ബ്രെക്‌സിറ്റ് ബ്രിട്ടീഷ് ജനതയുടെ നിശ്ചയദാർഢ്യത്തിന് തെളിവാണെന്ന് പ്രഖ്യാപിച്ച ഡൊണാൾഡ് ട്രംപിന് സ്വന്തം രാജ്യത്തുനിന്ന് സമാനമായ ഭീഷണി നേരിടേണ്ടിവരുമോ? ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായതിന്റെ പേരിൽ പ്രതിഷേധ പ്രകടനങ്ങളേറെക്കണ്ട കാലിഫോർണിയയിലാണ് റഫറണ്ടത്തിനുള്ള സാധ്യതകൾ ഉയർന്നുവരുന്നത്. കാളെക്‌സിറ്റ് എന്ന് ഇതിനകം പ്രശസ്തിയാർജിച്ച റഫറണ്ടം ട്രംപിന് വലിയ തലവേദനയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

സ്വതന്ത്ര രാജ്യമാകണമെന്ന നിവേദനം കാലിഫോർണിയയിലെ സ്‌റ്റേറ്റ് സെക്രട്ടറിയുടെ ഓഫീസിൽ എത്തിക്കഴിഞ്ഞു. ഈ നിവേദനം അംഗീകരിക്കപ്പെടുകയാണെങ്കിൽ അത് റഫറണ്ടത്തിന് വഴിതെളിക്കും. അമേരിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ കാലിഫോർണിയയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ശബ്ദമുയർത്തുന്നത് യെസ് കാലിഫോർണിയ ഇൻഡിപ്പെൻഡൻസ് കാമ്പെയിൻ എന്ന സംഘടനയാണ്. ഭരണഘടനാ ഭേദഗതിയിലൂടെ കാലിഫോർണിയക്ക് പരമാധികാരം നൽകണമെന്നാണ് അവർ ആവശ്യപ്പെടുന്നത്.

പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് ഏറ്റവും കൂടുതൽ എതിർപ്പ് നേരിട്ടത് കാലിഫോർണിയയിലാണ്. തിരഞ്ഞെടുപ്പിൽ 61 ശതമാനം പേരും വോട്ട് ചെയ്തത് ഹിലാരി ക്ലിന്റണിന് അനുകൂലമായാണ്. കാലിഫോർണിയ നേഷൻഹുഡ് എന്ന് പേരിട്ടിട്ടുള്ള ഭരണഘടനാ ഭേദഗതിയിലൂടെ അമേരിക്കൻ ഭരണഘടനയുടെ പരാമാധികാരം ചോദ്യം ചെയ്യുന്നതിനാണ് ഹിതപരിശോധനയിലൂടെ ഉദ്ദേശിക്കുന്നത്.

ഭരണഘടനാ ഭേദഗതി അംഗീകരിക്കുകയാണെങ്കിൽ, 2019 മാർച്ചിൽ ഹിതപരിശോധനയ്ക്ക് കളമൊരുങ്ങും. ഇതിനുവേണ്ടത് കാലിഫോർണിയയിലെ 50 ശതമാനം വോട്ടർമാർ അനുകൂലമായി വോട്ടുചെയ്യണം. 55 ശതമാനം പേർ അനുകൂലമായി വോട്ടുചെയ്യുകയാണെങ്കിൽ കാലിഫോർണിയ സ്വതന്ത്ര രാജ്യമാകുന്നതിനുള്ള നടപടികൾക്ക് തുടക്കമാകും. അങ്ങനെ വന്നാൽ കാലിഫോർണിയ റിപ്പബ്ലിക്കെന്ന പേരിൽ ഐക്യരാഷ്ട്ര സഭയിൽ പുതിയ രാജ്യമായി അതുമാറുകയും ചെയ്യും.