- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാലിക്കറ്റിനെ നയിക്കാൻ മോദി അനുയായി എത്തും? യുജിസി മാനദണ്ഡം എല്ലാം തുലച്ചെന്ന തിരിച്ചറിവിൽ മുസ്ലിം ലീഗ്; വൈസ് ചാൻസലറെ ഗവർണ്ണർക്ക് നിശ്ചയിക്കാൻ നിലപാട് എടുത്തത് ഉദ്യോഗസ്ഥ ലോബിയോ?
തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാല വൈസ്ചാൻസലർ നിയമനം നഷ്ടമാകുമെന്ന് മുസ്ലിംലീഗ് ഏതാണ്ട് ഉറപ്പിച്ചു. മുസ്ലിം ലീഗിനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല. ഇടതു പക്ഷം അധികാരത്തിലുള്ളപ്പോൾ പോലും കാലിക്കറ്റിൽ തങ്ങളുടെ വിസി വരണമെന്ന് ലീഗ് ആഗ്രഹിക്കുകയാണ് പതിവ്. അധികാരത്തിൽ ഇരിക്കുമ്പോൾ അത് നടപ്പാക്കും. എന്നാൽ ഗവർണ്ണർ പി സദാശിവം എത്ത
തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാല വൈസ്ചാൻസലർ നിയമനം നഷ്ടമാകുമെന്ന് മുസ്ലിംലീഗ് ഏതാണ്ട് ഉറപ്പിച്ചു. മുസ്ലിം ലീഗിനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല. ഇടതു പക്ഷം അധികാരത്തിലുള്ളപ്പോൾ പോലും കാലിക്കറ്റിൽ തങ്ങളുടെ വിസി വരണമെന്ന് ലീഗ് ആഗ്രഹിക്കുകയാണ് പതിവ്. അധികാരത്തിൽ ഇരിക്കുമ്പോൾ അത് നടപ്പാക്കും. എന്നാൽ ഗവർണ്ണർ പി സദാശിവം എത്തിയതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. ഇതിനൊപ്പം ഉദ്യോഗസ്ഥരും കളം മാറി ചവിട്ടയതോടെ എല്ലാം അതാളത്തിലായി. കാലിക്കറ്റിന്റെ അടുത്ത വിസി ആരാകുമെന്ന് ലീഗിന് ഉറപ്പിക്കാൻ കഴിയില്ല. മൂന്ന് പേരുടെ പട്ടിക ഗവർണ്ണർക്ക് കൊടുത്താൽ ആരെ തെരഞ്ഞെടുക്കുമെന്ന് അദ്ദേഹത്തിന് മാത്രമേ പറയനാകൂ. എങ്ങനേയും എത് മറികടക്കാനുള്ള വഴികൾ ആരായുകയാണ് മുസ്ലിംലീഗ്. മുസ്ലിം ലീഗിനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല. അതുകൊണ്ട് തന്നെ കാലിക്കറ്റിലെ വിസി പദവി നഷ്ടമാകുന്നത് അവർക്ക് ആലോചിക്കാൻ പോലും കഴിയുന്നില്ല.
പാർട്ടി നോമിനിക്കായി നീക്കിവച്ച പദവിയിലേക്കുള്ള നിയമനത്തിന് യുജിസി യോഗ്യത നിർബന്ധമാക്കിയ ഉദ്യോഗസ്ഥതല നീക്കമാണ് ലീഗിനെ വെട്ടിലാക്കിയത്. ഗവർണ്ണർ സദാശിവത്തിന്റെ മനസ്സ് അറിഞ്ഞായിരുന്നു ഈ കള്ളക്കളി. ഇതര സർവകലാശാലകളിലെ വി സി നിയമനങ്ങളിലൊന്നും കൊണ്ടുവരാതിരുന്ന യുജിസി മാർഗരേഖ കാലിക്കറ്റിന്റെ കാര്യത്തിൽ മാത്രം നടപ്പാക്കി. ഉദ്യോഗസ്ഥ ലോബി ലീഗ് മന്ത്രിമാരുടെ വകുപ്പുകളിൽ, പ്രത്യേകിച്ച് വിദ്യാഭ്യാസ വകുപ്പിൽ നടത്തുന്ന ഇടപെടൽ സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ്തങ്ങളെ ക്ഷുഭിതനാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടാൻ പാർട്ടി നിയമസഭാകക്ഷി നേതാവ് കൂടിയായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് നിർദ്ദേശം നൽകിയതായാണ് സൂചന. എന്നാൽ കാലിക്കറ്റ് വിസി പ്രശ്‌നത്തിൽ ഒന്നും ചെയ്യാൻ കഴിയില്ലെന്ന തിരിച്ചറിവ് കുഞ്ഞാലിക്കുട്ടിക്കുണ്ട്.
കാലിക്കറ്റ് വാഴ്‌സിറ്റിയിൽ പുതിയ വൈസ് ചാൻസലറെ തിരഞ്ഞെടുക്കുന്നതിനുള്ള സെർച്ച് കമ്മിറ്റി ലിസ്റ്റ് പ്രഖ്യാപിച്ചപ്പോഴും കള്ളക്കളി ലീഗിന് ബോധ്യപ്പെട്ടിരുന്നു. സംസ്ഥാന ചീഫ് സെക്രട്ടറി ജിജി തോംസൺ, കാലിക്കറ്റ് സർവകലാശാല സെനറ്റ് പ്രതിനിധി പ്രഫ. സയ്യിദ് ആബിദ് ഹുസയ്ൻ തങ്ങൾ, ഗുജറാത്ത് സർവകലാശാല വൈസ് ചാൻസലറും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത അനുയായിയുമായ ബാരി എന്നിവരാണ് സെർച്ച് കമ്മിറ്റി ലിസ്റ്റിലുള്ളത്. യുജിസിയുടെ പ്രതിനിധിയായാണ് ബാരി കമ്മറ്റിയിലെത്തുന്നത്. സംസ്ഥാന സർക്കാരിനോടല്ല കേന്ദ്രത്തോടാണ് അദ്ദേഹത്തിന്റെ കൂറ്. അതുകൊണ്ട് തന്നെ വിസിയാകാനുള്ളവരുടെ പരിഗണനാ പട്ടികയിൽ ഒരു ബിജെപിക്കാരനും കടന്നു കൂടുമെന്ന് ലീഗിന് സംശയമുണ്ട്. ഈ ബിജെപിക്കാരനെ ഗവർണ്ണർ നിയമിച്ചാൽ പിന്നെ ഒന്നും ചെയ്യാൻ കഴിയില്ല.
മൂന്നു മാസത്തിനുള്ളിൽ യോഗം ചേർന്ന് വി സി. സ്ഥാനത്തേക്കുള്ള പേരുകൾ നൽകണമെന്നാണു ചാൻസലർ നിർദ്ദേശിച്ചിട്ടുള്ളത്. കാലിക്കറ്റ് മുൻ വൈസ് ചാൻസലറും ലീഗ് നോമിനിയുമായിരുന്ന ഇഖ്ബാൽ ഹുസയ്‌നെ യുജിസി. പ്രതിനിധിയായി സെർച്ച് കമ്മിറ്റിയിലേക്കു നൽകണമെന്ന് ലീഗും സംസ്ഥാന സർക്കാരും ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം തള്ളിയാണ് മോദി അനുയായിയായ ബാരിയെ കേന്ദ്രസർക്കാരിന്റെ അറിവോടെ യുജിസി. പ്രതിനിധിയായി സെർച്ച് കമ്മിറ്റിയിലേക്ക് നൽകിയിരിക്കുന്നത്. ഇതിന് പിന്നിൽ വ്യക്തമായ കള്ളക്കളിയുണ്ടെന്ന് സൂചനയുണ്ട്. കാലിക്കറ്റ് വി സി. സ്ഥാനത്തേക്ക് ബിജെപി. നോമിനിയെ നിയമിക്കുന്നതിന് ഗവർണറുടെ മേൽ പാർട്ടിയുടെയും കേന്ദ്രസർക്കാരിന്റെയും സമ്മർദ്ദമുണ്ട്. ദേശീയതലത്തിൽ ബിജെപിയെ അംഗീകരിക്കുന്ന മുസ്‌ലിം പേരുള്ള വ്യക്തിയെ കാലിക്കറ്റ് വി സി. സ്ഥാനത്തേക്കു കൊണ്ടുവരണമെന്നാണ് ബിജെപി. കേരള നേതൃത്വം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
കേരളത്തിൽനിന്ന് വി സി സ്ഥാനത്തേക്ക് പാർട്ടി പരിഗണിച്ചവരിൽ മുൻപന്തിയിലുള്ള ചിലർക്ക് യുജിസി നിഷ്‌കർഷിച്ച യോഗ്യത ഇല്ലാത്തതാണ് പ്രധാന പ്രശ്‌നം. കേരള സർവകലാശാലാ രജിസ്റ്റ്രാർ ഡോ. മുഹമ്മദ് ബഷീർ, എംജി സർവകലാശാലാ പ്രോ വൈസ് ചാൻസലർ ഡോ. ഷീന ഷുക്കൂർ, ഉന്നത വിദ്യാഭ്യാസ കൗൺസിൽ മെംബർ സെക്രട്ടറി ഡോ. പി. അൻവർ എന്നിവരെയാണു കാലിക്കറ്റ് വൈസ്ചാൻസലർ പദവിയിലേക്കു സജീവമായി പരിഗണിക്കുന്നത്. യുജിസി മാനദണ്ഡങ്ങളനുസരിച്ചു യോഗ്യത നേടാനിടയുള്ളത് ഇതിൽ ഒരാൾ മാത്രമാണ്. ഇതോടെ കേരളത്തിൽനിന്നുള്ളവർക്കൊപ്പം ഡൽഹി ജെ.എൻ.യുവിലെയും ജാമിഅ മില്ലിയയിലെയും രണ്ട് പേരുകൾ കൂടി പരിഗണിക്കുന്നുണ്ട്. ജെ.എൻ.യുവിൽനിന്ന് ഡോ.എ.കെ. പാഷ, ജാമിഅയിൽനിന്ന് ഡോ. നവേദ് ഇഖ്ബാൽ എന്നിവരുടെ പേരുകളാണ് ലീഗ് മുന്നോട്ട് വയ്ക്കുന്നത്. എന്നാൽ എല്ലാത്തിലും തീരുമാനം എടുക്കുക ഗവർണ്ണറായിരിക്കും. വിവാദങ്ങളെ തുടർന്ന് എംജി സർവ്വകലാശാല പ്രോ വൈസ് ചാൻസലർ ഷീനാ ഷുക്കൂറിനെ കൈവിടേണ്ട അവസ്ഥയും ഉണ്ട്.
വൈസ് ചാൻസലർ പദവിയിലേക്ക് പരിഗണിക്കുന്നവർക്കു നിശ്ചിത യോഗ്യത ഉറപ്പു വരുത്തണമെന്നാവശ്യപ്പെട്ടു കൊണ്ട് യുജിസി, ഗവർണർക്കു കത്തു നൽകിയതോടെ വിസി സ്ഥാനത്തേക്ക് ആരെ നിർദ്ദേശിക്കുമെന്നറിയാതെ ലീഗ് അനിശ്ചിതത്വത്തിലേക്ക് കാര്യങ്ങളെത്തി. സാധാരണ മൂന്ന് പേരുകാരെ സർക്കാർ നിശ്ചയിക്കും. അതിലൊരാളെ ഗവർണ്ണർ തീരുമാനിക്കും. എന്നാൽ ഇത്തവണ തരുന്ന പേരുകൾ ഒരേ സമുദായ അംഗങ്ങൾ ആകരുതെന്നാണ് ഗവർണ്ണറുടെ നിർദ്ദേശം. യുജിസിയുടെ നിർദ്ദേശം വന്നതിന് പിന്നിൽ ഗവർണ്ണറുടേയും ഉദ്യോഗസ്ഥ ലോബിയുടേയും കൈകടത്തലുണ്ടെന്നാണ് ലീഗ് വിലയിരുത്തൽ. വെസ് ചാൻസലർ ആകാൻ 10 വർഷത്തെ പ്രഫസർ പദവിയോ തത്തുല്യ യോഗ്യതയോ വേണമെന്നാണു യുജിസി നിബന്ധന. എന്നാൽ കേരളത്തിലെ സർവകലാശാലകളുടെ നിയമത്തിൽ ഇത് ഉൾപ്പെടുത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ ഈ വ്യവസ്ഥ ബാധകമല്ല എന്ന രീതിയിലാണു സർക്കാർ, വിസി പദവിയിലേക്കു പലപേരുകളും നിർദ്ദേശിക്കുന്നതും നിയമനം ഗവർണറെക്കൊണ്ട് അംഗീകരിപ്പിക്കുന്നതും. ഇതേ രീതിയിലൂടെ തന്നെയാണ് നേരത്തെ ഡോ: അബ്ദുൽ സലാമിനെ കാലിക്കറ്റ് വിസിയാക്കിയത്. എന്നാൽ ഇനി അത് നടക്കില്ലെന്നാണ് രാജ്ഭവൻ നൽകുന്ന സൂചന.
കാലിക്കറ്റ് സർവകശാല വൈസ് ചാൻസലർ നിയമനം ഭരണത്തിലുള്ള ഒരു കാലത്തും മുസ്ലിം ലീഗിനെ കുഴക്കുന്ന കാര്യമായിരുന്നില്ല. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിച്ചാൽ ലീഗിന്റെ സ്വന്തം ആൾക്കാരെ ഒരു മാനദണ്ഡവും നോക്കാതെ വൈസ് ചാൻസലർ പദവിയിലേക്കെത്തിക്കാം എന്നനിലയായിരുന്നു ഉണ്ടായിരുന്നത്. ഇതിനാണ് വിരാമമാകുന്നത്.