കാലിഫോർണിയ: കാലിഫോർണിയയിൽ നാളെ ശക്തമായ കൊടുങ്കാറ്റ് വീശുമെന്ന് മുന്നറിയിപ്പ്. കൊടുങ്കാറ്റിനൊപ്പം ശക്തമായ പേമാരിയും കനത്ത മഞ്ഞുവീഴ്ചയും പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ആഞ്ഞുവീശുന്ന കാറ്റിൽ വൻ തിരമാലകൾ തീരത്തെ വിഴുങ്ങും. അഞ്ചു വർഷത്തിലെ ഏറ്റവും വലിയ കൊടുങ്കാറ്റായിരിക്കും വീശുന്നതെന്നാണ് നാഷണൽ വെതർ സർവീസ് വ്യക്തമാക്കിയിട്ടുള്ളത്.

നോർത്തേൺ കാലിഫോർണിയയിൽ ഇപ്പോൾ തന്നെ മഴയും കാറ്റും വീശാൻ തുടങ്ങിയിട്ടുണ്ട്. സാൻഫ്രാൻസിസ്‌കോ, ഓക്ക്‌ലാൻഡ്, മാരിൻകൗണ്ടി എന്നീ മേഖലകളിലുള്ള സ്‌കൂളുകൾക്ക് വ്യാഴാഴ്ച മുതൽ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സാൻഫ്രാൻസിസ്‌കോ ഗ്രേറ്റ് ഹൈവേ അടച്ചിട്ടു. ഈ പ്രദേശത്ത് കടലാക്രമണസാധ്യത മുന്നിൽ കണ്ടാണ് ഹൈവേ അടച്ചത്. കനത്ത മഴയും ശക്തമായ കാറ്റും വാഹനഗതാഗതത്തെ തടസപ്പെടുത്തുകയും ചെയ്യും.

ഈ മേഖലകളിൽ മൂന്നു മുതൽ ആറിഞ്ചു വരെ മഴ പെയ്യുമെന്നാണ് പ്രവചനം. ചിലയിടങ്ങളിൽ ഒമ്പത് ഇഞ്ചു വരെ മഴയ്ക്കു സാധ്യതയുണ്ട്. കനത്ത മഴ പെയ്യുമ്പോൾ ജലപാതകൾ, ഡ്രെയ്‌നേജ് സംവിധാനങ്ങൾ എന്നിവ നിറഞ്ഞുകവിഞ്ഞ് മിന്നൽ പ്രളയം ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. സാക്രമെന്റോ മേഖലയിൽ മണിക്കൂറിൽ 60 മൈൽ വേഗത്തിലായിരിക്കും കാറ്റു വീശുക. ക്രിസ്മസ് ആഘോഷങ്ങൾക്കുള്ള അലങ്കാരങ്ങളെല്ലാം തന്നെ അലങ്കോലപ്പെടുമെന്നും പറയപ്പെടുന്നു.

കൊടുങ്കാറ്റിനേയും മിന്നൽ പ്രളയത്തേയും നേരിടുന്നതിനാൽ നിവാസികൾ സാൻഡ്ബാഗുകൾ നിരത്തിയിട്ടുണ്ട്. ആളുകൾ കരുതലോടെ ഇരിക്കണമെന്നും അത്യാവശ്യഘട്ടത്തിലല്ലാതെ പുറത്തിറങ്ങരുതെന്നും കാലാവസ്ഥാ കേന്ദ്രം വെളിപ്പെടുത്തുന്നു.