്കണമെന്നു ലേഖനം എഴുതിയിരുന്നു. (ഏപ്രിൽ 21) സർവകലാശാലകളിൽ കാലാകാലമായി നിലനിൽക്കുന്ന കീഴാള വിരുദ്ധതയെ കുറിച്ച് ഞങ്ങൾ രണ്ടു പേരും വളരെക്കാലമായി നടത്തി വരുന്ന പഠനങ്ങളുടെയും പ്രവർത്തനത്തിന്റെയും തുടർച്ചയാണ് ആ ലേഖനവും.
ഉൾകൊള്ളൽ വിദ്യാഭ്യാസത്തിന്റെ അനിവാര്യതയും ഭരണഘടനപരവും നിയമപരവുമായ അവകാശ സംരക്ഷണത്തിന്റെ അനിവാര്യതയും ജനങ്ങളെ ബോധ്യപ്പെടുത്തിയാണ് സാമൂഹിക നീതി ഉറപ്പാക്കേണ്ടത്. ജെ.എൻ.യുവിലെ അദ്ധ്യാപകർ സർവകലാശാലയെ വിമർശിക്കുന്ന ലേഖനങ്ങൾ എഴുതി പ്രസിദ്ധീകരിക്കുകയും അവയെല്ലാം ചേർത്ത് പുസ്തകം ആക്കി പ്രസിദ്ധീകരിക്കുകയും ചെയ്തത് അടുത്ത കാലത്താണ്. അമേരിക്കൻ മിലിട്ടറിയുടെ ഗവേഷണം കൂടി നടക്കുന്ന എം.ഐ.ടി സർവകലാശാലയിൽ പ്രൊഫസർ ആയി ഇരുന്നു കൊണ്ടാണ് ചോംസ്കി അമേരിക്കയുടെ വംശീയവും അധിനിവേശപരവുമായ തെറ്റായ നയങ്ങൾ വിമർശിച്ചത്.
അങ്ങിനെ മാത്രമാണ് ചരിത്രം മുന്നേറിയിട്ടുള്ളത്. ഇന്ത്യയിലും ലോകത്തും അക്കാദമിക പ്രവർത്തകർ സാമൂഹിക നീതിക്കും, ഉൾകൊള്ളൽ നയത്തിനും വേണ്ടി പ്രവർത്തിക്കുമ്പോൾ കേരളം പോലുള്ള ഒരു സംസ്ഥാനത്ത് എഴുത്തിന്റെ പേരിൽ പ്രതികാരനടപടി തുടങ്ങിയത് ലജ്ജാകരമാണ്. അടിയന്തിരമായി ഈ മെമോ പിൻവലിക്കുകയും തെറ്റുകൾ അവർത്തിക്കാതിരിക്കുകയും ചെയ്യാൻ ബന്ധപ്പെട്ടവർ വിവേകം കാണിക്കണം.