കാലിഫോർണിയ: 21 വർഷം മുമ്പ് തന്നിൽ നിന്ന് അടർത്തിയെടുത്ത മകനെ നേരിട്ടു കണ്ട മരിയ മാൻസിയയ്ക്ക് സന്തോഷക്കണ്ണീർ അടക്കാനായില്ല. മകന്റെ ഓർമയ്ക്കായി മാൻസിയയ്ക്ക് പക്കലുണ്ടായിരുന്നത് ഒരു ചെറിയ ഫോട്ടോ മാത്രം. ഒന്നര വയസു മാത്രം പ്രായമുണ്ടായിരുന്ന മകനെ പിതാവ് തന്നെ തട്ടിക്കൊണ്ടു പോയ നാൾ മുതൽ ഇന്നുവരെ മാൻസിയയ്ക്ക് കൂട്ടായിരുന്നത് അവനെ കുറിച്ചുള്ള ഓർമകൾ മാത്രമായിരുന്നു.

1995-ലാണ് ഭർത്താവും മെക്‌സിക്കൻ വംശജനുമായ ഹെർണാഡസ് മാൻസിയയുടെ പക്കൽ നിന്ന് മകനെ അടർത്തിയെടുത്തുകൊണ്ടു പോയത്. കാലിഫോർണിയയിലെ റാഞ്ചോ കുകാമോംഗോയിലാണ് ഇവർ അക്കാലത്ത് താമസിച്ചിരുന്നത്. ഇടയ്ക്ക് ദമ്പതികൾ തമ്മിൽ ഉടലെടുത്ത പിണക്കം അവസാനം മകനെയും കൊണ്ട് ഹെർണാഡസ് മെക്‌സിക്കോയിലേക്ക് കടക്കുന്നതിലെത്തി. ഒരു ദിവസം ജോലി കഴിഞ്ഞെത്തിയ മാൻസിയയ്ക്ക് ഭർത്താവിനെയും പതിനെട്ടു മാസം പ്രായമുള്ള മകൻ സ്റ്റീവ് ഹെർണാഡസിയേും കണ്ടെത്താൻ കഴിഞ്ഞില്ല. മകനെ തട്ടിയെടുത്തതിനൊപ്പം തന്നെ വീട്ടിലുള്ള കുടുംബ ഫോട്ടോകളെല്ലാം ഹെർണാഡസ് കൈക്കലാക്കിയിരുന്നു.

മകന്റെ ഒരു ഫോട്ടോ പോലും കൈവശമില്ലാതിരുന്ന മാൻസിയയ്ക്ക് പിന്നീട് ഒരു ബന്ധുവിന്റെ പക്കൽ നിന്നാണ് കുഞ്ഞുസ്റ്റീവിന്റെ ഫോട്ടോ ലഭിച്ചത്. മകനെ നഷ്ടപ്പെട്ട വിവരം ഉടൻ തന്നെ മരിയ പൊലീസിൽ അറിയിച്ചിരുന്നു. ഇക്കാലമത്രയും ഹെർനാഡസിനെ കണ്ടെത്താൻ പൊലീസ് ശ്രമിച്ചു വരികയായിരുന്നു. പല സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചെങ്കിലും ഫലമൊന്നുമുണ്ടായില്ല. കഴിഞ്ഞ ഫെബ്രുവരിയിൽ ഹെർനാഡസ് മെക്സിക്കോയിലുണ്ടെന്ന സൂചന പൊലീസിനു ലഭിച്ചു. ഇതനുസരിച്ച് പൊലീസ് അവിടെ എത്തിയെങ്കിലും ഹെർനാഡസിനെ കണ്ടെത്താനായില്ല.

പക്ഷേ, അദ്ദേഹത്തിന്റെ മകൻ സ്റ്റീവ് അവിടെ താമസിക്കുന്നുണ്ടെന്ന് അറിയാൻ കഴിഞ്ഞു. മരിയയുടെ നഷ്ടപ്പെട്ട മകനാണ് ഇതെന്ന് പൊലീസിനു ബോധ്യമായെങ്കിലും തിടുക്കത്തിൽ കാര്യങ്ങൾ അവതരിപ്പിക്കാതെ ഡി.എൻ.എ പരിശോധന നടത്താൻ തീരുമാനിക്കുകയായിരുന്നു. പിതാവിനെ കണ്ടെത്തുന്നതിനു സഹായകമായ വിവരങ്ങൾക്കു വേണ്ടിയാണെന്നു പറഞ്ഞാണ് സ്റ്റീവിന്റെ രക്തസാമ്പിൾ എടുത്തത്. ഫെർനാഡസ് മരിച്ചോ ജീവനോടെയുണ്ടോ എന്ന കാര്യത്തിൽ ആർക്കും തിട്ടമില്ല. ഡി.എൻ.എ പരിശോധനയിൽ മരിയയുടെ മകനാണെന്ന് സ്റ്റീവ് എന്ന് തെളിഞ്ഞു.

പിന്നീട് മാൻസിയയുടെ അരികിലെത്തി കാര്യങ്ങൾ ബോധിപ്പിക്കുകയായിരുന്നു. സ്റ്റീവ് അമേരിക്കൻ പൗരനായതു കൊണ്ട് ഇവിടേക്കു വരുന്നതിൽ തടസമുണ്ടായിരുന്നില്ല. മാത്രമല്ല, സ്റ്റീവിന്റെ ജനന സർട്ടിഫിക്കറ്റ് മാൻസിയയുടെ കൈവശം തന്നെയായിരുന്നു. അതുകൊണ്ടു തന്നെ വ്യക്തിപരമായ രേഖകൾ ഒന്നുമില്ലാതിരുന്നിട്ടു കൂടി സ്റ്റീവിന് തന്റെ അമ്മയുടെ അടുത്തെത്താൻ ഇമിഗ്രേഷൻ അധികൃതർ വേണ്ടതു ചെയ്തു കൊടുക്കുകയും ചെയ്തു.

അമ്മ തങ്ങളെ ഇരുവരേയും ഉപേക്ഷിച്ച് നാടുവിട്ടു എന്നായിരുന്നു ഹെർണാഡസ് സ്റ്റീവിനെ ധരിപ്പിച്ചിരുന്നത്. എന്നാൽ അച്ഛൻ പറഞ്ഞത് പച്ചക്കള്ളമായിരുന്നുവെന്ന് ഇപ്പോൾ സ്റ്റീവിന് ബോധ്യമായി. 21 വർഷം തനിക്ക് നിഷേധിക്കപ്പെട്ട സ്‌നേഹം ഇനിയും നാളുകളിൽ അനുഭവിക്കാൻ തന്നെയാണ് സ്റ്റീവിന്റെ തീരുമാനം.